ആദ്യം ചാടിയിറങ്ങിയത് പ്രശാന്ത് ശിവൻ; പിന്നിൽ പതറി ഡിവൈഎഫ്ഐ; രാഹുലിൻ്റെ രാജി കൊയ്തത് ബിജെപി

അബോർഷൻ നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, മാധ്യമ പ്രവർത്തകയെ നിർബന്ധിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നയുടൻ സമരത്തിലേക്ക് ചാടിയിറങ്ങിയ ബിജെപിയുടെ നീക്കം ഇടതുകേന്ദ്രങ്ങളെ കൂടി ഞെട്ടിച്ചു. പാലക്കാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ്റെ ചടുലനീക്കം സിപിഎമ്മിനെ കടുത്ത സമ്മർദ്ദത്തിലുമാക്കി. പി.കെ.ശശി നേരിട്ട ലൈംഗിക പീഡന ആരോപണത്തിന്റെ നിഴലിൽ നിന്ന് ഇനിയും പുറത്തുവരാൻ സാധിക്കാത്ത പാലക്കാട്ടെ സിപിഎം നേതൃത്വം ആദ്യഘട്ടത്തിൽ അറച്ചു നിൽക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
കോഴികളും കോഴിയുടെ രൂപത്തിൽ ഡിസൈൻ ചെയ്ത ‘ഹൂ കെയേഴ്സ്’ പ്രതിഷേധ കാർഡുകളുമായി പ്രശാന്തിൻ്റെ നേതൃത്വത്തിൽ മഹിളാ മോർച്ച പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ എംഎൽഎ ഓഫീസിലേക്ക് മാർച്ചു നടത്തിയത് സിപിഎമ്മിനെയും കോൺഗ്രസിനെയും ഒരുപോലെ വെട്ടിലാക്കി. ഇതാണ് സമ്മർദ്ദം വർധിപ്പിച്ചതും, യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുലിൻ്റെ രാജിയിലേക്കുള്ള ദൂരം കുറച്ചതും.
ബിജെപി ഇങ്ങനെ രംഗത്ത് എത്തിയതിനു ശേഷം മാത്രമാണ് ഡിവൈഎഫ്ഐ, എംഎൽഎ ഓഫീസിലേക്ക് മാർച്ച് ചെയ്തത്. എന്നിട്ടും സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം ഉയർത്താനുള്ള ശ്രമം നടത്തിയതുമില്ല. സ്വന്തം നേതാക്കളോടും എംഎൽഎമാരോടും പുലർത്തിയ സമീപനം തന്നെ രാഹുലിന്റെ രാജിക്കാര്യത്തിലും സിപിഎമ്മിന് എടുക്കേണ്ടിവരുന്നതാണ് പിന്നെ കേരളം കണ്ടത്. യുഡിഎഫ്- കോൺഗ്രസ് നേതാക്കളും സിപിഎം എംഎൽഎ മുകേഷ് രാജിവെച്ചില്ല എന്ന വാദം ഉയർത്തിക്കഴിഞ്ഞു.
പരസ്യവിചാരണയടക്കം നടത്തി ബിജെപി രാഹുലിനെതിരെ സമരം വ്യാപിപ്പിക്കുകയാണ്. മണ്ഡലത്തിൽ പ്രവേശിക്കാനാവാതെ രാഹുൽ പ്രതിസന്ധിയിലാണ്. പാലക്കാട്ടെ പൊതുപരിപാടികൾ റദ്ദാക്കി അടൂരിലെ വീട്ടിൽ തുടരുകയാണ് രാഹുൽ. അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് നൽകില്ലെന്ന അപ്രഖ്യാപിത തീരുമാനവും ഉണ്ടായി. ഈ സാഹചര്യത്തിൽ ബിജെപി ശക്തമായി രണ്ടാം സ്ഥാനത്തുള്ള പാലക്കാട്ട്, തിരഞ്ഞെടുപ്പു പ്രവർത്തനത്തിന് സമാന നീക്കമാണ് പ്രശാന്ത് ശിവന്റെ നേതൃത്വത്തിൽ നടത്തുന്നത്.
Also Read: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവച്ചാലും ബൈ ഇലക്ഷനുണ്ടാവില്ല; പീരുമേടും അനാഥമായി തുടരും
പാലക്കാട് നഗരസഭാ ഭരണം ഇപ്പോൾ ബിജെപിക്കാണ്. ഇത് പിടിച്ചെടുക്കാനുള്ള യുഡിഎഫ് നീക്കങ്ങൾക്കു കൂടിയാണ് രാഹുൽ ഉണ്ടാക്കിയ വിവാദത്തോടെ മങ്ങലേറ്റിരിക്കുന്നത്. ഷാഫി പറമ്പിലിന്റെ കൈവെള്ളയിലിരുന്ന സീറ്റ് ഉറ്റ അനുയായിക്ക് പിടിച്ചു വാങ്ങി നൽകുകയായിരുന്നു. നിലവിലുള്ള സാഹചര്യത്തിൽ ബിജെപിക്ക് പാലക്കാട്ട് കോൺഗ്രസ് മുഖ്യശത്രു അല്ലാതായി മാറുകയാണ്. ഇത് കോൺഗ്രസിനും വിഡി സതീശനും ഉണ്ടാക്കുന്ന പ്രതിസന്ധി വലുതാണ്.
Also Read: ഇതാണോ രാഹുൽ പറഞ്ഞ വേടന്റെ മാതൃക; ഇരുവരും ഒരേ തൂവൽപക്ഷികൾ; ചർച്ചകൾ ഉയർത്തി സോഷ്യൽ മീഡിയ
കുഞ്ഞിനെ നശിപ്പിക്കാൻ നിർബന്ധിക്കുന്ന, യുവതിയെ നിസാരമായി കൊല്ലാമെന്ന് പറയുന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പുതിയ സംഭാഷണം കൂടി പുറത്തുവന്ന സാഹചര്യത്തിൽ എംഎൽഎ സ്ഥാനവും രാജി വയ്ക്കുകയല്ലാതെ രാഹുലിനും കോൺഗ്രസിനും മുന്നിൽ മറ്റു വഴിയില്ലെന്ന വികാരം പാർട്ടിക്കുള്ളിലും ശക്തമായിട്ടുണ്ട്. രാജി സംഭവിച്ചാൽ അത് ബിജെപിയുടേയും പാലക്കാട് ഘടകത്തിന്റെയും രാഷ്ട്രീയ വിജയമാകും.
ഇപ്പോഴത്തെ സാഹചര്യത്തിൽ പാലക്കാട്ട് ബിജെപി ആരെ സ്ഥാനാർത്ഥിയാക്കും എന്ന ചർച്ചകളിൽ പ്രശാന്ത് ശിവൻ്റെ പേരും ഉയർന്നുവരികയാണ്. ലൈംഗിക ആരോപണം പോലുള്ളവയിൽ അകപ്പെടാത്ത കേരളത്തിലെ ബിജെപി നേതൃത്വത്തിന് മാത്രമേ രാഹുലിന്റെ രാജി ചോദിച്ചുവാങ്ങാൻ അർഹതയുള്ളൂ എന്ന നറേറ്റീവ് കൂടി ഈ സമരത്തിനൊപ്പം ബിജെപി പുറത്തുവിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് അവസരമാക്കി വരും ദിവസങ്ങളിൽ തെരുവിലിറങ്ങിയുള്ള പ്രതിഷേധം കടുപ്പിക്കാനാണ് നീക്കം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here