കാനഡ ഇനി വാഗ്ദത്ത ഭൂമിയല്ല; 10 ലക്ഷം ഇന്ത്യക്കാർ പുറത്തേക്ക്

വീടും പറമ്പും പണയം വെച്ചും, ലക്ഷങ്ങൾ ലോണെടുത്തും ഒരു മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് കാനഡയിലേക്ക് വിമാനം കയറിയ മലയാളി യുവാക്കളുടെ ശ്രദ്ധയ്ക്ക്. നിങ്ങൾ ചെന്നെത്തി നിൽക്കുന്നത് ഒരു വലിയ പ്രതിസന്ധിയുടെ മുനമ്പിലാണ്. ഉയർന്ന ശമ്പളം, സുരക്ഷിതമായ ഭാവി ഇതെല്ലാം സ്വപ്നം കണ്ടാണ് ഇന്ത്യൻ യുവാക്കൾ കാനഡയിലേക്ക് വിമാനം കയറുന്നത്. പക്ഷേ, 2026-ന്റെ തുടക്കത്തിൽ കാനഡയിൽ നിന്ന് വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. ഒരു വലിയ കൊടുങ്കാറ്റിന്റെ മുൻപിലെ ശാന്തതയിലാണ് അവിടെയുള്ള നമ്മുടെ സഹോദരങ്ങൾ. പത്ത് ലക്ഷം ഇന്ത്യക്കാർക്ക് കാനഡയിൽ നിയമപരമായ പദവി നഷ്ടപ്പെടാൻ പോകുന്നു. എന്താണ് കാനഡയിൽ സംഭവിക്കുന്നത്? നമുക്ക് നോക്കാം.
കണക്കുകൾ പരിശോധിച്ചാൽ ഞെട്ടിപ്പോകും. കാനഡയിലെ ഇമിഗ്രേഷൻ കൺസൾട്ടന്റായ കൻവർ സീറ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 2025 അവസാനത്തോടെ 10.5 ലക്ഷം വർക്ക് പെർമിറ്റുകളുടെ കാലാവധി കഴിഞ്ഞു. 2026-ൽ മാത്രം 9.2 ലക്ഷം പെർമിറ്റുകൾ കൂടി തീരാനിരിക്കുന്നു. ഇതിൽ പകുതിയോളം ഇന്ത്യൻ പൗരന്മാരാണ്. കൃത്യമായി പറഞ്ഞാൽ, നമ്മുടെ കേരളത്തിൽ നിന്നും പഞ്ചാബിൽ നിന്നുമെല്ലാം കാനഡയിലേക്ക് പോയ യുവാക്കൾ. വർക്ക് പെർമിറ്റ് തീരുന്നതോടെ ഇവർ ‘Out of Status’ ആകുന്നു. അതായത്, ഒരു നിമിഷം കൊണ്ട് അവർ കാനഡയിൽ നിയമവിരുദ്ധ കുടിയേറ്റക്കാരായി മാറുന്നു.
എന്തുകൊണ്ടാണ് പെട്ടെന്ന് കാനഡ ഇത്ര കർക്കശമായ നിലപാട് എടുത്തത്? പ്രധാനമായും മൂന്ന് കാരണങ്ങളാണ് അതിന് പിന്നിലുള്ളത്. ഒന്നാമതായി പാർപ്പിട പ്രതിസന്ധി തന്നെ. ജനസംഖ്യ കൂടിയതോടെ കാനഡയിൽ വീട്ടുവാടക താങ്ങാനാവുന്നതിലും അപ്പുറമായി. ഇത് പ്രാദേശിക ജനതയ്ക്കിടയിൽ പ്രതിഷേധമുണ്ടാക്കി. മാത്രമല്ല സാമ്പത്തിക മാന്ദ്യം കാനഡയെയും ബാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ തദ്ദേശീയർക്ക് ജോലി ഉറപ്പാക്കാൻ വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതരായി. കൂടാതെ പഴയതുപോലെ വർക്ക് പെർമിറ്റ് നീട്ടിക്കൊടുക്കുന്ന രീതി സർക്കാർ ഏതാണ്ട് നിർത്തി. പി ആർ ലഭിക്കാനുള്ള പോയിന്റ് സിസ്റ്റം കുത്തനെ കൂട്ടി. പഠനം കഴിഞ്ഞവർക്ക് മുൻപ് ലഭിച്ചിരുന്ന ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു.
