ഷെറിൻ ജയിലിലെ സ്ഥിരം പ്രശ്നക്കാരി; മാസങ്ങൾക്കു മുൻപും കേസ്; എന്നിട്ടും ജയിൽ മോചിതയാത് എങ്ങനെ?

ജയിലിലെ സ്ഥിരം പ്രശ്നക്കാരി ആയിരുന്നു ഷെറിൽ. 2010 ലാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിക്കുന്നത്. തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി, അവിടെ നിന്നും നെയ്യാറ്റിൻകര വനിതാ ജയിലിലേക്കും പിന്നീട് വിയ്യൂർ സെൻട്രൽ ജയിലിലേക്കും മാറ്റുകയായിരുന്നു. അവിടെ നിന്നും തിരുവനന്തപുരം വനിതാ ജയിലിലേക്കും മാറ്റി. നെയ്യാറ്റിൻകര ജയിലിൽ അനധികൃതമായി മൊബൈൽ ഫോൺ കൈവശം വച്ചതിനും ഷെറിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയവേ, കുടിവെള്ളം എടുക്കാൻ പോയ വിദേശ വനിതയായ സഹതടവുകാരിയെ ഷെറിൻ മർദ്ദിക്കുകയും ചെയ്തു. അങ്ങനെ, താമസിച്ച ജയിലുകളെല്ലാം ഉദ്യോഗസ്ഥരുമായും സഹതടവുക്കാരുമായും ഷെറിൻ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.
സ്ഥിരം പ്രശ്നക്കാരി ആണെങ്കിലും വി ഐ പി പരിഗണന തന്നെയാണ് ഷെറിന് ജയിലിൽ ലഭിച്ചത്. ഇത് ഒരിക്കൽ ഒരു തടവുകാരി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റു തടവുകാരെ അപേക്ഷിച്ച് ഷെറിന് ലഭിച്ചത് അധിക സൗകര്യങ്ങൾ ആയിരുന്നു. ചോദിക്കുന്നത് എന്തും നൽകാൻ ജയിലിൽ ആളുകൾ ഉണ്ടായിരുന്നു. മൊബൈൽ ഫോൺ, മേക്കപ്പ് സാധനങ്ങൾ, പുറത്തു നിന്നും കൊണ്ടുവരുന്ന ഭക്ഷണങ്ങൾ, വസ്ത്രങ്ങൾ, ബെഡ് ബെഡ്ഷീറ്റുകൾ, ഓഫീസിൽ നിന്നും സെല്ലിലേക്ക് നടക്കാൻ കുട, എന്നിങ്ങനെ നീളുന്നു ആ സൗകര്യങ്ങൾ. കൂടാതെ ഷെറിന്റെ വസ്ത്രങ്ങൾ മറ്റു തടവുകാരെ കൊണ്ട് കഴുകിപ്പിക്കുകയും ചെയ്തിരുന്നു എന്നും സഹതടവുകാരി വ്യക്തമാക്കിയിരുന്നു.
ശിക്ഷാ കാലാവധി പൂർത്തിയാക്കുകയും, സ്ത്രീയെന്ന പരിഗണനയും, ജയിൽ ഉപദേശക സമിതിയുടെ നിർദ്ദേശവും, കൂടി കണക്കിലെടുത്താണ് ഇപ്പോൾ ഷെറിന് മോചനത്തിനുള്ള വഴി തുറന്നിരിക്കുന്നത്. അർഹതയുള്ള പലരും ജയിലിൽ കഴിയുമ്പോഴും അവരെയെല്ലാം പിന്തള്ളിയാണ് ഷെറിൻ ജയിൽ മോചിതയാകുന്നത്. ഷെറിനടക്കം 11 പേർക്കാണ് ശിക്ഷയിളവ് നൽകിയിരിക്കുന്നത്. ഇവരെ വിട്ടയക്കണമെന്ന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചതോടെയാണ് മൂന്നു കേസുകളിൽപ്പെട്ട 11പേർക്ക് മോചനം അനുവദിച്ചിരിക്കുന്നത്.
ഷെറിനെ വിട്ടയക്കാനുള്ള ശുപാർശ നേരത്തെ തന്നെ സർക്കാർ നൽകിയിരുന്നു. എന്നാൽ ഇടയ്ക്കിടെ ലഭിക്കുന്ന പരോൾ വിവാദമായിരുന്നു. മാത്രമല്ല ജയിലിലെ സഹതടവുകാരുമായുള്ള പ്രശ്നങ്ങളും തിരിച്ചടിയായി. തുടർന്നാണ് ഗവർണർ എല്ലാ തടവുകാരുടെയും കുറ്റകൃത്യവും പരോളും ജയിലിലെ പെരുമാറ്റ രീതികളും പ്രതിപാദിക്കുന്ന ഫോം ഏർപ്പെടുത്തിയത്. അതിനുശേഷം സർക്കാർ ഈ ഫോം പൂരിപ്പിച്ച് വീണ്ടും ഫയൽ ചെയ്യുകയായിരുന്നു.
ഭാസ്കര കാരണവരുടെ ഇളയ മകനായ ശാരീരികവെല്ലുവിളികള്‍ നേരിട്ടിരുന്ന ബിനു പീറ്ററിന്റെ സംരക്ഷണത്തിനു വേണ്ടിയാണു ഷെറിനുമായുള്ള വിവാഹം നടത്തുന്നത്.അമേരിക്കയിൽ കൊണ്ടുപോകാമെന്ന ഉറപ്പിന്മേലായിരുന്നു വിവാഹം.ഒന്നരവർഷത്തോളം അമേരിക്കയിൽ കഴിഞ്ഞ കുടുംബം ഭാസ്കര കാരണവരുടെ ഭാര്യയുടെ മരണത്തോടെ നാട്ടിൽ എത്തുകയായിരുന്നു. അതിനുശേഷമായിരുന്നു ഷെറിന്റെ വഴിവിട്ട ബന്ധങ്ങൾ കാരണവർ കണ്ടെത്തുന്നത്. തുടർന്ന് സ്വത്തുക്കളിലും നിയന്ത്രണം ഏർപ്പെടുത്തി. ഇതേ തുടർന്നാണ് ഷെറിൻ കൊലപാതകം ആസൂത്രണം ചെയ്യുന്നത്.
മോഷണ ശ്രമത്തിനിടയിൽ ഉണ്ടായ കൊലപാതകം ആണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ എല്ലാവിധ ശ്രമങ്ങളും നടത്തിയിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന വിലപ്പെട്ട വസ്തുക്കളും എല്ലാം എടുത്തുമാറ്റിയ പ്രതികൾ പക്ഷേ അലമാരയിൽ ഉണ്ടായിരുന്ന പണം എടുക്കാൻ ഓർത്തില്ല. ഇതാണ് കേസിന് വഴിത്തിരിവായത്. കൂടാതെ വളർത്തു നായ്കൾ കുരയ്ക്കാതിരുന്നതും സംശയമുയർത്തിയിരുന്നു. പിന്നീട് പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here