അപമാനം സഹിക്കവയ്യാതെ ചെയ്തു പോയെന്ന് വനിതാ നേതാവ്; തിരുവനന്തപുരം ബിജെപിയിൽ വീണ്ടും ആത്മഹത്യാശ്രമം

ബിജെപിയെ വലച്ച് വനിതാ നേതാവിന്റെ ആത്മഹത്യ ശ്രമം. നെടുമങ്ങാട് നഗരസഭയിലെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കത്തിൽ മനംനൊന്താണ് മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറി ശാലിനി അനിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ പ്രാദേശിക ആർഎസ്എസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്
പനങ്ങോട്ടേല വാർഡിൽ സീറ്റ് നിഷേധിച്ചതിലുണ്ടായ കടുത്ത നിരാശയെ തുടർന്നാണ് ശാലിനി പുലർച്ചെ വീട്ടിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ശാലിനിയുടെ മകനാണ് അമ്മ ആത്മഹത്യ ശ്രമം കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശാലിനി അപകടനില തരണം ചെയ്തു.
Also Read : ബിജെപി കൗൺസിലറുടെ ആത്മഹത്യാ; പാർട്ടിക്ക് കുരുക്കാകുമോ?
ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട ശാലിനി താൻ കടുംകൈ ചെയ്തതിന് കാരണം ചില പ്രാദേശിക ആർഎസ്എസ് നേതാക്കൾ നടത്തിയ വ്യക്തിഹത്യയും അപവാദപ്രചാരണവുമാണ് എന്ന് വെളിപ്പെടുത്തി. ശാലിനിയെ സ്ഥാനാർത്ഥിയാക്കുമെന്ന ധാരണ പരന്നപ്പോളാണ് നേതാക്കൾ അപവാദപ്രചാരണം നടത്തിയതെന്നാണ് ആരോപണം.
ബിജെപി നേതൃത്വം പനങ്ങോട്ടേല വാർഡിൽ തന്നെയാണ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നതെന്നും പ്രാദേശിക ആർഎസ്എസ് നേതൃത്വത്തിന് താൻ സ്ഥാനാര്‍ത്ഥിയാകുന്നതിൽ എതിര്‍പ്പുണ്ടായിരുന്നെനും അതിന്റെ ഭാഗമായാണ് വ്യക്തിഹത്യ നടന്നതെന്നും ശാലിനി പറഞ്ഞു.
പുറത്തിറങ്ങാൻ കഴിയാത്ത വിധം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്നെയും കുടുംബത്തെയും അപമാനിച്ചതായും, ഈ വ്യാജപ്രചാരണം താങ്ങാനാവാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ശാലിനി വ്യക്തമാക്കി. പോസ്റ്റർ ഉൾപ്പെടെ തയ്യാറാക്കുകയും അനൗദ്യോഗിക പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ കരിപ്പൂരിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു ശാലിനി.
തിരുവനന്തപുരം തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആനന്ദ് കെ തമ്പി ആത്മഹത്യ ചെയ്തതിന്റെ മാനക്കേട് മാറുന്നതിനു മുൻപേ ആണ് ബിജെപിക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് വനിതാ നേതാവിന്റെ ആത്മഹത്യ ശ്രമം. ബിജെപിയിലെ ഗ്രൂപ്പ് വഴക്കുകൾ വീണ്ടും മറനീക്കി പുറത്തുവരുന്നതിന്റെ സൂചനയായാണ് നെടുമങ്ങാട്ടെ സംഭവത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here