പ്രമീള ശശിധരൻ പാർട്ടി വിടുമോ? രാഹുലിനൊപ്പം വേദി പങ്കിട്ടതിൽ വിശദീകരണം തേടി ബിജെപി സംസ്ഥാന നേതൃത്വം

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പൊതുവേദി പങ്കിട്ട സംഭവത്തിൽ പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷ പ്രമീള ശശിധരനോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി. സംഭവം പാർട്ടിയിൽ വലിയ വിഭാഗീയതയ്ക്ക് വഴിതുറന്നിരിക്കുകയാണ്. പ്രമീളക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെ വിഷയം വഷളായി.
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പരിപാടിയിൽ പങ്കെടുത്തതിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അതൃപ്തി പ്രകടിപ്പിച്ചു. പ്രമീള പരിപാടിയിൽ പങ്കെടുത്തതിൻ്റെ കാരണം രേഖാമൂലം അറിയിക്കണമെന്നാണ് നിർദേശം. സി കൃഷ്ണകുമാർ അടക്കമുള്ള ജില്ലാ നേതാക്കൾ പ്രമീളക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ നേതൃയോഗത്തിൽ, പ്രമീള അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ തെറ്റ് ഏറ്റുപറയണമെന്നും കൃഷ്ണകുമാർ പക്ഷം നിലപാടെടുത്തു. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടികൾ തിരിച്ചടിയാകുമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.
താൻ പങ്കെടുത്തത് വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിപാടിയിലാണെന്ന് വ്യക്തമാക്കി വിവാദങ്ങളിൽ നിന്നും തടിയൂരാനുള്ള ശ്രമത്തിലാണ് പ്രമീള ശശിധരൻ. പാർട്ടി എന്ത് നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പ്രമീള പറഞ്ഞു. പാർട്ടി പരിപാടിയിൽ പങ്കെടുക്കരുത് എന്ന് തനിക്ക് നിർദേശം ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ തയ്യാറാണ്. താൻ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരില്ലെന്നും പ്രമീള ഉറപ്പിച്ചു പറഞ്ഞു.
അതേസമയം, ബിജെപിയിലെ വിഭാഗീയത മുതലെടുക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. പ്രമീള ശശിധരനെ കോൺഗ്രസിലേക്ക് എത്തിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി പാലക്കാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രമീള ശശിധരനെ പാർട്ടിയിലേക്ക് ക്ഷണിച്ചു കഴിഞ്ഞു. പ്രമീളയുടെ രാജി ആവശ്യപ്പെടുന്ന ബിജെപിയുടെ നിലപാട് കോൺഗ്രസിന് രാഷ്ട്രീയമായി ആയുധമായി മാറിയിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here