അഭിഭാഷക വൃത്തിയില്‍ ക്രിമിനലുകള്‍ കടന്നുകൂടിയെന്ന് അഡ്വ. കെ രാംകുമാര്‍; ഹൈക്കോടതി ജഡ്ജിമാരെ നിയന്ത്രിക്കുന്ന ഉപജാപക സംഘങ്ങളും

അഭിഭാഷകര്‍ക്കിടയിലെ ക്രിമിനല്‍ വല്‍ക്കരണത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ തന്നെ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ രാംകുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരുവനന്തപുരം – വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകയായ ജെവി ശ്യാമിലിയെ അതിക്രൂരമായി മര്‍ദ്ദിച്ച അഡ്വ ബെയ്‌ലിന്‍ ദാസിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പിന്‍തിരിപ്പിച്ചത് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളാണെന്ന് ശ്യാമിലി ആരോപിച്ചിരുന്നു. ഗര്‍ഭിണി ആയിരുന്നപ്പോഴും ഇയാള്‍ മര്‍ദിച്ചിരുന്നതായും ശ്യാമിലി പരാതി ഉന്നയിച്ചിരുന്നു. ഇതോടെയാണ് മുതിര്‍ന്ന അഭിഭാഷകന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്.

2016ല്‍ മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച അഡ്വ കെ രാംകുമാറിന്റെ ‘കോടതിയിലേക്കോ നില്ക്കു’ എന്ന പുസ്തകത്തിലാണ് കേരളത്തിലെ കോടതികളില്‍ ജോലി ചെയ്യുന്ന അഭിഭാഷകര്‍ക്കിടയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന അനഭിലഷണീയമായ പ്രവണതകളെക്കുറിച്ച് അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിരിക്കുന്നത്. 1963 മുതല്‍ കേരള ഹൈക്കോടതിയിലും മറ്റ് കോടതികളിലും സജീവമായി പ്രാക്ടീസ് ചെയ്യുന്ന അദ്ദേഹം തനിക്ക് നേരിട്ട് ബോധ്യമുള്ള വിഷയങ്ങളെക്കുറിച്ചാണ് ആത്മകഥാംശം കലര്‍ന്ന പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. ‘മങ്ങലേറ്റ മഹത്തായ അഭിഭാഷക വൃത്തി’ എന്ന അധ്യായത്തില്‍ സംസ്ഥാനത്തെ അഭിഭാഷകരുടെ ഇടയില്‍ പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പിടിച്ചിരിക്കുന്ന നിയമവിരുദ്ധ – അസാന്മാര്‍ഗിക ഇടപാടുകളെ തുറന്ന് കാണിച്ചിട്ടുണ്ട്.

“കേരളത്തിലെ അറിയപ്പെടുന്ന ഒരു രാഷ്ടീയ നേതാവും മുന്‍ നിയമസഭാ സാമാജികനും പല നിയമപ്രശ്‌നങ്ങളിലും ഉപദേശം തേടാന്‍ ദീര്‍ഘദൂരം യാത്ര ചെയ്ത് എറണാകുളത്ത് എത്താറുണ്ട്. ഒരവസരത്തില്‍ അദ്ദേഹത്തോട് ചോദിച്ചു: ഹൈക്കോടതിയെ സമീപിക്കേണ്ടതായ കാര്യങ്ങള്‍ അല്ലാത്തതിന് കഷ്ടപ്പെട്ട് എന്തിനാ വരുന്നത്? അവിടത്തെ വക്കീലമ്മാരോട് ചോദിച്ചാല്‍ പോരെ?’ അതിന് അദ്ദേഹം പറഞ്ഞ മറുപടി യഥാര്‍ത്ഥത്തില്‍ ഞെട്ടലുളവാക്കുന്നതായിരുന്നു. എന്റെ പ്രദേശത്തെ വക്കീലന്മാരെന്ന് പറഞ്ഞാല്‍ സംഘടിതരായ ക്രിമിനലുകളായിട്ടാണ് ജനം കാണുന്നത്. ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല എതിര്‍ കക്ഷികളുമായി ബന്ധപ്പെടുന്നതും ചെക്ക് കേസ്, വിവാഹ മോചനക്കേസ് എന്നിവയില്‍ കിട്ടുന്ന സംഖ്യയുടെ ഭീമമായ പങ്ക് പറ്റുന്നതിനും ഒക്കെയുള്ള കഥകള്‍ അദ്ദേഹം വിശ്വസനീയമായ രീതിയില്‍ വിവരിച്ചപ്പോള്‍ വാസ്തവത്തില്‍ തരിച്ചിരുന്നു പോയി. തെക്കന്‍ പ്രദേശത്തു നിന്നായിരുന്നു അദ്ദേഹം”

മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ബുലാ ഭായ് ദേശായ് തുടങ്ങിയ രാഷ്ട്ര നേതാക്കന്മാരും ഫിറോസ് മേത്ത, അശുതോഷ് മുഖര്‍ജി, പാല്‍ക്കിവാല തുടങ്ങിയവരും അലങ്കരിച്ചിരുന്ന, പ്രശോഭിതമാക്കിയ, ഒരു കാലത്ത് മഹത്തെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ഒരു തൊഴിലിന്റെ പതനത്തെക്കുറിച്ചോര്‍ത്തു എന്ന് പറഞ്ഞു കൊണ്ടാണ് രാം കുമാര്‍ ശോഭ നശിച്ച അഭിഭാഷക വൃത്തിയുടെ പതനത്തെക്കുറിച്ച് വേദനയോടെ എഴുതിയത്.

