സികെ ജാനു യുഡിഎഫിലേക്ക്; ട്രൈബല്‍ പാര്‍ട്ടിയെ കൂടെ കൂട്ടണമെന്ന് പ്രിയങ്ക ഗാന്ധി

ആദിവാസി നേതാവ് സികെ ജാനു യുഡിഎഫില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചു കത്തു നല്‍കി. രണ്ട് മാസം മുമ്പാണ് ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) എന്‍ഡിഎ സഖ്യം വിട്ടത്. ഇക്കഴിഞ്ഞ ദിവസം സികെ ജാനു ആലുവയില്‍ വെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ജാനുവിനെ മുന്നണിയില്‍ പ്രവേശിപ്പിക്കുന്നതില്‍ പ്രിയങ്ക ഗാന്ധിക്ക് പ്രത്യേക താല്‍പ്പര്യമുണ്ട് എന്നാണ് അറിയുന്നത്. ഒരു ട്രൈബല്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നത് കോണ്‍ഗ്രസിന് ദേശീയതലത്തില്‍ ഗുണമുണ്ടാകുമെന്ന വിലയിരുത്തലിലാണ് സഖ്യത്തിന് മുന്‍കൈ എടുക്കുന്നത്.
2016ലാണ് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ ഘടകക്ഷിയായത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ജാനു മത്സരിച്ചു. പിന്നീട് 2018ല്‍ പാര്‍ട്ടി മുന്നണി വിട്ടു. 2021ല്‍ വീണ്ടും എന്‍ഡിഎയില്‍ തിരിച്ചെത്തി. ഒടുവില്‍ 2025 ഓഗസ്റ്റ് 30 ന് വീണ്ടും ദേശീയ മുന്നണി സഖ്യം വിട്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പായി യുഡിഎഫുമായി സഖ്യത്തില്‍ ഏര്‍പ്പെടാനാണ് ജാനു തയ്യാറെടുക്കുന്നത്.
ഈ മാസം ഒമ്പതിന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ജാനുവിന്റെ മുന്നണി പ്രവേശം ചര്‍ച്ചക്ക് വന്നിരുന്നു. രമേശ് ചെന്നിത്തലയും കെ മുരളീധരനും ജെആര്‍പിയെ മുന്നണിയിലെടുക്കന്നതില്‍ ചില തടസ വാദങ്ങള്‍ ഉന്നയിച്ചു എന്നാണ് അറിയുന്നത്. മുസ്ലീം ലീഗിനും ജാനുവിനെ മുന്നണിയില്‍ എടുക്കുന്നതില്‍ പൂര്‍ണ തൃപ്തിയില്ല. ലീഗും ജാനുവിന്റെ പാര്‍ട്ടിയുമായുള്ള പ്രദേശിക തര്‍ക്കങ്ങളാണ് ഈ എതിര്‍പ്പിന് കാരണം.
പ്രിയങ്ക ഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് മണ്ഡലത്തില്‍ നിന്നുള്ള ആദിവാസി നേതാവിനെ കൂടെ കൂട്ടുന്നത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഛായ നിര്‍മ്മിതിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രിയങ്കയുടെ താല്‍പ്പര്യം പുറത്തറിഞ്ഞതോടെ ജാനുവിന്റെ മുന്നണി പ്രവേശം എളുപ്പമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here