കാനഡയിലെ പ്രശസ്തമായ കോഫി ഷോപ്പുകളിലും റീട്ടെയിൽ ഔട്ട്ലെറ്റുകളിലും പണ്ട് ഭൂരിഭാഗവും മലയാളികളടക്കമുള്ള വിദേശികളായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം, കുറഞ്ഞ ശമ്പളമുള്ള ഇത്തരം ജോലികൾക്ക് വിദേശികളെ എടുക്കുന്നതിന് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് നിലവിൽ അവിടെയുള്ളവരുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കാനഡ സർക്കാർ പുറത്തുവിട്ട പുതിയ 2026-2028 Immigration Levels Plan പ്രകാരം, താൽക്കാലിക താമസക്കാരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 5 ശതമാനമായി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി പഠന വിസകളുടെ എണ്ണത്തിൽ ഏതാണ്ട് 43 ശതമാനത്തോളം കുറവാണ് വരുത്തിയിരിക്കുന്നത്.
മുമ്പ് കാനഡയിൽ പഠിക്കാൻ പോകുന്നവരുടെ പങ്കാളിക്ക് എളുപ്പത്തിൽ വർക്ക് പെർമിറ്റ് ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് പോലുള്ള ഉന്നത കോഴ്സുകൾക്ക് പോകുന്നവരുടെ പങ്കാളികൾക്ക് മാത്രമേ വർക്ക് പെർമിറ്റ് ലഭിക്കൂ. കാനഡയിലേക്ക് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ ബാങ്കിൽ കാണിക്കേണ്ട തുക ഏതാണ്ട് 12.5 ലക്ഷം രൂപയായി വർധിപ്പിച്ചു. ഇത് ഇടത്തരക്കാരായ മലയാളി കുടുംബങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. മാത്രമല്ല, പി.ആർ ലഭിക്കാനുള്ള വഴിയിൽ ഇന്ന് ഫ്രഞ്ച് ഭാഷ ഒരു വലിയ മതിലായി നിൽക്കുന്നു. ഇംഗ്ലീഷ് മാത്രം അറിഞ്ഞതുകൊണ്ട് ഇന്ന് കാനഡയിൽ രക്ഷപ്പെടാൻ കഴിയില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു.
നാട്ടിലെ വീട് പണയം വെച്ചും കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യം ചിലവാക്കിയുമാണ് ഭൂരിഭാഗം മലയാളികളും കാനഡയിൽ എത്തുന്നത്. ലോൺ തിരിച്ചടയ്ക്കണം, നാട്ടിലെ കുടുംബത്തെ നോക്കണം ഇതിനിടയിൽ വിസ കാലാവധി തീരുമ്പോൾ അവർ എന്ത് ചെയ്യും? ടൊറന്റോയിലെയും ബ്രാംപ്ടണിലെയും പാർക്കുകളിലും വനപ്രദേശങ്ങളിലും താൽക്കാലിക ടെന്റുകൾ അടിച്ച് താമസിക്കേണ്ടി വരുന്ന പ്രവാസികളുടെ അവസ്ഥ അതിഭീകരമാണ്. പലർക്കും ഭക്ഷണത്തിനായി സൗജന്യമായി ആഹാരം ലഭിക്കുന്ന ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ടി വരുന്നു. നിയമപരമായ പദവി നഷ്ടപ്പെടുമ്പോൾ അവർക്ക് ആരോഗ്യ ഇൻഷുറൻസോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ല. നിയമവിരുദ്ധമായി അവിടെ തുടരുന്നത് ഭാവിയിൽ മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രയെപ്പോലും ബാധിക്കും. വർക്ക് പെർമിറ്റ് തീരുന്നതിന് മുൻപ് തന്നെ നിയമപരമായ എല്ലാ വഴികളും തേടുക. ആവശ്യമെങ്കിൽ വിദഗ്ധരായ ഇമിഗ്രേഷൻ ലോയർമാരുടെ സഹായം തേടാൻ മടിക്കരുത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here