ബ്രഹ്‌മോസാണ് താരം; പാകിസ്ഥാനെ ചുരുട്ടി മടക്കിയ ഇന്ത്യന്‍ ആവനാഴിയിലെ ബ്രഹ്‌മാസ്ത്രത്തിന് എന്ത് വില വരും?

ഇക്കഴിഞ്ഞ ആഴ്ച ഇന്ത്യാക്കാരെ ഒന്നടങ്കം ത്രസിപ്പിച്ച നാല് പ്രധാന പേരുകളുണ്ട്. ബ്രഹ്‌മോസ് മിസൈല്‍, ഓപ്പറേഷന്‍ സിന്ദൂര്‍, സോഫിയ ഖുറേഷി, വ്യോമിക സിംഗ്. പഹല്‍ഗാം ഭീകര ആക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാന് കൊടുത്ത തിരിച്ചടിക്ക് നല്‍കിയ പേരാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’, ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത നമ്മുടെ വജ്രായുധമായിരുന്നു ബ്രഹ്‌മോസ് മിസൈല്‍, ഇന്ത്യ നടത്തിയ മിലിറ്ററി ഓപ്പറേഷന്‍ ലോകത്തോട് വിവരിച്ചത് രണ്ട് വനിതാ ഓഫീസര്‍മാര്‍ സോഫിയ ഖുറേഷിയും വ്യോമിക സിംഗും. ഇതെല്ലാം ഇന്ത്യാക്കാരെ സംബന്ധിച്ച് പുതുമയുള്ളതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു.

ലോകം മുഴുവന്‍ തെരഞ്ഞതും അന്വേഷിച്ചതും ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലിനെ കുറിച്ചാണ്. പാകിസ്ഥാന്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ ഭീകര കേന്ദ്രങ്ങളെ ചുട്ട് ചാമ്പലാക്കിയ ബ്രഹ്‌മോസിന്റെ ചരിത്രമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഈ മിസൈല്‍ വാങ്ങാന്‍ ഒരുപാട് രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചിരിക്കയാണ്. ബ്രഹ്‌മോസ് വാങ്ങുന്നതിന് ബ്രസീലും സിംഗപ്പൂരും അടക്കം നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ബ്രഹ്‌മോസ് വാങ്ങുന്നതിനായി ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത് ഫിലിപ്പീന്‍സ് ആണ്.

1995 ഡിസംബറിലാണ് റഷ്യയും ഇന്ത്യയും സംയുക്തമായി ബ്രഹ്‌മോസ് ഏറോ സ്‌പെയ്‌സ് എന്ന കമ്പനിക്ക് രൂപം കൊടുത്തത്. ഇന്ത്യക്ക് 50.5 ശതമാനവും റഷ്യയ്ക്ക് 49.5 ശതമാനവും ഓഹരി പങ്കാളിത്തമുള്ള കമ്പനി.നമ്മുടെ ബ്രഹ്‌മപുത്ര നദിയുടേയും റഷ്യയുടെ മോസ്‌കോവ് നദികളുടെയും പേരുകളില്‍ നിന്നു രൂപം കൊടുത്ത ചുരുക്കപ്പേരാണ് സ്ഥാപനത്തിന് നല്‍കിയത്. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലെപ്‌മെന്റ് ഓര്‍ഗനൈസേഷന്റേയും (ഡിആര്‍ഡിഒ) റഷ്യന്‍ ഫെഡറേഷന്റെ എന്‍പിഒ മഷിനോസ്‌ട്രോയേനിയയുടേയും സംയുക്തസംരംഭമാണ് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ലോകത്തിലെത്തന്നെ ഏറ്റവും വിജയകരമായ മിസൈല്‍ സംവിധാനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ മാസം 22ന് കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികളായ 26പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയെന്നോണമാണ് തീവ്രവാദ കേന്ദ്രങ്ങളെ ഇന്ത്യ തകര്‍ത്തത്. 100ലധികം ഭീകരരും അവരുടെ കൂട്ടാളികളുമാണ് കൊല്ലപ്പെട്ടത്. ഈ മാസം ഒമ്പതിന് അര്‍ദ്ധ രാത്രിയില്‍ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തി ഭീകര സംഘടനയെ ഭസ്മമാക്കി.

