ബിജെപി ചരിത്രത്തെ വളച്ചൊടിക്കുന്നു; ദേശീയ നായകരെ അപമാനിക്കുന്നു; മമത ബാനർജി

ബിജെപി ദേശീയ നേതാക്കളെ ബഹുമാനിക്കുന്നില്ലെന്ന് മമത ബാനർജി. ഗാന്ധിജിയെയും നേതാജിയെയും അംബേദ്കറെയും പോലുള്ള ദേശീയ നായകരെ അപമാനിക്കുകയാണ് ബിജെപിയും കേന്ദ്രസർക്കാരും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ മൈതാനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതാനാണ് കേന്ദ്രം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.

ഇന്ത്യയുടെ ചരിത്രത്തെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, നേതാജി, അംബേദ്കർ തുടങ്ങിയ മഹദ്‌വ്യക്തികളെ അപകീർത്തിപ്പെടുത്തുകയാണ്. സഹിഷ്ണുതയില്ലാത്തതും അനാദരവ് നിറഞ്ഞതുമായ പെരുമാറ്റമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇത് ബംഗാൾ അംഗീകരിക്കില്ലെന്ന് മമത പറഞ്ഞു.

നേതാജിയുടെ ‘ഡൽഹി ചലോ’ എന്ന മുദ്രാവാക്യം അനുസ്മരിച്ച മമത, കേന്ദ്രത്തെ ‘ഗൂഢാലോചനകളുടെ നഗരം’എന്നാണ് വിശേഷിപ്പിച്ചത്. ബംഗാളിന്റെ സംസ്കാരത്തിനും ഭാഷയ്ക്കുമെതിരെ ഡൽഹി എപ്പോഴും ഗൂഢാലോചന നടത്തുകയാണെന്നും ഇതിനെതിരെ നാം ഒന്നിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാജിയുടെ ജന്മദിനം ഇതുവരെ ദേശീയ അവധിയായി പ്രഖ്യാപിക്കാത്തതിൽ മമത കേന്ദ്രത്തെ വിമർശിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ ബിജെപി തകർക്കുകയാണെന്നും അവർ പറഞ്ഞു.

എസ്ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്രത്തെയും അവർ രൂക്ഷമായി വിമർശിച്ചു. ‘നേതാജി ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹത്തോടും ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാൻ അവർ ആവശ്യപ്പെടുമായിരുന്നു’ എന്നാണ് മമത പരിഹസിച്ചത്. ഈ പരിശോധന പ്രക്രിയയ്ക്കിടെ ഉണ്ടായ സമ്മർദ്ദത്താൽ 110ഓളം പേർ മരിച്ചതായും ഇതിന് കേന്ദ്രം മറുപടി പറയണമെന്നും അവർ ആവശ്യപ്പെട്ടു.

നേതാജിയുമായി ബന്ധപ്പെട്ട എല്ലാ രഹസ്യ ഫയലുകളും കേന്ദ്ര സർക്കാർ പുറത്തുവിടണം . ബംഗാൾ സർക്കാർ നേരത്തെ തന്നെ സംസ്ഥാനത്തിന്റെ പക്കലുള്ള എല്ലാ ഫയലുകളും പരസ്യപ്പെടുത്തിയിട്ടുണ്ടെന്ന് മമത ഓർമ്മിപ്പിച്ചു. 1945ന് ശേഷം നേതാജിക്ക് എന്ത് സംഭവിച്ചു എന്ന ദുരൂഹത നീക്കാൻ കേന്ദ്രം തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top