ക്വട്ടേഷന്‍ വെച്ച് സ്വാതന്ത്ര്യസമര സേനാനികളെ പോക്കറ്റിലാക്കുന്ന ബിജെപി; കൃഷ്ണനെഴുത്തച്ഛന്റെ പേരില്‍ നടന്നത് കെ കരുണാകരന്റെ കാര്യത്തിലും സംഭവിക്കുമോ?

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കാര്യമായ റോള്‍ ഒന്നുമില്ലാതിരുന്ന സംഘപരിവാര്‍ മുന്‍കാല കോണ്‍ഗ്രസ് നേതാക്കളേയും സ്വാതന്ത്ര്യസമര സേനാനികളേയും കീശയിലാക്കാന്‍ നോക്കുന്നത് പതിവായിക്കഴിഞ്ഞു. ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭായി പട്ടേലിനെ അടിച്ചു മാറ്റി എടുത്തതിന് പിന്നാലെ പറ്റിയ ആള്‍ക്കാരെ സ്വന്തം അക്കൗണ്ടിലാക്കാന്‍ വലയുമായി നടക്കയാണ് ബിജെപി നേതൃത്വം.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതിമൂന്നാമത്തെ പ്രസിഡന്റും മലയാളിയുമായ ചേറ്റൂര്‍ ശങ്കരന്‍ നായരെ സംഘപരിവാര്‍ ചേരിയിലുള്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. വലിയ ദേശസ്‌നേഹവും കടുത്ത ദേശീയതയും തള്ളിമറിക്കുന്ന ആര്‍എസ്എസിന് ദേശീയ സ്വാതന്ത്ര്യസമര കാലത്ത് പ്രത്യേകിച്ച് റോളൊന്നും ഉണ്ടായിരുന്നില്ല. അക്കാലത്ത് ഗാന്ധിജി നേതൃത്വം കൊടുത്ത സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമായിരുന്നു ആര്‍എസ്എസ് നേതാക്കള്‍ സ്വീകരിച്ചിരുന്നത്. ഈ കുറവ് പരിഹരിക്കാനാണ് കോണ്‍ഗ്രസിന്റെ പഴയ കാല നേതാക്കളെ റാഞ്ചാന്‍ ശ്രമിക്കുന്നത്.

ഏറ്റവും ഒടുവില്‍ ബിജെപി അടിച്ചു മാറ്റാന്‍ ശ്രമിക്കുന്നത് സ്വാതന്ത്ര്യസമര സേനാനിയും പ്രജാ മണ്ഡലം സ്ഥാപകനും കോണ്‍ഗ്രസുകാരനുമായ വിആര്‍ കൃഷ്ണനെഴുത്തച്ഛന്റെ ഓര്‍മ്മകളെയാണ്. ഇക്കഴിഞ്ഞ ദിവസം കൃഷ്ണനെഴുത്തച്ഛന്റെ 21-ാം ചരമ വാര്‍ഷികമായിരുന്നു. കോണ്‍ഗ്രസുകാര്‍ എല്ലാവര്‍ഷവും ചരമ വാര്‍ഷിക ദിനത്തില്‍ ആദരവ് അര്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു. പക്ഷേ ഇത്തവണ ഒരു സംഘം ബിജെപിക്കാര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയത് കൗതുകമുണര്‍ത്തി.
കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരന്റ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപിക്കാര്‍ സ്മൃതി മണ്ഡപത്തിലെത്തിയത്. വി ആര്‍ കൃഷ്ണനെഴുത്തച്ഛന്റെ മകനായ വികെ ജയഗോവിന്ദന്‍ ബിജെപിയുടെ അനുസ്മരണത്തില്‍ പങ്കെടുത്തു. മുന്‍പ് കോണ്‍ഗ്രസ് നേതാവായിരുന്ന ജയഗോവിന്ദന്‍ ആറ് വര്‍ഷം മുന്‍പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹം താമസിക്കുന്ന കുടുംബവീട്ടിലാണ് ബിജെപിയുടെ അനുസ്മരണം നടന്നത്.

ജയഗോവിന്ദന്‍ ബിജെപിയില്‍ ചേര്‍ന്ന കാലത്തൊന്നും കൃഷ്ണനെഴുത്തച്ഛനെ ഓര്‍ക്കാത്ത ബിജെപിയാണ് ഇപ്പോള്‍ പുതിയ തന്ത്രവുമായി രംഗത്ത് വന്നിരിക്കുന്നത്. ചേറ്റൂര്‍ ശങ്കരന്‍ നായരെ റാഞ്ചാന്‍ നോക്കുന്ന അതേ പണിയാണ് കൃഷ്ണനെഴുത്തച്ഛന്റെ കാര്യത്തിലും പയറ്റാന്‍ നോക്കുന്നത്. ഏഴ് വയസു മുതല്‍ 95 വയസു വരെ കറ തീര്‍ന്ന കോണ്‍ഗ്രസുകാരനായിരുന്ന കൃഷ്ണനെഴുത്തച്ഛനെ ബിജെപിക്കാരനാക്കാന്‍ നോക്കുന്നതിലെ പരിഹാസ്യതയാണ് ചര്‍ച്ചയാവുന്നത്. സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തതിന്റെ പാപ പരിഹാര്‍ത്ഥമാണ് സ്വാതന്ത്ര്യസമര നേതാക്കളെ തപ്പിയെടുക്കാന്‍ ആര്‍എസ്എസ് നടക്കുന്നതെന്ന് വിഎം സുധീരന്‍ പരിഹസിച്ചു.
വിആര്‍ കൃഷ്ണനെഴുത്തച്ഛനെ തട്ടിയെടുക്കാന്‍ നോക്കുന്ന മോഡലില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെയും അടിച്ചു മാറ്റുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ഇപ്പോള്‍ ബിജെപിയിലാണ്. കരുണാകരന്‍ സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്ന വീടും പറമ്പും പത്മജയുടെ ഉടമസ്ഥതയിലാണ്. പാര്‍ട്ടി ബിജെപി ആയതു കൊണ്ട് അങ്ങനെ സംഭവിച്ചാലും അത്ഭുതപെടേണ്ട കാര്യമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here