ബോംബേറിൽ കാൽ അറ്റു; ഡോക്ടർ മോഹം കയ്യെത്തിപിടിച്ചു; ഉമ്മൻ ചാണ്ടിയുടെ നിർണായക ഇടപെടൽ; അസ്‌ന വിവാഹിതയായി

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡോക്ടർ അസ്‌നയുടെ വിവാഹം ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. രാഷ്ട്രീയ സംഘർഷങ്ങളുടെ ജീവിക്കുന്ന ഇരയാണ് അസ്ന. 2000 സെപ്റ്റംബർ മാസം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ ഒരു ബോംബ് അസ്‌നയുടെ വീട്ടുമുറ്റത്ത് പതിക്കുകയായിരുന്നു. കളിച്ചുകൊണ്ടിരുന്ന ആറ് വയസ്സുകാരിയായ അസ്‌നയുടെ കാലുകൾക്ക് ഗുരുതര പരിക്കേറ്റത് കേരളത്തിന് തീരാനോവാണ്.

പിന്നീട് തുടർ ചികിത്സിക്കിടെ അസ്‌നയുടെ കാൽ മുറിച്ചു മാറ്റേണ്ടിവന്നു. കഠിനമായ വേദന കടിച്ചമർത്തി ആശുപത്രിയിൽ കഴിഞ്ഞിരുന്ന നാളുകളിൽ ഡോക്ടർമാരിൽ നിന്ന് ലഭിച്ച പരിചരണവും സ്നേഹവും അസ്നയിൽ ഡോക്ടർ ആകണമെന്ന ആഗ്രഹം ഉണ്ടാക്കി. തീക്ഷണമായ ജീവിത സാഹചര്യങ്ങൾക്കിടയിലും ആഗ്രഹം കൈവിടാതെ അവൾ ആ സ്വപ്നം നേടിയെടുത്തു.

Also Read: അമാവാസി മുതൽ വേലായുധൻ വരെ; നിരപരാധികളുടെ ജീവനെടുക്കുന്ന ബോംബ് രാഷ്ട്രിയം കൈവിടാതെ കണ്ണൂർ

കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിന് മെറിറ്റിൽ അഡ്മിഷൻ നേടി. നാലാം നിലയിലായിരുന്ന ക്ലാസ് മുറിയിലേക്ക് കയറാൻ പറ്റാത്ത സാഹചര്യത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇടപെടലിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ 38 ലക്ഷം രൂപയ്ക്ക് ലിഫ്റ്റും സ്ഥാപിച്ചു. അത് അസ്‌നക്ക് തൻ്റെ സ്വപ്നത്തിലേക്ക് പറന്നുയരാനുള്ള പ്രധാന ചവിട്ടുപടിയായിരുന്നു.

2020ൽ അസ്ന പഠനം പൂർത്തിയാക്കി ഡോക്ടറായി. ഇതിനിടെ ആതുര സേവനരംഗത്ത് തന്നെക്കൊണ്ട് കഴിയുന്ന സേവനങ്ങൾ അനുഷ്ഠിച്ചു. സ്വന്തം നാട്ടിൽ ഡോക്ടറായി ജോലി ചെയ്യണമെന്ന ആഗ്രഹം പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിലെ പോസ്റ്റിങ്ങിലൂടെ സഫലമായി. അറ്റുപോയ കാലിനു പകരം കൃത്രിമക്കാലുമായി പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ അസ്‌ന. ആലക്കോട് സ്വദേശി ഷാര്‍ജയില്‍ എന്‍ജിനീയറായ നിഖിലാണ് വരന്‍. അസ്നയുടെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീട്ടിലായിരുന്നു ചടങ്ങുകള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top