രാഷ്ട്രീയ ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട സി സദാനന്ദൻ രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്‌ത് രാഷ്ട്രപതി

രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിനെ തുടർന്ന് പുതിയ അംഗങ്ങളെ രാഷ്ട്രപതി നോമിനേറ്റ് ചെയ്തു. നാലുപേരെയാണ് രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. കേരളത്തിൽ നിന്നും സി സദാനന്ദന്റെ പേരാണ് രാഷ്ട്രപതി നിർദ്ദേശിച്ചത്. സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട ആർഎസ്എസ് നേതാവിനെ രാജ്യസഭയിലേക്ക് കൊണ്ടുവരുന്നത് വഴി വലിയൊരു രാഷ്ട്രീയ പ്രഖ്യാപനമാണ് ബിജെപി നടത്തുന്നത്. കാലുകൾ നഷ്ടപ്പെട്ട സദാനന്ദൻ കൃത്രിമ കാലിലാണ് സഞ്ചരിക്കുന്നത്.
1994 ജനുവരി 25 നാണ് സിപിഎം പ്രവർത്തകർ ഇദ്ദേഹത്തിൻ്റെ രണ്ട് കാലും വെട്ടിയെടുത്തത്. അക്കാലത്ത് അദ്ദേഹം ആർഎസ്എസിന്റെ ൻ്റെ കണ്ണൂർ ജില്ലാ സഹ കാര്യവാഹക് ആയിരുന്നു. ആക്രമണത്തിനിരയാകുമ്പോൾ മുപ്പതു വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു ആക്രമണം.
2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൂത്തുപറമ്പ് മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. 2016ൽ സ്ഥാനാർത്ഥിയായിരിക്കെ മാസ്റ്റർക്ക് വേണ്ടി മോദിയടക്കം പ്രചാരണത്തിന് എത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിന്റ ഇരകളുടെ പ്രതീകമെന്നും മോദി അദ്ദേഹത്തെ കുറിച്ച് പറഞ്ഞിരുന്നു. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് സദാനന്ദൻ. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയം ചർച്ചയാക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് വിലയിരുത്തൽ.
സി സദാനന്ദനെ കൂടാതെ അഭിഭാഷകൻ ഉജ്വൽ നികം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല, ചരിത്രകാരിയും അധ്യാപികയുമായ മീനാക്ഷി ജെയിൻ എന്നിവരെയും രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ട്. വിവിധ മേഖലയിലെ പ്രാവീണ്യവും അവർ രാജ്യത്തിന് നൽകിയ സംഭാവനകളും പരിഗണിച്ച് 12 പേരെ രാജ്യസഭയിലേക്ക് ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നശേഷം സുരേഷ് ഗോപി , പി ടി ഉഷ എന്നിവരെ രാജ്യസഭയിലേക്ക് നേരത്തെ നോമിനേറ്റ് ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here