കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ രണ്ട് കുട്ടികളും മരിച്ചു; അമ്മയുടെ നില അതീവ ഗുരുതരം..

പാലക്കാട് പൊല്‍പ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന രണ്ടു കുട്ടികളും മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പരേതനായ മാർട്ടിൻ-എൽസി ദമ്പതികളുടെ മക്കളായ നാലു വയസ്സുള്ള എംലീന മരിയ മാർട്ടിൻ, ആറു വയസ്സുള്ള ആൽഫ്രഡ് മാർട്ടിൻ എന്നിവരാണ് ഇന്ന് മരിച്ചത്. ആദ്യം എംലീനയാണ് മരിച്ചത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ആൽഫ്രഡും മരണത്തിന് കീഴടങ്ങുകയായിരുന്നു. മറ്റൊരു സഹോദരി അലീന ഇപ്പോഴും ചികിത്സയിൽ ആണ്. കുട്ടികളുടെ അമ്മ എൽസിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിക്കുന്നത്. സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആണ് എൽസി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മക്കളുമായി പുറത്തിറങ്ങാൻ കാർ സ്റ്റാർട്ട് ചെയ്യവേയാണ് പൊട്ടിത്തെറി ഉണ്ടാവുന്നത്. ഉടൻതന്നെ തീ ആളിപ്പടരുകയും ചെയ്തു. എൽസി തന്നെയാണ് കുട്ടികളെ കാറിൽ നിന്നും പുറത്ത് എത്തിച്ചത് എന്നാണ് പ്രദേശവാസികൾ പറഞ്ഞത്. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ എൽസിയുടെ അമ്മയ്ക്കും പൊള്ളലേറ്റിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ സമീപത്തെ കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്.

ഒന്നരമാസം മുമ്പാണ് എൽസിയുടെ ഭർത്താവായ മാർട്ടിൻ ക്യാൻസർ ബാധിതനായി മരിച്ചത്. അഞ്ചുവർഷം മുൻപാണ് എൽസിയും കുടുംബവും പൊല്‍പ്പുള്ളിയിൽ താമസം ആരംഭിച്ചത്. കാലപ്പഴക്കം ചെന്ന ബാറ്ററിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top