ഇതാ ഒരു യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്‍; ദുരിതാശ്വാസ ക്യാമ്പിലേക്ക് തലച്ചുമടായി സാധനങ്ങള്‍ എത്തിച്ച് ബിഷപ്പ് ജെയിംസ് ശേഖര്‍

“അന്യന്‍ വിയര്‍ക്കുന്ന കാശുകൊണ്ട് അപ്പോം തിന്ന്, വീഞ്ഞും കുടിച്ച് കോണ്ടസായേലും ബെന്‍സേലും കേറിനടക്കുന്ന പളുപളുത്ത കുപ്പായക്കാര്‍….” മെത്രാന്‍മാരെക്കുറിച്ച് പറയുമ്പോള്‍ മലയാളികള്‍ സാധാരണ എടുത്തു പ്രയോഗിക്കുന്ന ഡയലോഗാണിത്. ലേലം സിനിമക്കായി രണ്‍ജി പണിക്കർ എഴുതിയ ഈ പ്രയോഗം തീരെ ചേരാത്തൊരു ബിഷപ്പിനെ ബീഹാറിലെ ബക്സറിൽ കണ്ടെത്തി എന്നതാണ് പുതിയ വാർത്ത. കാരണം സ്വന്തം വിയര്‍പ്പു കൊണ്ട് അപ്പം ഭക്ഷിക്കുന്ന യഥാര്‍ത്ഥ ക്രിസ്തുശിഷ്യനാണ് ഇദ്ദേഹം; ബിഷപ്പ് ജെയിംസ് ശേഖര്‍… അന്യന്‍ വിയര്‍ക്കുന്ന കാശുകൊണ്ടല്ല ഇദ്ദേഹം ഉപജീവനം കഴിക്കുന്നതെന്ന് ഉറപ്പിച്ചുപറയാം.

കേരളത്തിലെ ക്രൈസ്തവ സഭകളില്‍ ഇങ്ങനെ ഒരു മെത്രാനെ കാണാനാവുമോ? ബെന്‍സിലും ബിഎംഡബ്ല്യു കാറിലും സകല പത്രാസുമായി എഴുന്നെള്ളുന്ന തനി രാജാക്കന്മാരാണ് ഇവിടുത്തെ ഏതാണ്ടെല്ലാ സഭകളിലെ മെത്രാന്മാരും. എളിയ ജീവിതം നയിക്കുന്നവരും ഉണ്ട്. എന്നാല്‍ ബീഹാർ ബക്‌സര്‍ രൂപതയിലെ കാഴ്ച ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. വെള്ളപ്പൊക്കം കാരണം ദുരിതാശ്വാസ ക്യാമ്പില്‍ അകപ്പെട്ടവർക്കായി ഭക്ഷ്യവസ്തുക്കൾ തലച്ചുമടായി എത്തിക്കുന്നത് ബിഷപ്പ് ജെയിംസ് ശേഖറാണ്.

ഗംഗാനദിയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ജവാനിയ ഗ്രാമത്തിലെ ഇരുനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു പോയതിനെ തുടര്‍ന്ന് അവരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. ഗ്രാമവാസികള്‍ക്കിടയില്‍ ക്രിസ്തുമത വിശ്വാസികള്‍ ഇല്ലാഞ്ഞിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത് ബിഷപ്പ് ജെയിംസും അനുയായികളുമാണ്. “മനുഷ്യരുടെ ദുരിതത്തില്‍ അവരെ സഹായിക്കുക, അവരെ ചേര്‍ത്തു നിര്‍ത്തുക, ഇത് മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്” -ബിഷപ്പ് ജെയിംസ് പറയുന്നു.

ബീഹാറിലെ 15 ജില്ലകളിലായി 15 ലക്ഷം പേര്‍ വെള്ളപ്പൊക്കത്തിൻ്റെ ദുരിതം നേരിടുകയാണ്. ജവാനിയ ഗ്രാമത്തിലെ ദുരിതാശ്വാസം ബക്‌സര്‍ രൂപതയാണ് നടത്തുന്നത്. വാഹനമെത്താത്ത സ്ഥലങ്ങളിൽ തലച്ചുമടായാണ് സാധനങ്ങൾ എത്തിക്കുന്നത്. 2023 ഫെബ്രുവരിയിലാണ് ജെയിംസ് ശേഖറിനെ ബിഷപ്പായി മാര്‍പ്പാപ്പ നിയമിച്ചത്. തമിഴ്‌നാട്ടിലെ പാളയംകോട്ടയിലെ ഒരു ദലിത് കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം 1996 മുതല്‍ പാറ്റ്‌ന രൂപതയിൽ വൈദികനായിരുന്നു. അവിടെ സാമൂഹ്യക്ഷേമ വിഭാഗം ഡയറക്ടറുമായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here