ഭായിയോം ഔര്‍ ബഹനോം, ഇതര സംസ്ഥാന ഹിന്ദു തൊഴിലാളികള്‍ ഇനി താമരക്കുടക്കീഴില്‍ അണിനിരക്കും

ഇതരസംസ്ഥാന ഭായ്മാർക്കിനി പൊന്നുംവില. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ പണിയെടുക്കുന്ന ഹിന്ദുക്കളായ തൊഴിലാളികളെ താമരയ്ക്ക് കീഴിലാക്കാന്‍ ബിജെപി പണി തുടങ്ങി. പാര്‍ട്ടിയുടെ വിവിധ സെല്ലുകളുടെ കോ ഓര്‍ഡിനേറ്ററായ വികെ സജീവനാണ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് സെല്ലിന്റെ ചുമതല. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഇവരെ വോട്ടര്‍ പട്ടികയില്‍ തിരുകികയറ്റാനുള്ള ആദ്യപടിയാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.

ഇതര സംസ്ഥാന തൊഴിലാളികളെ ബിജെപിക്ക് കീഴിലാക്കി സംഘടനാശേഷിയും വോട്ടുശേഷിയും വര്‍ദ്ധിപ്പിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഈ പദ്ധതിക്ക് സംഘപരിവാര്‍ രൂപം നല്‍കുന്നത്. സംസ്ഥാനത്തെ നിര്‍ണായക വോട്ടുബാങ്കായ ന്യൂനപക്ഷ വോട്ടുകളെ മറികടക്കാന്‍ ഭായിമാരുടെ വോട്ടുകൊണ്ട് കഴിയുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ബംഗാള്‍, അസം തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി പ്രധാന കക്ഷിയായി വളര്‍ന്ന സാഹചര്യത്തിലാണ് അവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. അതത് സംസ്ഥാനങ്ങളിലെ പാര്‍ട്ടിനേതൃത്വവുമായി ആശയവിനിമയം നടത്തി കേരളത്തിലേക്ക് വന്നിട്ടുള്ളവരുടെ പട്ടിക ആദ്യം തയ്യാറാക്കും. തുടര്‍ന്ന് തങ്ങളോട് അനുഭാവമുള്ളവരെ തിരഞ്ഞുപിടിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കും. ഇവരുമായി ആശയസംവാദത്തിനും മറ്റുമായി അതാത് പ്രദേശങ്ങളില്‍ നിന്നുള്ള പ്രാദേശിക നേതാക്കളെ ഇറക്കി പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കാനാണ് പ്ലാന്‍.

ഇതരസംസ്ഥാനക്കാരിലെ അമിത മദ്യ- മയക്കു മരുന്നുപയോഗം തടയുക എന്ന പേരിലാവും തുടക്കത്തില്‍ സമീപിക്കുക. മറുനാടന്‍ തൊഴിലാളികളില്‍ ഹിന്ദുക്കളായവര്‍ക്കാവും സെല്ലില്‍ ആദ്യ പരിഗണന നല്‍കുക. പുതുതായി രൂപീകരിക്കുന്ന ഇത്തരം പുതിയ സെല്ലുകള്‍ അടക്കം നിലവിലുള്ള എല്ലാത്തിൻ്റെയും ഘടകങ്ങള്‍ താഴേത്തട്ട് വരെയാക്കാനും തീരുമാനമായി. പരസ്യമായി രാഷ്ട്രീയമില്ലാത്ത നിഷ്പക്ഷരായ പ്രമുഖരെ പാര്‍ട്ടി നേതൃത്വവുമായി ബന്ധിപ്പിക്കാനുള്ള കണ്ണികളായി ഇത്തരം സെല്ലുകളെ മാറ്റാനും ലക്ഷ്യമിടുന്നുണ്ട്.

അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാന്‍ 2014ല്‍ സിപിഎം കണ്ണൂരില്‍ ഒരു ശ്രമം നടത്തിയെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ കണക്കു പ്രകാരം 1,64,761 പേര്‍ കെട്ടിട നിര്‍മ്മാണ മേഖലയിലും 5,16,320 പേര്‍ മറ്റ് മേഖലകളിലും പണിയെടുക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരില്‍ ഒരു ശതമാനത്തെ എങ്കിലും സ്വന്തം കുടക്കീഴിലാക്കാന്‍ കഴിഞ്ഞാല്‍ ഗണ്യമായ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top