ബൈബിള്‍ വിതരണം ചെയ്യുന്നത് മതപരിവര്‍ത്തനമല്ല; യുപിയിലെ യോഗി സര്‍ക്കാര്‍ നിയമം ദുരുപയോഗം ചെയ്യുന്നതായി ഹൈക്കോടതി

കേരളത്തിലെ ബിജെപിക്കാര്‍ വലിയ ക്രിസ്ത്യന്‍ പ്രേമം കൊട്ടിഘോഷിക്കുന്നതിന് ഇടയിലാണ് യുപിയിലെ യോഗി സര്‍ക്കാര്‍ ക്രൈസ്തവര്‍ക്കെതിരെ മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്ന വാര്‍ത്തകളും വരുന്നത്. ഇപ്പോള്‍ യോഗി സര്‍ക്കാരിന്റെ ക്രിസ്ത്യന്‍ വേട്ടക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി. ബൈബിള്‍ വിതരണം ചെയ്യുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമല്ലെന്നും മതപ്രചാരണം നടത്തുന്നത് ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കുറ്റകരമല്ലെന്നും കോടതി കണ്ടെത്തി. അന്യായമായി കേസെടുത്ത യുപി പോലീസിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.
മതിയായ തെളിവുകളോ പരാതികളോ ഇല്ലാതെ ക്രൈസ്തവ വിശ്വാസിയായ റാം കേവല്‍ ഭാരതി എന്ന വ്യക്തി ഉള്‍പ്പടെ നിരവധിപേര്‍ക്കെതിരെ മതപരിവര്‍ത്തന നിരോധന നിയമം ചുമത്തി മനോജ് കുമാര്‍ സിംഗ് എന്ന പോലീസുദ്യോഗസ്ഥന്‍ ഈ വര്‍ഷം ഓഗസ്റ്റ് 17 ന് കേസെടുത്തിരുന്നു. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി. ദലിതരും പാവപ്പെട്ടവരുമായ ഒരുസംഘം ആള്‍ക്കാര്‍ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ധമ്മൗവര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവരെ മതംമാറ്റാനായി ബൈബിള്‍ വിതരണം ചെയ്തു എന്നാരോപിച്ചാണ് പോലീസ് കേസ് എടുത്തത്. റാം കേവല്‍ ഭാരതിക്കും കൂട്ടര്‍ക്കുമെതിരെ ചുമത്തിയ എഫ്‌ഐആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. എന്നാല്‍ പരാതിക്കാര്‍ക്ക് ജാമ്യം അനുവദിച്ചില്ല. സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം ഹര്‍ജിയില്‍ തീരുമാനം എടുക്കാം എന്ന് കോടതി നിലപാട് എടുത്തു.

മതപരിവര്‍ത്തനം ആരോപിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായതായി ആരും പരാതി നല്‍കിയിരുന്നില്ല. പ്രതികളില്‍ നിന്ന് ബൈബിളുകളും മതപ്രചാരണത്തിന് ഉപയോഗിക്കുന്ന എല്‍ഇഡി സ്‌ക്രീനും കണ്ടെടുത്തു എന്നതായിരുന്നു പോലീസിന്റെ പ്രധാന വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ 2021-ലെ യുപി പ്രൊഹിബിഷന്‍ ഓഫ് അണ്‍ലോഫുള്‍ കണ്‍വേര്‍ഷന്‍ ഓഫ് റിലീജിയന്‍ ആക്ടിലെ മൂന്ന് (3) അഞ്ച് (5) വകുപ്പുകള്‍ ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് പാവപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്ന പോലീസിന്റെ നടപടി അതിരുകടന്നതാണ് എന്നാണ് കോടതി നിരീക്ഷണം. ബൈബിളുകളും എല്‍ഇഡി സ്‌ക്രീനും കൈവശം വച്ചു എന്നതിന്റെ പേരില്‍ മാത്രം ഒരാളെ അറസ്റ്റ് ചെയ്യാനാവില്ലെന്നും, പ്രലോഭനമോ ബലപ്രയോഗമോ നടന്നതായി തെളിയിക്കാന്‍ സാധിക്കണമെന്നും കോടതി വ്യക്തമാക്കി.
ബൈബിള്‍ വിതരണം ചെയ്യുന്നതും മതപ്രഭാഷണം നടത്തുന്നതും ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രലോഭനം, ബലപ്രയോഗം, വഞ്ചന എന്നിവയിലൂടെ മതം മാറ്റാന്‍ ശ്രമിച്ചാല്‍ മാത്രമേ മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം കുറ്റകരമാകൂ എന്ന് ജസ്റ്റിസ്മാരായ അബ്ദുള്‍ മോയിന്‍, ബബിത റാണി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേസ് രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ആരും പരാതിയുമായി മുന്നോട്ട് വരാതിരുന്നിട്ടും പോലീസ് നടപടി സ്വീകരിച്ചത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് കോടതി വിലയിരുത്തി. രാജേന്ദ്ര ബിഹാരി ലാല്‍ vs സ്റ്റേറ്റ് ഓഫ് യുപി കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മുന്‍ ഉത്തരവും ഹൈക്കോടതി വിധിന്യായത്തില്‍ പരാമര്‍ശിച്ചു. പ്രത്യേക നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പോലീസ് നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഹൈക്കോടതിയുടെ ഈ നിര്‍ണ്ണായക ഇടപെടല്‍. മതവിശ്വാസം പ്രചരിപ്പിക്കാനുള്ള പൗരന്റെ അവകാശം സംരക്ഷിക്കുന്നതാണ് ഈ വിധിയെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here