ഭാഷാഭ്രാന്ത് ജീവനെടുത്തു! മറാത്തി സംസാരിക്കാത്തതിന്റെ പേരിൽ ക്രൂരമർദനം; 19കാരൻ ആത്മഹത്യ ചെയ്തു

ലോക്കൽ ട്രെയിനിൽ വെച്ച് മറാത്തി സംസാരിക്കാത്തതിൻ്റെ പേരിൽ ആക്രമിക്കപ്പെട്ട 19 വയസ്സുകാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മകൻ, ക്രൂരമായിമർദനത്തിന് ഇരയായി എന്ന് ആവർത്തിച്ച് വിളിച്ചു പറഞ്ഞതായി പിതാവ് ജിതേന്ദ്ര ഖൈരെ വെളിപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

ഒന്നാം വർഷ സയൻസ് വിദ്യാർത്ഥിയായ അർണവ് ഖൈരെയാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെ തിരക്കേറിയ ട്രെയിനിൽ കോളേജിലേക്ക് പോകുമ്പോൾ, അർണവ് യാത്രക്കാരനോട് ദയവായി ഒന്ന് മുന്നോട്ട് നീങ്ങുമോ എന്ന് ഹിന്ദിയിൽ ചോദിച്ചു. ഉടൻ തന്നെ ട്രെയിനിലുണ്ടായിരുന്ന ഒരു സംഘം അർണവിന് നേർക്ക് തിരിഞ്ഞു. ‘നിനക്ക് മറാത്തി സംസാരിക്കാൻ അറിയില്ലേ? മറാത്തി സംസാരിക്കാൻ നിനക്ക് നാണമുണ്ടോ?’ എന്ന് ചോദിച്ച് അർണവിനെ മർദിക്കാൻ തുടങ്ങി.

സംഭവത്തെ തുടർന്ന് ഭയന്നുപോയ അർണവ്, കോളേജിലേക്ക് പോകാനുള്ള സ്റ്റേഷനിൽ ഇറങ്ങാതെ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. പിന്നീട് വീട്ടിലേക്ക് വിളിച്ച അർണവ് പിതാവിനോട് നടന്ന കാര്യങ്ങൾ പറഞ്ഞു. കുറെ ആളുകൾ ചേർന്ന് തന്നെ ക്രൂരമായി തല്ലിയെന്നും താൻ വല്ലാതെ ഭയന്നുപോയെന്നും അർണവ് ഫോണിലൂടെ പറഞ്ഞതായി ജിതേന്ദ്ര ഖൈരെ അറിയിച്ചു. അടിയും ഭയവും കാരണം ഛർദ്ദിക്കാൻ വന്ന അർണവ് കോളേജിൽ പോകാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

വൈകുന്നേരം വീട്ടിലെത്തിയ പിതാവ് വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. അയൽവാസികളുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് അർണവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മറാത്തി ഹിന്ദി തർക്കത്തെ തുടർന്ന് മുംബൈയിലും പരിസരങ്ങളിലും നടക്കുന്ന ഏറ്റവും പുതിയ ആക്രമണമാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top