മുണ്ടക്കൈ പുനരധിവാസം; വാഗ്ദാനങ്ങൾ മലയോളം; നടപ്പിലായത് കുന്നിക്കുരുവോളം

മുണ്ടക്കൈ-ചൂരൽമല ദുരന്തം ഉണ്ടായി രണ്ടുവർഷം പിന്നിട്ടിട്ടും പ്രഖ്യാപിക്കപ്പെട്ട വാഗ്ദാനങ്ങൾ നിറവേറ്റാനാകാതെ സംഘടനകൾ. കേരളത്തിലുള്ള രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും വീടുകൾ നിർമ്മിച്ച് നൽകുന്നതുൾപ്പടെ വിപുലമായ പുനരധിവാസ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
പക്ഷെ വ്യക്തികളും മതസ്ഥാപനങ്ങളും പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികളാണ് കാര്യക്ഷമമായി മുന്നോട്ടു പോയിട്ടുള്ളത്. ചെറുകിട ക്വാറി അസോസിയേൽൻ അഞ്ച് വീടുകൾ നിർമ്മിച്ച് നൽകി. തമിഴ്നാട് മുസ്ലീം ജമാ അത്ത് 14 വീട് നിർമ്മിച്ചു,വിവിധ മുജാഹിദ് സംഘടനകൾ 40 വീടുകൾ നിർമ്മിച്ച് നൽകി എറണാകുളം മഹല്ല് കമ്മിറ്റി 22 വീട്, സി എസ് ഐ 13 വീട്, പെന്തക്കോസ്‌ത് സഭ 11 വീട് എന്നിങ്ങനെ പോകുന്നു മുണ്ടക്കൈ പുനരുവാസവുമായി ബന്ധപ്പെട്ട് സാംസ്കാരിക സംഘടനകൾ നടത്തിയ ഭവന നിർമ്മാണത്തിന്റെ കണക്ക്.
ദുരന്തസമയത്ത് സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കോൺഗ്രസും ഡിവൈഎഫ്ഐയുമായിരുന്നു ദുരന്തബാധിതർക്കായി വീടുകൾ നിർമ്മിച്ചു നൽകും എന്ന വാഗ്ദാനവുമായി ആദ്യം തന്നെ മുന്നോട്ട് വന്നത്. ഡി വൈ എഫ് ഐ 25 വീടുകൾ നിർമ്മക്കാനുള്ള ധനസഹായം പ്രഖ്യാപിച്ചു. വിവിധ ചാലഞ്ച് നടത്തിയും പഴയ സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിയും 20 കോടി രൂപ സമാഹരിച്ച് സർക്കാർ പുനരധിവാസ ഫണ്ടിലേക്ക് ഡി വൈ എഫ് ഐ സംഭാവന നൽകി. സി പി ഐയുടെ യുവജന വിഭാഗമായ എ ഐ വൈ എഫ് ഒരു കോടി രൂപ സമാഹരിച്ച് സർക്കാർ ഫണ്ടിലേക്ക് സംഭാവന ചെയ്തു.
മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ പാക്കേജ് പ്രഖ്യാപിച്ചത് റിപ്പോർട്ടർ ടിവിയാണ്. സ്കൂളും ആശുപത്രിയും അങ്കണവാടിയും മാർക്കറ്റും ഒക്കെ ഉൾപ്പെടുന്ന ഒരു ടൗൺഷിപ്പ് നിർമ്മിച്ചു നൽകും എന്നായിരുന്നു റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ പറഞ്ഞത്. അറുന്നൂറോളം വീടുകൾ ഇതിൽ ഉണ്ടാകുമെന്ന പ്രഖ്യാപനവും ഉണ്ടായി. ഇതിനായി 100 മുതൽ 150 ഏക്കർ വരെ ഭൂമി റിപ്പോർട്ടർ ടിവി തന്നെ കണ്ടെത്തി നൽകുമെന്നും പറഞ്ഞു. പക്ഷേ പ്രഖ്യാപനത്തിനപ്പുറം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങൾ ഒന്നും നടന്നതായുള്ള വാർത്തകൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
Also Read : മുണ്ടക്കൈ ദുരന്തത്തിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി; ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും പരിഗണനയില്‍
നാഷണൽ സർവീസ് സ്‌കീം ആണ് ഏറ്റവും കൂടുതൽ വീടുകൾ വാഗ്ദാനം ചെയ്തത മറ്റൊരു സന്നദ്ധ സംഘടന 150 വീടുകളാണ് അവർ വാഗ്ദാനം ചെയ്തത്. സർക്കാർ ഫണ്ടിലേക്ക് പണം നല്‌കുകയാണ് അവർ ചെയ്യുന്നത്. കോൺഗ്രസ് പാർട്ടിയും കർണാടക സർക്കാരും 100 വീടുകൾ വീതം വാഗ്ദാനം ചെയ്തിരുന്നു. സ്ഥലമേറ്റെടുപ്പ് ഘട്ടത്തിലാണ് രണ്ടു കൂട്ടരും. പട്ടയപ്രശ്‌നം കാരണം സ്ഥലമേററെടുപ്പ് വൈകുകയാണ്. 100 വീടുകൾ പ്രഖ്യാപിച്ച മുസ് ലിം ലീഗ് സ്ഥലം ഏറ്റെടുത്തെങ്കിലും നിർമാണം തുടങ്ങാറായിട്ടില്ല. പട്ടയപ്രശ്‌നം ഉന്നയിച്ച സ്ഥലം ഉടമകൾക്ക് നോട്ടീസ് നൽകിയതാണ് കാരണം.
ഭവന നിർമാണം വൈകിപ്പിക്കാൻ സർക്കാർ സാങ്കേതിക തടസങ്ങളുണ്ടാക്കുന്നുവെന്ന പരാതി മുസ്ലിം ലീഗിനുണ്ട്. സർക്കാർ നടപടികൾ വേഗത്തിലാക്കി ഭവന നിർമാണത്തിന് അവസരമൊരുക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെടുന്നു. ദുരന്തബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ മാതൃകാവീടിൻ്റെ പണി അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. വീടിൻ്റെ നിലം ഒരുക്കൽ പൂർത്തീകരിച്ച് ടൈൽസ് പാകുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ടൗൺഷിപ്പിൽ ഒരുങ്ങുന്ന മാതൃക വീടിൻ്റെ നിർമാണം ഈ മാസം 30 ഓടെ പൂർത്തീകരിക്കുമെന്നാണ് നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അറിയിച്ചിരിക്കുന്നത്.
.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here