യോഗിയുടെ കത്തില്‍ പിടിവിട്ട് സംസ്ഥാന ബിജെപി; എങ്ങനെ സംഭവിച്ചു എന്നു പോലും അറിയാതെ നേതാക്കള്‍; ആയുധമാക്കാന്‍ കോണ്‍ഗ്രസ്

ആഗോള അയ്യപ്പ സംഗമത്തിന് ആശംസനേര്‍ന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയച്ച കത്ത് സര്‍ക്കാറിനെ കുത്താനുള്ള ആയുധമാക്കാന്‍ പ്രതിപക്ഷം. സംഘപരിവാറിനോട് നേര്‍ക്കുനേര്‍ പോരാടുന്നു എന്ന് അവകാശപ്പെടുന്ന സിപിഎം, യോഗിയെ ക്ഷണിച്ചതില്‍ അജണ്ടയുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. 12 വര്‍ഷം മുമ്പ് യുഡിഎഫ് മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ ചന്ദ്രഹാസമിളക്കിയവരാണ് സിപിഎം. അവരാണ് യോഗിയുടെ കത്ത് നേട്ടാമാക്കി അവതരിപ്പിച്ചിരിക്കുന്നത്.

തത്വമസിയുടെ പൂങ്കാവനമായ ശബരിമലയിലേക്ക് യോഗി ആദിത്യനാഥിനെ പോലെ വര്‍ഗീയ വിഷം തുപ്പുന്ന ഒരാളെ ക്ഷണിച്ചത് കേരളത്തിന്റെ മതേതര മനസിന് നേരെയുള്ള കുത്താണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ പ്രത്യേകിച്ചും ബിജെപിയിതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാരും തന്നെ ആഗോള അയ്യപ്പ സംഗമത്തിന് ആശംസ അയക്കാതിരുന്നപ്പോഴാണ് യോഗി വക ആശംസയും അതിന്റെ പരസ്യ വായനയും വേദിയില്‍ നടന്നത്. അതിന് പിന്നില്‍ മറ്റ് ചില ഡീലുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപി- സിപിഎം ബാന്ധവം ബലപ്പെടുത്താനുള്ള നീക്കമാണെന്നും യുഡിഎഫ് ആരോപിക്കുന്നുണ്ട്. ശബരിമലയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ആഗോള അയ്യപ്പ സംഗമത്തിന് കഴിയട്ടെയെന്നാണ് യോഗി ആദിത്യനാഥിന്റെ ആശംസ.ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ അയച്ച കത്തിന് മറുപടി ആയിട്ടാണ് യോഗിയുടെ ആശംസ.

പമ്പയിലെ സംഗമം എല്‍ഡിഎഫിന്റെ രാഷ്ട്രീയ സമ്മേളനമാണെന്നും തട്ടിപ്പു തട്ടിക്കൂട്ട് സംഗമമാണിതെന്നും ആരോപിച്ച് സംസ്ഥാന ബിജെപി ഘടകം ബഹിഷ്‌കരിച്ചു നില്‍ക്കുമ്പോഴാണ് വെള്ളിടി പോലെ യോഗി ആദിത്യനാഥിന്റെ കത്ത് പൊതുവേദിയില്‍ ദേവസ്വം മന്ത്രി വായിച്ചത്. ഇതില്‍ ഞെട്ടി നില്‍ക്കുകയാണ് ബിജെപി. യോഗിയെ യു.പി മുഖ്യമന്ത്രി എന്നതിനപ്പുറം സംഘ്പരിവാര്‍ രാഷ്ട്രീയ-പ്രത്യയശാസ്ത്ര പ്രചരണങ്ങളുടെ തലത്തൊട്ടപ്പനായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വിഎന്‍ വാസവന്‍ ജി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് യോഗി ആദിത്യനാഥിന്റെ കത്ത്. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതില്‍ യുപി മുഖ്യമന്ത്രി നന്ദി പറയുന്നുമുണ്ട്. യോഗിയുടെ ആശംസ പൊതുവേദിയില്‍ വായിച്ചതില്‍ സിപിഐയ്ക്കു മുറുമുറുപ്പുണ്ടെങ്കിലും സിപിഎം അതൊന്നും ഗൗനിക്കാറില്ല. അയ്യപ്പനെ രാഷ്ട്രീയമത്സരത്തിന്റെ കരുവാക്കാന്‍ താല്‍പര്യമില്ലെന്നും വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്നാണ് പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അഭിപ്രായം. ബിജെപിയോട് അടുക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ എല്ലാം ഫലപ്രദമായി ഉപയോഗിക്കുന്നുവെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.

ALSO READ : ഷിബു-മോദി കൂടിക്കാഴ്ചയില്‍ ഉറഞ്ഞു തുള്ളിയ പിണറായി; എഡിജിപി ആര്‍എസ്എസ് ഉന്നതനെ കണ്ടതില്‍ നാവനക്കാതെ മുഖ്യമന്ത്രി

2013 ഏപ്രില്‍ 20ന് അഹമ്മദാബാദില്‍ വെച്ചായിരുന്നു അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും ഷിബു ബേബി ജോണും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ഗുജറാത്ത് തൊഴില്‍ മാതൃക പഠിക്കുന്നതിന്റെ ഭാഗമായാണ് ഔദ്യോഗികമായി മോദിയെ സന്ദര്‍ശിച്ചതെന്നായിരുന്നു തൊഴില്‍ മന്ത്രി ഷിബുവിന്റെ വിശദീകരണം. മോദിയെ തന്റെ അറിവോടെയായിരുന്നില്ല തൊഴില്‍ മന്ത്രി കണ്ടതെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം. പക്ഷേ അന്ന് പ്രതിപക്ഷമായ എല്‍ഡിഎഫ് ഈ വാദം അംഗീകരിച്ചില്ല. സന്ദര്‍ശനം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്നായിരുന്നു അന്നത്തെ സിപിഎം പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. മോദി – ഷിബു കൂടിക്കാഴ്ചയില്‍ വലിയ അപരാധം കണ്ടെത്തിയ പിണറായി വിജയന്‍ പിന്നീട് മോദിക്കു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത് പതിവ് കാഴ്ചയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top