ഒടുവിൽ രാജ്യമെങ്ങും 4G കണക്ഷനുമായി BSNL; ഉദ്ഘാടന ദിനത്തിൽ പുതിയ ഓഫറുകളും

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് BSNL 4G ആകുന്നു. ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡിഷയിൽ നിർവഹിച്ചു. BSNLൻ്റെ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ 37,000 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച 97,500-ലധികം 4G ടവറുകളും മോദി കമ്മീഷൻ ചെയ്തു.
ഇതുപ്രമാണിച്ച് പുതിയ റീച്ചാർജ് പ്ലാൻ BSNL അവതരിപ്പിച്ചു. നിലവിൽ സ്വകാര്യ ടെലികോം കമ്പനികൾ നൽകുന്ന ഓഫറുകളെക്കാൾ കുറഞ്ഞ നിരക്കിലാണ് BSNL ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 225 രൂപക്ക് 30 ദിവസത്തേക്ക് ഡെയ്‌ലി 2.5ജിബി ഡേറ്റയും അൺലിമിറ്റഡ് കോളിംങും ലഭ്യമാകും.
വളരെ പെട്ടെന്ന് തന്നെ 5Gയിലേക്ക് ചുവട് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് BSNL. അതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകി തന്നെയാണ് പുതിയ ടവറുകളും മറ്റും സജ്ജീകരിച്ചിരിക്കുന്നത്. ഫൈവ് ജി സ്പെക്ട്രം ലഭിച്ചാലുടൻ 5Gയിലേക്ക് അനായാസം അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും.
4G സേവനം ഇല്ലാത്തതിനെത്തുടർന്ന് ലക്ഷക്കണക്കിന് ഉപയോക്താക്കൾ BSNL ഉപേക്ഷിച്ചിരുന്നു. എന്നാൽ സ്വകാര്യ നെറ്റ്‌വർക്കുകൾ താരിഫ് വർധിപ്പിച്ചതോടെ നിരവധി പേർ BSNLലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നുണ്ട്. 4Gയുടെ വരവോടെ കൂടൂതുൽ ശക്‌തമായി BSNL തിരിച്ചുവരുമെന്നാണ് കണക്കുകൂട്ടൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here