മാരാര്‍ജി ഭവനില്‍ രാജീവ് ചന്ദ്രശേഖര്‍ ശത്രുസംഹാരപൂജ നടത്തിയെന്ന് ദേശാഭിമാനി; ദുര്‍മരണങ്ങളും തിരിച്ചടികളും നേരിടാന്‍ ജനറല്‍ സെക്രട്ടറി സുരേഷിന്റെ പോംവഴി

ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറും ജനറല്‍ സെക്രട്ടറിയായി എസ് സുരേഷും വന്ന ശേഷം പാര്‍ട്ടിക്ക് തിരിച്ചടികള്‍ വര്‍ദ്ധിക്കുന്നതായും ഇത് നേരിടാന്‍ ശത്രുസംഹാര പൂജ നടത്തിയതായും ദേശാഭിമാനി വാര്‍ത്ത. പാര്‍ട്ടിയുമായി ബന്ധമുള്ളവരുടെ അറസ്റ്റും സഹകരണ തട്ടിപ്പുകളും രാജീവ് ചന്ദ്രശേഖറിന് എതിരായ ഭൂമി കുംഭകോണം സംബന്ധിച്ച ആരോപണവുമെല്ലാം നേരിടാന്‍ ശത്രുസംഹാര പൂജ നടത്തിയെന്നാണ് സിപിഎം മുഖപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം രാജീവ് ചന്ദ്രശേഖര്‍ നിഷേധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നുണ്ട്.

പ്രേതബാധയകറ്റാനും ശത്രുദോഷം തീര്‍ക്കാനും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനിലാണ് പൂജയും ഹോമവും നടന്നത്. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ തന്നെയാണ് ഹോമം നടന്നത്. ഇങ്ങനെ ഒരു ആശയം മുന്നോട്ടുവച്ചതും തൃശൂരില്‍ നിന്നും പൂജാരിയെ എത്തിച്ചതുമെല്ലാം ജനറല്‍ സെക്രട്ടറിയായ എസ് സുരേഷാണ്. മുതിര്‍ന്ന നേതാക്കളായ കെ സുരേന്ദ്രനും വി മുരളീധരനും പങ്കെടുത്തില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജില്ലാ ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ തിരുമല അനില്‍, ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തന്പി, ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനത്തിന് ഇരയായ കോട്ടയം സ്വദേശി അനന്തു അജി എന്നിവരുടെ ആത്മഹത്യയില്‍ ബിജെപി വലിയ പ്രതിസന്ധിയിലാണ്. ഇതുകൂടാതെയാണ് സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും. രാജീവ് ചന്ദ്രശേഖറിന്റെ പേരില്‍ കര്‍ണാടകത്തിലെ 500 കോടി രൂപയുടെ ഭൂമി കൂഭകോണം, എസ് സുരേഷിന്റെ പേരില്‍ 43 ലക്ഷം രൂപയുടെ വായ്പ തട്ടിപ്പും എംഎസ് കുമാറിന്റെ വെളിപ്പെടുത്തലും പുറത്തുവന്നു. ഇതിനെ എല്ലാം നേരിടാനാണ് ഹോമം നടത്തിയത്. ദേശാഭിമാനി വാര്‍ത്തയോട് ഇതുവരേയും ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല. പൂജ നടത്തിയെന്ന് സമ്മതിക്കുമോ നിഷേധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top