ഹൈക്കോടതിയിലും കീഴ് കോടതികളിലും നടക്കുന്ന വൃത്തികേടുകളേയും അദേഹം പൊളിച്ചു കാണിക്കുന്നുണ്ട്. “ഒരു കാലത്ത് ഹൈക്കോടതികളിലെ അഭിഭാഷകരായിരുന്നു – ആ തൊഴിലിലെ പ്രശസ്തര്‍, മാതൃകകള്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും സ്വാധീനം ചെലുത്തിയിരുന്നവ- ഇന്നോ?
രാജ്യത്തെ എല്ലാ കോടതികളിലും ഒരു കൂട്ടം അഭിഭാഷകര്‍ വെറും സേവക പരിഷകളായി അധ:പതിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ- സ്ഥാന സമ്പാദന വിദഗ്ധരായി മാറിയിട്ടുണ്ട്. ചില ജഡ്ജിമാരെ മാത്രം ആശ്രയിച്ചും കേന്ദ്രീകരിച്ചും അനര്‍ഹമായ വിജയം കൊയ്‌തെടുക്കാനള്ള പരിശ്രമം കേരളാ ഹൈക്കോടതിയില്‍പ്പോലും നിലവിലുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ ന്യൂനപക്ഷ വര്‍ഗത്തെ തിരഞ്ഞു പിടിച്ച് തകര്‍ക്കുന്നതിന് പകരം അവരെ വളര്‍ത്തി വലുതാക്കുന്ന പ്രവണതയാണ് കാണുന്നത്. ഇവരുടെ ദുഷ്പ്രവര്‍ത്തികള്‍ കൊണ്ട് പൊറുതി മുട്ടിയ മറ്റഭിഭാഷകര്‍ നിസ്സഹായരായി, നിശബ്ദരായി, നിരാശപൂര്‍വം ഈ അവിഹിത നടപടികള്‍ സഹിച്ചു കൊണ്ടേയിരിക്കുന്നു. മറ്റഭിഭാഷകര്‍ക്ക് ലഭിക്കാത്ത അനുകൂലമായ കല്പനകള്‍ ഈ വിഭാഗം നേടിയെടിക്കുന്നുവെന്ന് അവര്‍ അവകാശപ്പെടുന്നു. ഇവരുടെ പ്രാക്ടീസിന്റെ മേഖലകളും വിഷയങ്ങളും മുമ്മൂന്ന് മാസം കൂടുമ്പോള്‍ മാറി കൊണ്ടിരിക്കുകയും ചെയ്യുന്നു. അനനുവദനീയമായ ഇത്തരം ദുഷ്പ്രവണതകള്‍ അറിഞ്ഞിട്ടും അധികാര സ്ഥാനത്തിലിരിക്കുന്നവര്‍ പോലും അറിഞ്ഞില്ലെന്ന് നടിക്കുന്നു”.

കേരള ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ ബന്ധുക്കളെ ചുറ്റിപ്പറ്റി ഉയര്‍ന്ന ആരോപണങ്ങളും രാംകുമാര്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. “അധികാര സ്ഥാനങ്ങളെ ചുറ്റിപ്പറ്റിയ ഉപജാപക സംഘങ്ങളെപ്പറ്റി വിവരിക്കുന്നതിങ്ങനെയാണ്. ‘ഇന്നലെകളില്‍ കേരള ഹൈക്കോടതി അധികാര സ്ഥാനീയരുടെ വളരെ അടുത്ത ബന്ധുക്കളുടേയും അവരെ ചുറ്റിപ്പറ്റിയുള്ള ഉപജാപക സംഘങ്ങളുടേയും വിള ഭൂമിയായിരുന്നു. അവരുണ്ടാക്കി വെച്ച ആഘാതത്തില്‍ നിന്ന് കഷ്ടിച്ചു മോചനം നേടിയെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് മറ്റ് ചില ഉപജാപക സംഘങ്ങള്‍ സജീവമായി പ്രത്യക്ഷപ്പെടുന്നത്. ഹീനമായ അവരുടെ പ്രവര്‍ത്തികള്‍ വ്യക്തികളേക്കാള്‍ ജന വിശ്വാസത്തിന്റെ അടിത്തറയില്‍ പ്രവര്‍ത്തിക്കേണ്ടുന്ന ഒരു മഹാ സ്ഥാപനത്തെയാണ് തകര്‍ത്തു കൊണ്ടിരിക്കുന്നത്; തളര്‍ത്തുന്നത്. എന്നിട്ടും അവര്‍ മാന്യത നേടിയ പോലെ തോന്നുന്നു. സ്ഥാനമാനങ്ങള്‍ അവരെ അന്വേഷിച്ചു ചെല്ലുന്നു. അനര്‍ഹമായ ധന- സ്ഥാന – സമ്പാദനങ്ങള്‍ അവര്‍ നേടിയെടുക്കുന്നു. ‘കണ്ടകശ്ശനി കൊണ്ടേ പോകൂ ‘ എന്നതു പോലെ അധികാരത്തിന്റെ ഇടനാഴികളില്‍ പ്രവേശിക്കാന്‍ പോലും പരിശ്രമിക്കുന്നുണ്ട് അവരില്‍ ചിലര്‍ . അതു യാഥാര്‍ത്ഥ്യമായാല്‍, ഗ്രഹപ്പിഴ എന്നല്ലാതെ എന്തു പറയാന്‍”.

