ക്യാൻസറിനെയും പ്രമേഹത്തെയും കെട്ടുകെട്ടിക്കാൻ കഴിയുമോ? അറിയാം നൊബേൽ ലഭിച്ച പഠനത്തെ കുറിച്ച്

നമ്മുടെ ശരീരം ഒരു വലിയ രാജ്യത്തെപ്പോലെയാണ്. അവിടെ ഒരു സൈന്യമുണ്ട് അതാണ് പ്രതിരോധ സംവിധാനം (Immune System). ഈ സൈന്യം എപ്പോഴും പുറത്തുനിന്ന് വരുന്ന വൈറസ്, ബാക്ടീരിയ മുതലായ ശത്രുക്കളെ തുരത്താനുള്ള പരിശ്രമങ്ങൾ നടത്തി കൊണ്ടേയിരിക്കും. സൈനികർ എണ്ണത്തിൽ വളരെയധികമുള്ളതിനാൽ ചിലപ്പോൾ ശരീരത്തിനുള്ളിലെ പ്രതിരോധ കോശങ്ങളായ ടി സെല്ലുകളും ബി സെല്ലുകളും രാജ്യത്തിനകത്തുള്ള നല്ല കോശങ്ങളെ തിരിച്ചറിയാതെ ആക്രമിക്കാൻ തുടങ്ങും. ഇങ്ങനെയുണ്ടാകുന്ന രോഗങ്ങളാണ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ (Autoimmune Diseases) സന്ധിവാതം, പ്രമേഹം പോലുള്ളവ ഇതിന് ഉദാഹരണമാണ്. ഈ ആക്രമണം തടയാൻ ആർക്കെങ്കിലും കഴിയണം.

ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയുള്ള പഠനമാണ് നൊബേൽ ജേതാക്കളായ ഷിമോൺ സകാഗുച്ചി, മേരി ഇ. ബ്രൺകോവ്, ഫ്രെഡ് റാംസ്‌ഡെൽ എന്നിവർ നടത്തിയത്. പ്രതിരോധ സൈന്യത്തിനകത്ത് ആക്രമണകാരികളല്ലാത്ത, വളരെ ശാന്തരായ ഒരു പ്രത്യേക വിഭാഗം പട്ടാളക്കാരുണ്ടെന്ന് ജാപ്പനീസ് ശാസ്ത്രജ്ഞനായ ഷിമോൺ സകാഗുച്ചി കണ്ടെത്തി. ഇവരാണ് റെഗുലേറ്ററി ടി സെല്ലുകൾ (Regulatory T Cells – Tregs). സൈന്യത്തിലെ മറ്റ് കോശങ്ങൾ സ്വന്തം ശരീരത്തെ ആക്രമിക്കാൻ തുടങ്ങിയാൽ, ഈ റെഗുലേറ്ററി ടി സെല്ലുകൾ ഉടൻ ഇടപെട്ട് അവരെ ശാന്തരാക്കി സമാധാനം പുനഃസ്ഥാപിക്കും. ശരീരത്തിൻ്റെ സുരക്ഷാ ഗാർഡുമാരാണിവർ.

ഈ സമാധാന സേനാംഗങ്ങൾ എങ്ങനെയാണ് ഉണ്ടാകുന്നത്, അല്ലെങ്കിൽ ആരാണ് ഇവരെ നിയന്ത്രിക്കുന്നത് എന്ന കണ്ടെത്തലുകളാണ് അമേരിക്കൻ ശാസ്ത്രജ്ഞരായ മേരി ഇ. ബ്രൺകോവും ഫ്രെഡ് റാംസ്‌ഡെല്ലും നടത്തിയത്. അങ്ങനെ, റെഗുലേറ്ററി ടി സെല്ലുകളുടെ ജനനത്തെയും വളർച്ചയെയും നിയന്ത്രിക്കുന്ന Foxp3 എന്നൊരു ജീൻ (Gene) അവർ കണ്ടെത്തി. Foxp3ക്ക് കേടുവന്നാൽ അഥവാ മ്യൂട്ടേഷൻ (Mutation) സംഭവിച്ചാൽ , സമാധാന സേനാംഗങ്ങളെ കൃത്യമായി ഉണ്ടാക്കാൻ ശരീരത്തിന് കഴിയില്ല. അപ്പോൾ സൈന്യം സ്വന്തം ശരീരത്തെ ആക്രമിക്കുകയും ഗുരുതരമായ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്ക് വഴി തെളിക്കുകയും ചെയ്യും.

Also Read : സമാധാനത്തിനുള്ള നോബൽ പ്രൈസ് ട്രംപ് അടിച്ചെടുക്കുമോ? വരാൻ പോകുന്നത് യുദ്ധങ്ങളില്ലാത്ത ലോകമോ?

ചുരുക്കത്തിൽ മൂന്ന് ശാസ്ത്രജ്ഞരും ചേർന്ന്, നമ്മുടെ പ്രതിരോധ സംവിധാനത്തിൻ്റെ സ്വയം നിയന്ത്രണ സംവിധാനം പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ് (Peripheral Immune Tolerance) എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ലോകത്തിന് മുന്നിൽ തുറന്നുകാട്ടി. സന്ധിവാതം പ്രമേഹം ക്യാൻസർ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് പുതിയ കണ്ടെത്തലുകൾ വലിയ സംഭാവനകൾ നൽകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top