‘വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം…’ കര്‍ഷകരെ രക്ഷിക്കാന്‍ തട്ടിക്കൂട്ട് പാര്‍ട്ടിയുമായി കേരള കോണ്‍ഗ്രസ് മുന്‍ നേതാക്കള്‍

കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പച്ച പിടിക്കാതെ പോയ ചില നേതാക്കളുടെ ഇടക്കിടെയുള്ള ഉള്‍വിളികളാണ് ബിജെപിയുമായി ചേര്‍ന്നുള്ള ക്രൈസ്തവ കര്‍ഷക പാര്‍ട്ടി എന്ന സ്വപ്നം. കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ മാത്യുവും കൂട്ടരും പുതിയ കര്‍ഷക പാര്‍ട്ടി രൂപീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നതും ഇങ്ങനെ തന്നെ കണക്കാക്കാം. ഒപ്പം ചില കത്തോലിക്കാ വൈദികശ്രേഷ്ഠരുടെ പരോക്ഷ പിന്തുണയുമുണ്ട്.

ഇന്നലെ കോട്ടയത്ത് നടന്ന കര്‍ഷക സംഗമത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച രണ്ട് കത്തോലിക്ക മെത്രാന്‍മാര്‍ വിട്ടുനിന്നെങ്കിലും അവരുടെ അനുഗ്രഹവും, സഭയുടെ പിന്തുണയും പുതിയ പ്രസ്ഥാനത്തിന് ഉണ്ടെന്നാണ് പ്രചരണം. 86 വയസുള്ള ജോര്‍ജ് ജെ മാത്യുവിന്റെയും അദ്ദേഹത്തിനൊപ്പം കൂടിയിരിക്കുന്ന ചില മുന്‍ എംഎല്‍മാരുടേയും രാഷ്ട്രീയ മോഹങ്ങള്‍ക്കപ്പുറത്ത് ഈ പുതിയ തട്ടിക്കൂട്ട് കര്‍ഷകപ്രേമത്തിന് യാതൊരു അടിസ്ഥാനവുമില്ല.

കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍ എന്ന പേരില്‍ ജോര്‍ജ് ജെ മാത്യു ഇന്നലെ കോട്ടയത്ത് വിളിച്ചുകൂട്ടിയ കര്‍ഷക സംഗമത്തില്‍ 100ല്‍ താഴെ ആള്‍ക്കാരാണ് പങ്കെടുത്തത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു എങ്കിലും അവസാന നിമിഷം മുങ്ങി. ബിജെപി പിന്തുണയോടെ ക്രൈസ്തവ രാഷ്ട്രീയപാര്‍ട്ടി രൂപീകരണമെന്ന വാര്‍ത്ത പരന്നതോടെയാണ് മെത്രാന്‍മാര്‍ വിട്ടുനിന്നത്.

ഭൂമി കുംഭകോണക്കേസുകളില്‍ പ്രതിയായ മാര്‍ ആലഞ്ചേരിക്ക് അതിൽ നിന്നെല്ലാം രക്ഷപ്പെടാനാണ് ബിജെപിക്കൊപ്പം ചേർന്നുള്ള തട്ടിക്കൂട്ട് പരിപാടി എന്ന ആക്ഷേപവും ശക്തമാണ്. സംഗമത്തിന്റെ ഉദ്ഘാടനം കര്‍ദ്ദിനാളും അനുഗ്രഹ പ്രഭാഷണം മാര്‍ അറയ്ക്കലും നടത്തും എന്നായിരുന്നു അറിയിപ്പ്. രണ്ടുപേര്‍ക്കും വേദിയില്‍ ഇരിപ്പടവും ഒരുക്കി. ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് ഉദ്ഘാടനം ചെയ്തത്. അതിന് പിന്നാലെയാണ് ഇന്ന് രാവിലെ കോട്ടയം പ്രസ് ക്ലബില്‍ രാഷ്ടീയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

കേരള കോണ്‍ഗ്രസ് രൂപീകരിച്ച 1964 മുതല്‍ 1983 വരെ കേരള കോണ്‍ഗ്രസിലായിരുന്നു ജോര്‍ജ് ജെ മാത്യു. 1977 മുതല്‍ 1980 വരെ മൂവാറ്റുപുഴയില്‍ നിന്നുള്ള എംപി. 1980-83 വരെ പാര്‍ട്ടി ചെയര്‍മാന്‍. കെഎം മാണിയുമായി തെറ്റിപ്പിരിഞ്ഞ് പാര്‍ട്ടിവിട്ടു. 1983 അവസാനം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1991- 2006 കാലത്ത് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് നിയമസഭാംഗമായി. അതിനുശേഷം കോണ്‍ഗ്രസ് വിട്ട് രാഷ്ട്രീയം ഏതാണ്ട് ഉപേക്ഷിച്ച മട്ടിലായിരുന്നു.

2023ല്‍ ജോണി നെല്ലൂര്‍, വിവി അഗസ്റ്റിന്‍ തുടങ്ങിയവരോടൊപ്പം ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമം നടത്തിയെങ്കിലും അവസാന നിമിഷം ജോര്‍ജ് ജെ മാത്യൂ പിന്‍മാറി. ജോണിയും കൂട്ടുരും ചേര്‍ന്നുണ്ടാക്കിയ നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി തുടക്കത്തില്‍ തന്നെ അകാലചരമം പ്രാപിച്ചു. ജോണി നെല്ലൂര്‍ പാര്‍ട്ടി വിടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അദ്ദേഹം കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു. അതോടെ പുതിയതായി രൂപം കൊണ്ട പാര്‍ട്ടി അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു.

ജോര്‍ജ് ജെ മാത്യൂവിനൊപ്പം കര്‍ഷക പ്രേമവുമായി വന്നിരിക്കുന്നത് മുന്‍ കേരള കോണ്‍ഗ്രസ് എംഎല്‍എമാരായ പിഎം മാത്യു, എംവി മാണി എന്നിവരും, മുന്‍ എംപിമാരായ തോമസ് കൊട്ടകപ്പള്ളി, സ്‌കറിയ തോമസ് എന്നിവരുടെ മക്കളുമാണ്. പിഎം മാത്യുവും എംവി മാണിയും കേരള കോണ്‍ഗ്രസിലെ ഒട്ടുമിക്ക ഗ്രൂപ്പുകളിലും കയറിയിറങ്ങിയാണ് ഇപ്പോള്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

കോട്ടയത്ത് ഇന്നലെ നടന്ന കര്‍ഷക സംഗമത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന ബിഡിജെഎസ് പ്രവര്‍ത്തകരും ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (CASA) എന്ന സംഘടനയുടെ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. കര്‍ഷകപ്രേമം പറയുന്നുണ്ടെങ്കിലും പരമമായ ലക്ഷ്യം ബിജെപിക്കൊപ്പം ചേര്‍ന്ന് എന്തെങ്കിലും പദവികള്‍ അടിച്ചെടുക്കുക എന്നത് തന്നെയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top