ദുല്‍ഖറിന്റെ കാറുകൾ പിടിച്ചെടുത്തു; വാഹന കള്ളക്കടത്തിന് പിന്നിൽ വമ്പൻ റാക്കറ്റ്; ഓപ്പറേഷൻ നുംകൂർ താരങ്ങൾക്ക് സുനാമിയാകുമോ

ഭൂട്ടാനിൽ നിന്ന് വാഹനം കടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് താരങ്ങളുടെ വീടുകളിൽ നടത്തിയ കസ്റ്റംസ് റെയ്‌ഡിൽ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. രണ്ട് വാഹനങ്ങൾ കൂടാതെ വേറെ വാഹനങ്ങൾ ഉണ്ടെങ്കിൽ അതും ഹാജരാക്കണമെന്ന് അറിയിച്ച് കസ്റ്റംസ് നോട്ടീസ് നൽകി. പിടിച്ചെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Also Read : മോഹൻലാലിന് ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ഉപകാരസ്മരണയോ? എമ്പുരാൻ വിഷയത്തിലെ RSSനോടുള്ള മാപ്പ് കേന്ദ്രത്തിന് ബോധിച്ചു

ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്.

Also Read : ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങള്‍ മൂന്നു ലക്ഷത്തിന് വാങ്ങി മുപ്പതു ലക്ഷത്തിന് വിറ്റു; പൃഥ്വിരാജും ദുല്‍ഖറും വല്ലാതെപെട്ടു

ഭൂട്ടാൻ വഴി ആഡംബര കാറുകൾ ഏജന്റുമാർ നികുതി വെട്ടിച്ച് കേരളത്തിലെ സിനിമ താരങ്ങൾക്കും ബിസിനസ്സുകാർക്കും വാങ്ങി നല്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഭൂട്ടാനിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ ഇളവുകൾ ലഭിക്കാറുണ്ട്. ഇത്തരം വാഹനങ്ങൾ ഭൂട്ടാനിൽ വ്യാജ മേൽവിലാസം ഉണ്ടാക്കി അവിടെ രജിസ്റ്റർ ചെയ്യുകയും ശേഷം അതിർത്തി കടത്തി ഹിമാചലിൽ എത്തിച്ച് ഇന്ത്യൻ രജിസ്ട്രേഷനാക്കി മാറ്റുകയും ചെയ്യും. തുടർന്ന് വാഹനങ്ങൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്കും എത്തിക്കുന്നതാണ് റാക്കറ്റിന്റെ രീതി. പീന്നീട് നമ്പർ മാറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നൽകുന്ന വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top