വിവാഹ മോചനക്കേസുകളിലും മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകളിലും കീഴ് കോടികളിലെ അഭിഭാഷകര്‍ നടത്തുന്ന നെറികേടുകളെ ആത്മരോഷത്തോടെയാണ് രാം കുമാര്‍ പൊളിച്ചടുക്കുന്നത്. “കീഴ് കോടതിയിലെ സ്ഥിതിയും മെച്ചപ്പെട്ടതല്ല, കേസുകള്‍ ‘പിടിക്കാന്‍ ‘അനാരോഗ്യമെന്നു പണ്ട് കരുതിയിരുന്ന പല രീതികളും ഇന്ന് മാന്യമായിട്ടുണ്ട്. അമേരിക്കയിലെ പ്പോലെ വിധിച്ചു കിട്ടുന്ന സംഖ്യയുടെ അനുപാത ക്രമത്തില്‍ പ്രതിഫലം നിര്‍ണയിക്കുന്നത് സര്‍വസാധാരണമായിരിക്കുന്നു. വിവാഹ മോചനക്കേസുകളില്‍ ഭീമമായ ജീവനാംശത്തിന്റെ പങ്ക് അഭിഭാഷകര്‍ കണക്ക് പറഞ്ഞ് പറ്റുന്നതായി പരാതികളുണ്ട്. മോട്ടോര്‍ വാഹന നഷ്ടപരിഹാരക്കേസുകളില്‍ ഇത് അംഗീകൃത ഏര്‍പ്പാടായി മാറിക്കഴിഞ്ഞു. അമേരിക്കയില്‍ ഈ വിഭാഗം അഭിഭാഷകരെ ‘ആംബുലന്‍സ് ചെയ്‌സേഴ്‌സ്’ എന്ന പരിഹാസപ്പേരിലാണ് അറിയപ്പെടുന്നത്. ഇത്തരം ഏര്‍പ്പാടുകള്‍ വഴി നിരവധി അഭിഭാഷകര്‍ ബാര്‍ കൗണ്‍സിലിലേക്ക് വലിച്ചിഴക്കപ്പെടുന്നുണ്ട്”.

ജൂഡീഷ്യറിയില്‍ നടക്കുന്ന കൊള്ളരുതായ്മകളെക്കുറിച്ചും രാംകുമാര്‍ തുറന്നു പറയുന്നുണ്ട്. കേസുകള്‍ കെട്ട് വിധി പ്രസ്താവിക്കാതെ നീട്ടിക്കൊണ്ടു പോകുന്ന ജഡ്ജിമാര്‍ ഹൈക്കോടതിയിലുണ്ട്. വിധി പ്രസ്താവിക്കലെന്ന പ്രക്രിയ തന്നെ ഏതാണ്ട് മരവിച്ച അവസ്ഥയിലാണെന്ന് അദ്ദേഹം വിലപിക്കുന്നുണ്ട്. പത്തും പതിനഞ്ചും കൊല്ലമായി കെട്ടിക്കിടക്കുന്ന കേസുകള്‍ തൊടാതെ ഇരിക്കുന്ന ജഡ്ജിമാരുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഭയാനകമാം വിധം ക്രിമിനല്‍ വല്‍ക്കരിക്കപ്പെട്ട അഭിഭാഷക വൃത്തിയുടെ ഇരയാണ് ക്രൂര മര്‍ദ്ദനമേറ്റ ശ്യാമിലി. ഈ രംഗത്തെ ക്രിമിനലുകളെക്കുറിച്ച്
പ്രവാചക ശബ്ദത്തോടെ എഴുതിയത് ശരിയാണെന്ന് തെളിയിക്കുന്ന സംഭവമാണ് വഞ്ചിയൂരില്‍ അരങ്ങേറിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top