സ്ഥലംമാറ്റത്തിന് കൈക്കൂലി 1 കോടി വരെ! തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ച് ഇഡി റിപ്പോർട്ട്

തമിഴ്‌നാട് മുനിസിപ്പൽ ഭരണ ശുദ്ധജല വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനും അടുത്ത സഹായികൾക്കുമെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനായി വൻതോതിൽ കൈക്കൂലി വാങ്ങിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ഇഡി സംസ്ഥാന സർക്കാരിന് സമർപ്പിച്ച പുതിയ റിപ്പോർട്ടിൽ പറയുന്നത്.

എൻജിനീയർമാർ മുതൽ മുൻസിപ്പൽ എൻജിനീയർമാർ വരെയുള്ള പത്തോളം ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനായി 7 ലക്ഷം മുതൽ 1 കോടി രൂപ വരെ കൈക്കൂലി വാങ്ങിയതായി ഇഡി അവകാശപ്പെടുന്നു. ഏകദേശം 340ഓളം സ്ഥലംമാറ്റങ്ങളിൽ ഇത്തരത്തിൽ പണമിടപാട് നടന്നതായാണ് സൂചന.

മന്ത്രിയുമായി ബന്ധമുള്ള വ്യക്തികൾക്ക് 365.87 കോടി രൂപയുടെ അനധികൃത നിക്ഷേപമുണ്ടെന്ന് ഇഡി കണ്ടെത്തി. ഇതിൽ അമേരിക്കയിലെ 34 ഏക്കർ സ്ഥലവും ഉൾപ്പെടുന്നു. മന്ത്രിയുടെ സഹായികളുടെ ഫോണുകളിൽ നിന്ന് ലഭിച്ച വാട്സാപ്പ് ചാറ്റുകൾ, 102 ഫോട്ടോകൾ, പണം കൈപ്പറ്റിയതിന്റെ രേഖകൾ എന്നിവ റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.

നേരത്തെ ജോലിയുടെ പേരിൽ 25 ലക്ഷം മുതൽ 35 ലക്ഷം വരെ വാങ്ങിയതായും, ശൗചാലയ നിർമ്മാണം ഉൾപ്പെടെയുള്ള സർക്കാർ കരാറുകളിൽ 7.5% മുതൽ 10% വരെ കമ്മീഷൻ കൈപ്പറ്റിയതായും ഇഡി ആരോപിച്ചിരുന്നു. മന്ത്രിക്കെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇഡി തമിഴ്‌നാട് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും കെഎൻ നെഹ്‌റു നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് ഡിഎംകെ ആരോപിച്ചു. അതേസമയം, അഴിമതിയിൽ അന്വേഷണം വേണമെന്ന് എഐഎഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top