രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവച്ചാലും ബൈ ഇലക്ഷനുണ്ടാവില്ല; പീരുമേടും അനാഥമായി തുടരും

വിവാദ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്ന ആവശ്യം ശക്തമാണ്. കോണ്‍ഗ്ര്‌സ് ഈ ആവശ്യം പരിഗണിച്ചിട്ടില്ല. സിപിഎമ്മിലെ എം മുകേഷ് അടക്കം എംഎല്‍എമാര്‍ക്കെതിരെ ഇത്തരം ആരോപണം ഉയര്‍ന്നപ്പോള്‍ രാജിവച്ചില്ലോ എന്ന് ചൂണ്ടികാട്ടിയാണ് ഈ ആവശ്യത്തെ തള്ളുന്നത്. എന്നാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും പരാതികളും വന്നാല്‍ രംഗം മാറും. മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പിന് സാധ്യതയുണ്ടോ എന്ന് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ALSO READ : പൊതിച്ചോറിൽ പ്രതികാരം പൊതിഞ്ഞെടുത്ത് DYFI; ‘ഹൃദയപൂർവം’ രാജി വാർത്ത

സിപിഐ നേതാവും എംഎല്‍എയുമായ വാഴൂര്‍ സോമന്റെ നിര്യാണത്തെ തുടര്‍ന്ന് പീരുമേട് നിയമസഭാ മണ്ഡലവും ഒഴിഞ്ഞ് കിടക്കുകയാണ്. നിയമസഭയുടെ കാലാവധി തീരാന്‍ എട്ട് മാസം മാത്രം ബാക്കി നില്‍ക്കേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

2021 ഏപ്രില്‍ ആറിനായിരുന്നു സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. മെയ് 24ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കണക്കനുസരിച്ച് കേവലം എട്ടു മാസം മാത്രമാണ് ഇനി കാലാവധി അവസാനിക്കുന്നത്. അതുകൊണ്ട് തന്നെഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തീരെ കുറവാണ്. നിയമപ്രകാരം ആറ് മാസത്തിനുള്ളില്‍ ഒഴിവു വന്ന മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെങ്കിലും ്അതിനുള്ള സാധ്യതകള്‍ വിരളമാണ്.

ALSO READ : ചാനൽ ചർച്ചകളിലൂടെ ഉദിച്ചുയർന്ന താരം, അതേ ചാനൽ ബന്ധത്തിലൂടെ അടിതെറ്റി!! ‘വീക്നെസ്’ പുറത്തുവിട്ടതും ചാനലുകൾ തന്നെ

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗ്രാഫെടുത്താല്‍ യുഡിഎഫ്-4, എല്‍ഡിഎഫ്-1 എന്നതാണ് സ്ഥിതി. പതിനഞ്ചാം കേരള നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളായിരുന്ന പിടി തോമസ് (തൃക്കാക്കര) ഉമ്മന്‍ ചാണ്ടി (പുതുപ്പള്ളി) എന്നിവര്‍ക്ക് പിന്നാലെ ഇപ്പോള്‍ സഭയുടെ കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പേ വാഴൂര്‍ സോമനും വിട പറഞ്ഞു. പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പാണ് ഈ സഭയുടെ കാലത്ത് നടന്ന ആദ്യ നടന്നത്. തൊട്ടുപിന്നാലെ പുതുപ്പളളിയിലും ഉപതിരഞ്ഞെടുപ്പ് നടന്നു. രണ്ടിടത്തും യുഡിഎഫ് അവരുടെ സിറ്റിംഗ് സീറ്റ് നില നിര്‍ത്തി. പിന്നീട് എംഎല്‍എമാരായ കെ രാധാകൃഷ്ണനും (ചേലക്കര) ഷാഫി പറമ്പിലും (പാലക്കാട്) ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടന്നു. രണ്ട് മുന്നണികളും അവരവരുടെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി. അങ്ങനെയാണ് ഇപ്പോഴത്തെ വിവാദ നായകനായ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയസഭയില്‍ എത്തിയത്

സിപിഎം ടിക്കറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രണ്ട് വട്ടം ജയിച്ച പിവി അന്‍വര്‍ മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ് എംഎല്‍എ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്ന് നിലമ്പൂരിലും ഉപതിരഞ്ഞെടുപ്പ് നടന്നു. നിലമ്പൂര്‍ സീറ്റ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലെ ആര്യാടന്‍ ഷൗക്കത്ത് 11,007 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം പിടിച്ചെടുത്തു. ഈ വര്‍ഷം ജൂണ്‍ 19നായിരുന്നു നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

15-ാം കേരള നിയമസഭയിലെ ഉപതിരഞ്ഞെടുപ്പുകളുടെ വിവരങ്ങള്‍

തൃക്കാക്കര

2022 മേയ് 31-നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. എംഎല്‍എ ആയിരുന്ന പിടി തോമസ് മരിച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന സീറ്റില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. എല്‍ഡിഎഫിലെ ജോ ജോസഫ് ആയിരുന്നു എതിര്‍സ്ഥാനാര്‍ഥി. 25,016 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയിച്ചു.

പുതുപ്പള്ളി

2023 സെപ്റ്റംബര്‍ അഞ്ചിനായിരുന്നു പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. സിപിഎമ്മിലെ ജെയ്ക് സി. തോമസായിരുന്നു മുഖ്യ എതിരാളി. 37,719 വോട്ടിന് ചാണ്ടി ഉമ്മന്‍ വിജയിച്ചു. 2016 ലും 2021 ലും ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് 2023ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും തോറ്റു. അച്ഛനോടും മകനോടും തോറ്റ സ്ഥാനാര്‍ത്ഥി എന്ന റിക്കോര്‍ഡും ജെയ്ക്കിന്റെ പേരിലാണ്. 10 കൊല്ലത്തിനിടയില്‍ മൂന്ന് വട്ടം തോറ്റ സ്ഥാനാര്‍ത്ഥി എന്ന നാണക്കേടും ജെയ്ക്കിനുണ്ടായി

ചേലക്കര

2024 നവംബര്‍ 13-നായിരുന്നു ചേലക്കര ഉപതിരഞ്ഞെടുപ്പ്. ചേലക്കര എംഎല്‍എയും മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണന്‍ ആലത്തൂരില്‍നിന്ന് പാര്‍ലമെന്റ് അംഗമായതോടെയാണ് സീറ്റ് ഒഴിവു വന്നത്. സിപിഎം സ്ഥാനാര്‍ഥി യുആര്‍ പ്രദീപ് 12,122 വോട്ടിന് ജയിച്ചു. ആലത്തൂരില്‍ പരാജയപ്പെട്ട രമ്യ ഹരിദാസായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

പാലക്കാട്

2024 നവംബര്‍ 20-ന് പാലക്കാട് ഉപതിരഞ്ഞെടുപ്പ്. എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച ഡോ. പി സരിനെ 18,198 വോട്ടിന് പരാജയപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top