ജയിലിൽ നടൻ ദർശന് പുതപ്പില്ല! തണുപ്പ് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന് പരാതി; കോടതിയുടെ പ്രതികരണം നിർണായകം

കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന കന്നഡ സൂപ്പർതാരം ദർശൻ, ഉറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയുമായി രംഗത്ത്. തണുപ്പ് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന് വിചാരണക്കോടതിയോടാണ് പരാതിപ്പെട്ടത്. പുതപ്പ് നൽകാൻ ജയിൽ അധികൃതർ തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
കേസിന്റെ വിചാരണ നടപടികൾക്കായി ദർശനെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി. കടുത്ത തണുപ്പുകാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും, കുടുംബം നൽകിയ പുതപ്പ് പോലും ജയിൽ അധികൃതർ നൽകുന്നില്ലെന്നും ദർശൻ കോടതിയെ അറിയിച്ചു. കോടതിയുടെ നിർദ്ദേശങ്ങൾ ഉണ്ടായിട്ടും അധികൃതർ ഇങ്ങനെ പെരുമാറുന്നത് എന്തിനാണെന്ന് ജഡ്ജി ചോദിച്ചു. തണുപ്പുള്ള കാലാവസ്ഥയിൽ പുതപ്പ് നിഷേധിക്കരുതെന്നും, ദർശന് ഉടൻ പുതപ്പ് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
ഇതേ കേസിൽ പ്രതിയായ നാഗരാജ് എന്നയാൾ മറ്റ് തടവുകാർക്കും പുതപ്പ് ലഭിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ചു. 2024 ജൂൺ 8നാണ് ദർശന്റെ ആരാധകനായ രേണുകാസ്വാമി കൊല്ലപ്പെട്ടത്. ചിത്രദുർഗയിൽ നിന്ന് രേണുകാസ്വാമിയെ തട്ടിക്കൊണ്ടുവന്ന് ബെംഗളൂരുവിലെ ഷെഡിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കനാലിൽ ഉപേക്ഷിച്ചു.
ദർശനും പങ്കാളി പവിത്ര ഗൗഡയും ഉൾപ്പെടെ 17 പേരെയാണ് പ്രതിചേർത്ത്. രേണുകാസ്വാമി, പവിത്ര ഗൗഡയോട് രഹസ്യമായി ഒരുമിച്ച് താമസിക്കാൻ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നത് . ബെംഗളൂരു സെൻട്രൽ ജയിലിൽ ദർശന് വിഐപി പരിഗണന ലഭിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഇദ്ദേഹത്തെ ബല്ലാരി ജയിലിലേക്ക് മാറ്റിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here