എസ്ഐടി വരാനിരിക്കെ തന്ത്രിയുടെ വീട്ടിൽ ബിജെപി നേതാക്കൾ; തെളിവെടുപ്പിന് മുന്നേ രാഷ്ട്രീയ നീക്കം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വസതിയിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തി. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ ചെങ്ങന്നൂരിലെ തഴമൺ മഠത്തിൽ എത്തിയത്. കണ്ഠരര് രാജീവരുടെ അറസ്റ്റിന് പിന്നാലെ കേസിലെ തെളിവുകൾ ശേഖരിക്കുന്നതിനായി എസ്ഐടി സംഘം വീട്ടിൽ പരിശോധന നടത്താനിരിക്കെയാണ് ബിജെപി നേതാക്കളുടെ ഈ സന്ദർശനം.
Also Read : തന്ത്രി വെറുമൊരു ആചാര്യനല്ല, സർക്കാർ ശമ്പളം പറ്റുന്ന പൊതുപ്രവർത്തകൻ; വീടുകയറി തെളിവു കണ്ടെത്താൻ എസ്ഐടി
മഠത്തിലെത്തിയ ബിജെപി നേതാക്കൾ കണ്ഠരര് രാജീവരുടെ കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയിൽ ഏറെനേരം സംസാരിച്ചു. തന്ത്രിയുടെ അറസ്റ്റിനെ ബിജെപി രാഷ്ട്രീയമായി പ്രതിരോധിക്കുമെന്ന സൂചനയാണ് ഈ സന്ദർശനം നൽകുന്നത്. തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ശബരിമലയെ തകർക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണിതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനാണ് തന്ത്രിയെ ബലിയാടാക്കുന്നതെന്നാണ് പാർട്ടിയുടെ നിലപാട്.
Also Read : തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം; ജയില്‍ വാഹനത്തിൽ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു
തന്ത്രിയുടെ അറസ്റ്റ് നടുക്കമുണ്ടാക്കുന്നതാണെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നേരത്തെ പ്രതികരിച്ചിരുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെന്നും മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ഠരര് രാജീവരും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ തേടിയാണ് എസ്.ഐ.ടി ഇന്ന് വീട്ടിൽ പരിശോധന നടത്തുന്നത്. തന്ത്രി പബ്ലിക് സർവന്റ് ആണെന്നും അതിനാൽ അഴിമതി നിരോധന നിയമം ബാധകമാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നിലവിൽ പൂജപ്പുര സ്‌പെഷ്യല്‍ ജയിലിലായിരുന്ന തന്ത്രിയെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ജയില്‍ അധികൃതർ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here