സാധാരണക്കാര്‍ക്കും സൈനിക സ്ഥാപനങ്ങള്‍ക്കും കേടുവരുത്താതെ ഭീകരരെ വിരിയിച്ചിറക്കുന്ന നഴ്സറികളെയാണ് ചുട്ടെരിച്ചത്. ഇന്ത്യയുടെ ഈ മിന്നലാക്രമണത്തില്‍ പകച്ചു പോയി പാകിസ്ഥാന്‍ സേന. ശബ്ദത്തേക്കാള്‍ വേഗത്തില്‍ പായുന്ന ബ്രഹ്‌മോസിനെ തടയാനോ പ്രതിരോധിക്കാനോ ഉള്ള സാങ്കേതിക മികവോ, പ്രായോഗിക ക്ഷമതയോ പാകിസ്ഥാന് ഇല്ലായിരുന്നു.

ഇന്ത്യന്‍ ശാസ്ത്രജ്ഞരും സൈനിക വിദഗ്ധരും ചേര്‍ന്ന് രുപം കൊടുത്ത ബ്രഹ്‌മോസ് മിസൈല്‍ ഉപയോഗിച്ച രീതിയും അതിന്റെ കൃത്യതയും ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. ബ്രഹ്‌മോസ് മിസൈല്‍ പാകിസ്ഥാന്റെ എല്ലാ വ്യോമ പ്രതിരോധത്തെയും മറികടന്നു എന്നു മാത്രമല്ല, ലക്ഷ്യം വെച്ച കേന്ദ്രത്തില്‍ മാത്രമാണ് മിസൈല്‍ പതിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ ബ്രഹ്‌മോസ് മിസൈല്‍ ഉപയോഗിച്ച് പാകിസ്ഥാന്റെ ചില വ്യോമതാവളങ്ങള്‍ കൂടി ഇന്ത്യ തകര്‍ത്തു.

ബ്രഹ്‌മോസ് മിസൈല്‍ രൂപം കൊടുക്കാനായി തുടക്കത്തില്‍ 250 ദശലക്ഷം ഡോളര്‍ അതായത് 2,135 കോടി രൂപയാണ് നിക്ഷേപിച്ചത്. ബ്രഹ്‌മോസ് ഉല്‍പാദന യൂണിറ്റിന്റെ ചെലവ് ഏകദേശം 300 കോടി രൂപയാണെന്നും ഒരു മിസൈലിന്റെ വില ഏകദേശം 34 കോടി രൂപയാണെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രഹ്‌മോസ് മിസൈലിന്റെ വിലയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ എവിടെയും നല്‍കിയിട്ടില്ല. അതിപ്പോഴും രഹസ്യമാണ്.

സൂപ്പര്‍സോണിക് ബ്രഹ്‌മോസ് മിസൈലിന്റെ ദൂരപരിധി ഏകദേശം 290 കിലോമീറ്ററാണ്. എന്നാല്‍ ഏറ്റവും പുതിയ പതിപ്പില്‍ ദൂരപരിധി 500 ല്‍ നിന്ന് 800 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ഏത് ലക്ഷ്യ സ്ഥാനവും തകര്‍ക്കാനുള്ള ശേഷി ബ്രഹ്‌മോസ് ആര്‍ജിച്ചിട്ടുണ്ട്.

ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ മാത്രമല്ല, ശത്രുവിന്റെ ലക്ഷ്യത്തെ കിറുകൃത്യമായി തകര്‍ക്കാനും ബ്രഹ്‌മോസ് മിസൈലിന് കഴിയും. കൂടാതെ, 200 മുതല്‍ 300 കിലോഗ്രാം വരെ സ്‌ഫോടകവസ്തുക്കള്‍ വഹിക്കാന്‍ ബ്രഹ്‌മോസ് മിസൈലിന് പൂര്‍ണ്ണമായും കഴിയും. അതേ, ബ്രഹ്‌മോസ് നമ്മുടെ ബ്രഹ്‌മാസ്ത്രം തന്നെയാണ്. 2007 മുതല്‍ അതിവേഗ ബ്രഹ്‌മോസ് മിസൈല്‍ ഇന്ത്യയുടെ പ്രതിരോധശ്രേണിയുടെ ഭാഗമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top