ടിഷ്യു പേപ്പറിൽ ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി

ഡൽഹിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. വിമാനത്തിനുള്ളിലെ ശൗചാലയത്തിൽ നിന്ന് ഭീഷണി സന്ദേശം എഴുതിയ ടിഷ്യു പേപ്പർ ലഭിച്ചതിനെ തുടർന്ന് വിമാനം ലഖ്നൗവിലേക്ക് തിരിച്ചുവിട്ടു.
ഇന്ന് രാവിലെ 8:46ഓടെയാണ് ഭീഷണി സംബന്ധിച്ച വിവരം എയർ ട്രാഫിക് കൺട്രോളിന് (ATC) ലഭിച്ചത്. രാവിലെ 9:17ഓടെ വിമാനം ലഖ്നൗ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. ഇൻഡിഗോയുടെ 6E 6650 ഡൽഹി – ബാഗ്ഡോഗ്ര വിമാനത്തിൽ നിന്നുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. 8 കുട്ടികൾ ഉൾപ്പെടെ 230 യാത്രക്കാരും 7 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
വിമാനത്തിലെ ടോയ്‌ലറ്റിനുള്ളിൽ ടിഷ്യു പേപ്പറിൽ കൈപ്പടയിൽ എഴുതിയ സന്ദേശമാണ് പരിഭ്രാന്തി പരത്തിയത്. വിമാനം ലാൻഡിംഗ് നടത്തിയ ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. ബോംബ് ഡിസ്പോസൽ സ്ക്വാഡും സിഐഎസ്എഫ് സംഘവും വിമാനത്തിൽ വിശദമായ പരിശോധന നടത്തിവരികയാണ്. യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയതായും അന്വേഷണത്തിൽ അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here