വഖഫ് ബില്ലിന് പിന്നാലെ പോയി വടിപിടിച്ച മെത്രാന്‍ സംഘം!! വോട്ടു തട്ടാന്‍ മുനമ്പത്തുകാരെ ബിജെപി വഞ്ചിച്ചെന്ന് തിരിച്ചറിയാൻ വൈകി

വഖഫ് ഭേദഗതി ബില്‍ പാസാകുന്നതോടെ മുനമ്പത്തുകാരുടെ ഭൂമിപ്രശ്‌നങ്ങള്‍ ‘ഇപ്പ ശരിയാക്കിത്തരാം’ എന്നു പറഞ്ഞവരെല്ലാം തലയില്‍ മുണ്ടിട്ട് മുങ്ങുന്ന അവസ്ഥയിലാണ്. നീതികിട്ടും വരെ കോടതിയിൽ പോരാടേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞതോടെ കാറ്റുപോയ ബലൂൺ പോലെയായി സംസ്ഥാന ബിജെപി. മുനമ്പത്തിന്റെ പേരില്‍ ബിജെപിയുമായി പാലമിടാൻ നിന്ന ഒരുസംഘം മെത്രാന്‍മാര്‍ ത്രിശങ്കു സ്വര്‍ഗത്തിലും. ഇങ്ങനെ മൊത്തത്തില്‍ എല്ലാവരാലും ചതിക്കപ്പെട്ട അവസ്ഥയിലാണ് വഖഫില്‍ കുരുങ്ങിയ മുനമ്പം ജനത.
പുതിയ നിയമഭേദഗതി വന്നാലും തങ്ങളുടെ പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെടില്ല എന്ന തിരിച്ചറിവ് വന്നതോടെ പിന്നാമ്പുറത്തിരുന്ന് ചരടുവലിച്ച കത്തോലിക്കാ സഭയിലെ ഒരുസംഘം മെത്രാന്മാര്‍ തടിതപ്പി. കെസിബിസി, സിബിസിഐ എന്നൊക്കെ പറഞ്ഞാണ് രാഷ്ട്രീയ പാര്‍ട്ടികളെ ഇവര്‍ വിരട്ടാന്‍ നോക്കിയത്. വഖഫ് ഭേദഗതി നിയമം പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച മന്ത്രി തന്നെ പറയുന്നു മുനമ്പത്തുകാര്‍ക്ക് അവരുടെ ഭൂമി കിട്ടാന്‍ ഇനിയും നിയമ പോരാട്ടം തുടരേണ്ടി വരുമെന്ന്.
പുതിയ കേന്ദ്രനിയമം കൊണ്ട് മുനമ്പത്തുകാരുടെ പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെടില്ലെന്ന് കോണ്‍ഗ്രസ് പാർട്ടിയും പക്വമതികളായ ബിഷപ്പുമാരും വൈദികരും പറഞ്ഞതു കേള്‍ക്കാതെയാണ് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും അഖിലേന്ത്യാ മെത്രാന്‍ സമിതിയും ബിജെപി നേതാക്കളുമായി ഒത്തുകളിച്ചത്. ഇഡി പേടിയില്‍ നിന്നാണ് ഈ മെത്രാന്‍ സംഘത്തിന്റെ ഒത്തുകളിയെന്ന് പലരും ആക്ഷേപം ഉന്നയിച്ചിരുന്നു.
മുനമ്പത്തെ ഭൂപ്രശ്‌നത്തിന് പരിഹാരമുണ്ടാകുമോ എന്ന ചോദ്യത്തിന് മോദിയുടെ ഗ്യാരണ്ടി എന്നതു മാത്രമാണ് തല്‍ക്കാലം കേന്ദ്രസര്‍ക്കാരിന്റെ മറുപടി. വഖഫ് നിയമഭേദഗതി മുനമ്പത്തുകാരെ തുണയ്ക്കുമോ എന്നതില്‍ ഉത്തരമില്ലാതെ വലയുകയാണ് സമരസമിതിയും. ഭരണകക്ഷിയുടെ ചതി മുന്‍കൂട്ടി കാണുന്നതില്‍ സമരസമിതി നേതൃത്വം പരാജയപ്പെട്ടു പോയി എന്ന് നേതാക്കള്‍ ഇപ്പോള്‍ കുമ്പസാരിക്കുന്നുണ്ട്.
ഇനിയും നിയമപോരാട്ടം തുടരേണ്ടി വരുമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോട് കെസിബിസി , സിബിസിഐ നേതൃത്വങ്ങള്‍ മൗനം തുടരുകയാണ്. വടക്കേ ഇന്ത്യയില്‍ ക്രിസ്ത്യന്‍ വേട്ടയും കേരളത്തില്‍ കെട്ടിപ്പിടുത്തവും തുടരുന്ന പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ് വെളിച്ചത്തു വന്നത്. ബിജെപിക്ക് ഓശാന പാടുന്ന ക്രിസംഘികളും കാസ പോലുള്ള സംഘടനങ്ങളും മാളത്തില്‍ ഒളിച്ചിരിക്കുകയാണ്.
404 ഏക്കറില്‍ താമസിക്കുന്ന 600ലധികം കുടുംബങ്ങള്‍ക്ക് റവന്യൂ അധികാരങ്ങളോടെ ഭൂമി തിരിച്ചു കിട്ടാന്‍ നിയമത്തിലെ ഏത് വകുപ്പാണ് പ്രയോജനപ്പെടുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പോലും കേന്ദ്ര സർക്കാരിലെ നിയമമന്ത്രിക്ക് മറുപടി ഉണ്ടായില്ല. നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതിന്റെ പിറ്റേന്ന് മുനമ്പത്തുകാര്‍ക്ക് ഭൂമി കിട്ടുമെന്നാണ് സംസ്ഥാന ബിജെപി നേതാക്കള്‍ പറഞ്ഞു നടന്നത്.
വഖഫ് നിയമ ഭേദഗതി മുനമ്പം പ്രശ്‌നത്തിന് ശാശ്വത പരിഹാരമല്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന വേദനിപ്പിച്ചുവെന്നാണ് മുനമ്പം സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ മുനമ്പത്തുകാരെ ചതിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിയും കേന്ദ്രസര്‍ക്കാരും തങ്ങളെ പറഞ്ഞു പറ്റിച്ചുവെന്ന തോന്നല്‍ സിറോ മലബാര്‍ സഭയിലെ ബിജെപി പക്ഷപാതികളായ മെത്രാന്മാര്‍ക്കുമുണ്ട്. പറ്റിപ്പോയ അമളി പുറത്തു പറയുന്നില്ലെന്ന് മാത്രം.

വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ അനുകൂലമായി വോട്ട് ചെയ്യണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാരോട് അഭ്യര്‍ത്ഥിച്ച് പരസ്യ പ്രസ്താവനയിറക്കിയ കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കതോലിക്കാ ബാവ കേന്ദ്ര മന്ത്രിയുടെ നിലപാടിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രിയെ നേരില്‍ കണ്ട് മുനമ്പം സമരസമിതിക്കാര്‍ക്ക് നന്ദി അറിയിക്കാന്‍ സൗകര്യം ഒരുക്കും എന്നൊക്കെ തട്ടിവിട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും പുതിയ സംഭവ വികാസങ്ങളില്‍ മൗനത്തിലാണ്.
‘വഖഫ് നിയമ ഭേദഗതി പാസാക്കിയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് മുനമ്പത്ത് സ്വത്ത് അന്യാധീനപ്പെടുന്ന 600 ലേറെ കുടുംബങ്ങളാണ്. വഖഫ് ബോര്‍ഡിന്റെ കയ്യേറ്റത്തിനെതിരെ ഈ കുടുംബങ്ങള്‍ക്ക് ഇനി കോടതിയെ സമീപിക്കാം. ഭേദഗതി ബിൽ നിയമമാകുന്നതോടെ വെട്ടിലാകുന്നത് കേരളത്തിലെ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികളാണ്’ എന്നൊക്കെയാണ് ബിജെപി മുഖപത്രമായ ജന്മഭൂമി മുഖപ്രസംഗം എഴുതിയത്.
നിയമ ഭേദഗതിക്കു പിന്നാലെ മുനമ്പത്ത് പ്രക്ഷോഭ രംഗത്ത് സജീവമായിരുന്ന 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നത് വലിയ ആഘോഷമായിരുന്നു. രാജീവ് ചന്ദ്രശേഖര്‍ നേരിട്ടെത്തിയാണ് 50 പേര്‍ക്ക് അംഗത്വം നല്‍കിയത്. വഖഫ് ബില്‍ നിയമമായതോടെ റവന്യൂ അധികാരത്തോടെ ഭൂമി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. അവരെല്ലാം ഇപ്പോള്‍ ചതിക്കപ്പെട്ട അവസ്ഥയിലാണ്.

പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വിവാദ വഖഫ് ഭേദഗതി നിയമം ഏപ്രില്‍ എട്ടു മുതല്‍ പ്രാബല്യത്തില്‍ വന്നു. രാഷ്ട്രപതി ബില്ലില്‍ ഒപ്പിട്ടതിനു പിന്നാലെ തന്നെ ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ബില്ലിന്റെ നിയമ സാധുത ചോദ്യം ചെയ്തു കൊണ്ട് നിരവധി സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here