വിവാഹ വേദിയിലെ ക്രൂരമായ കൊലപാതകം; രണ്ട് ഷൂട്ടർമാരടക്കം 7 പേർ പിടിയിൽ

പഞ്ചാബിലെ തർൺ തരൺ ജില്ലയിൽ ആം ആദ്മി പാർട്ടിക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് കൊല്ലപ്പെട്ട കേസിൽ രണ്ട് ഷൂട്ടർമാരടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 4ന് അമൃത്സറിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് വൽത്തോവ ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റ് ആയ ജർമൽ സിംഗ് വെടിയേറ്റ് മരിച്ചത്.
കൊലപാതകം നടത്തിയ സുഖ്‌രാജ് സിംഗ്, കരംജിത് സിംഗ് എന്നീ ഷൂട്ടർമാരെ ചത്തീസ്ഗഡിലെ റായ്പൂരിൽ നിന്നാണ് പിടികൂടിയത്. ഇവരെ അമൃത്സറിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും. ഇവർക്ക് സഹായം നൽകിയ മറ്റ് അഞ്ച് പേരെ പഞ്ചാബിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിവാഹ ചടങ്ങിനിടെ അതിക്രമിച്ചു കയറിയ പ്രതികൾ വളരെ അടുത്തു നിന്നാണ് ജർമൽ സിംഗിന്റെ തലയ്ക്ക് വെടിയുതിർത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം പഞ്ചാബ് സർക്കാരിനെതിരെ രംഗത്തെത്തി. മുഖ്യമന്ത്രി ഭഗവന്ത് മാൻ രാജിവെക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here