രാഹുൽ ഗാന്ധിയുടെ വോട്ടുചോരി വാർത്ത ഏഴാം പേജിലൊതുക്കി ദേശാഭിമാനി!! മോദി-ബിജെപി പേടിയെന്ന് ആക്ഷേപം

രാജ്യത്തെ ആകെ ഞെട്ടിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധി ഇന്നലെ ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടു ചോരി ആരോപണം. ബിഹാര്‍ തിരഞ്ഞെടുപ്പിനിടെ നടത്തിയ ഈ ആരോപണങ്ങളില്‍ ബിജെപി പ്രതിരോധത്തിലാണ്. ബ്രസീലിയല്‍ മോഡലിന്റെ ചിത്രത്തില്‍ 10 ബൂത്തില്‍ 22 വോട്ടര്‍മാരുണ്ടെന്ന് രാഹുലിന്റെ വെളിപ്പെടുത്തല്‍ ഇന്നത്തെ രാജ്യത്തെ പ്രധാന പത്രങ്ങളില്‍ എല്ലാം ഒന്നാം പേജിലെ വലിയ വാര്‍ത്തയാണ്. എന്നാല്‍ കേരളത്തിലെ രണ്ട് പത്രങ്ങള്‍ക്ക് ഈ വാര്‍ത്ത പ്രധാന്യമില്ലാത്തതാണ്.

ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയും സിപിഎം മുഖപത്രമായ ദേശാഭിമാനിയുമാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ കഴിയുന്നത്ര അവഗണിച്ചിരിക്കുന്നത്. ജന്മഭൂമിയില്‍ ഈ വാര്‍ത്തയില്ലാത്തത് അവരുടെ രാഷ്ട്രീയമാണ്. എന്നാല്‍ ഇന്ത്യാ മുന്നണിയിലെ കക്ഷി ആയ സിപിഎമ്മിന്റെ മുഖപത്രം എന്തുകൊണ്ട് വോട്ട് ചോരി വാര്‍ത്ത ഉള്‍പേജിലാക്കി എന്ന ചോദ്യമാണ് ഉയരുന്നത്്. ഏഴാം പേജില്‍ ചെറിയ ഒരു വാര്‍ത്ത മാത്രമാണ് ദേശാഭിമാനി ഈ വിഷയത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യം രാഹുല്‍ ഗാന്ധി വോട്ടുചോരി ഉന്നയിച്ചപ്പോഴും ഇതുതന്നെ ആയിരുന്നു ദേശാഭിമാനിയുടെ സമീപനം. രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ഈ വിഷയത്തില്‍ ഒരു പ്രതികരണം പോലും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ബിജെപിയെ വേദനിപ്പിക്കുന്ന ഒന്നും സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന ആക്ഷേപമാണ് ഇതോടെ ഉയരുന്നത്. രാജ്യം തന്നെ ചര്‍ച്ച ചെയ്ത് വാര്‍ത്ത ഉള്‍പേജിലാക്കിയതിന് ഇതല്ലാതെ മറ്റൊരു ന്യായീകരണവുമില്ല. സിപിഐ മുഖപത്രമായ ജനയുഗം വോട്ടുചോരി വാര്‍ത്ത ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ബിജെപിക്കും സംഘപരിവാറിനും എതിരാണെന്ന് പ്രസംഗിക്കുകയും അവര്‍ക്ക് ബുദ്ധിമുട്ടിക്കുന്ന ഒന്നും ചെയ്യാതിരിക്കുന്നതാണ് സമീപകാലത്തെ സിപിഎം രീതി. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ കേന്ദ്രഏജന്‍സിയുടെ അന്വേഷണമാണ് ഈ ഇരട്ടതാപ്പി പിന്നില്‍ എന്ന ആരോപണം സജീവമാണ്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ എക്സാലോജിക് മാസപ്പടി കേസില്‍ കേന്ദ്ര ഏജന്‍സിയായ എസ്.എഫ്.ഐ.ഒയുടെ (SFIO) അന്വേഷണം നേരിടുകയാണ്. മകന്‍ വിവേക് കിരണിന് കേന്ദ്ര ഏജന്‍സിയായ ഇ.ഡി. (ED) സമന്‍സ് അയച്ചിരുന്നു. ഈ സാഹചര്യത്തില്‍, മക്കള്‍ക്കെതിരായ കേന്ദ്ര അന്വേഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ സി.പി.എമ്മിനെ ബി.ജെ.പി തൊഴുത്തില്‍ കെട്ടിയിരിക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് ശക്തമാകുന്നത്.

പിഎം ശ്രീയില്‍ അടക്കം വലിയ വര്‍ത്തമാനം പറയുകയും രഹസ്യമായി കരാര്‍ ഒപ്പിടുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. അതും മുന്നണിയില്‍ ചര്‍ച്ച പോലും ചെയ്യാതെ. സിപിഐ വലിയ പ്രതിഷേധം ഉയര്‍ത്തിയതോടെ കരാറില്‍ നിന്ന് പിന്‍മാറും എന്ന് പറഞ്ഞെങ്കിലും അതില്‍ തുടര്‍ നടപടി ഒന്നും സ്വീകരിച്ചിട്ടുമില്ല. ഇത്തരത്തില്‍ ബിജെപിയുമായി ചേര്‍ന്ന് പോകുന്ന സിപിഎം രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരിക്ക് പ്രധാന്യം നല്‍കാത്തതില്‍ അദ്ഭുതപ്പെടാനില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top