സ്പീഡ് കുറച്ചുവന്ന i20 തീഗോളമായി… ഡൽഹിയിൽ സ്ഫോടനം ഉണ്ടാക്കിയ കാറിന് ഹരിയാന നമ്പർ; ആദ്യ ഉടമ അറസ്റ്റിൽ

രാജ്യതലസ്ഥാനത്തെ നടുക്കി ഇന്ന് വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടെന്ന് സ്ഥിരീകരിച്ചു. തിരക്കേറിയ സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിന് അടുത്തുവെച്ച് ഹ്യുണ്ടായ് i20 കാറിലാണ് സ്ഫോടനം ഉണ്ടായതെന്ന് ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൽച്ച സ്ഥിരീകരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ എൽ.എൻ.ജെ.പി. (ലോക് നായക് ജയ് പ്രകാശ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകുന്നേരം 6.52നാണ് സംഭവം. ലാൽ കില മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പർ ഗേറ്റിന് സമീപം ട്രാഫിക് സിഗ്നലിൽ വേഗത കുറച്ചെത്തിയ i20 കാറിനുള്ളിലാണ് സ്ഫോടനം ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. സ്ഫോടനത്തിന്റെ ശക്തിയിൽ കാറിന് തീപിടിക്കുകയും അതൊരു വലിയ തീഗോളമായി മാറുകയും ചെയ്തു. തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ കത്തിനശിക്കുകയും സമീപത്തെ കെട്ടിടങ്ങളുടെ ജനൽ ചില്ലുകൾ തകരുകയും ചെയ്തു.
Also Read: രാജ്യത്തെ നടുക്കി ഡൽഹിയിൽ സ്ഫോടനം; ചെങ്കോട്ടയ്ക്ക് സമീപം കാറുകൾ പൊട്ടിത്തെറിച്ചു; 8 മരണം
സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പോലീസ് കമ്മീഷണറുമായി സംസാരിക്കുകയും ഉദ്യോഗസ്ഥരോട് വിവരങ്ങൾ തേടുകയും ചെയ്തു. പിന്നീട് അദ്ദേഹം പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചു. രാത്രിയോടെ അമിത്ഷാ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ, എൻ.ഐ.എ, എൻ.എസ്.ജി എന്നിവരുടെ സംഘങ്ങൾ സംഭവസ്ഥലത്ത് എത്തി വിശദമായ അന്വേഷണം ആരംഭിച്ചു. രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചു. സ്ഫോടനം നടന്ന i20 കാർ ആരുടേതാണ്, അതിൽ എത്രപേർ ഉണ്ടായിരുന്നു എന്നതടക്കമുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
Also Read: വെളള കോട്ടിൽ ഒളിച്ചുകടത്തിയ തീവ്രവാദം! 350 കിലോ സ്ഫോടക വസ്തുക്കളുമായി ഡോക്ടർമാർ പിടിയിൽ
നിരോധിത സംഘടനകളുമായി ബന്ധമുള്ള ചിലരെ ഇന്ന് പുലർച്ചെ ജമ്മുകാശ്മീർ പൊലീസ് ഹരിയാനയിലെത്തി അറസ്റ്റ് ചെയ്യുകയും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ സ്ഫോടനം എന്നതും അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്. ഭീകരാക്രമണ സാധ്യത തള്ളുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ചാന്ദ്‌നി ചൗക്ക് മാർക്കറ്റ് നാളെ അടച്ചിടുമെന്ന് വ്യാപാരി സംഘടന അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here