ഇനി ടോൾ പ്ലാസകളിൽ ക്യൂ നിൽക്കേണ്ട! 80 കി.മീ വേഗതയിൽ പറന്നുപോകാം; ഗഡ്കരിയുടെ പുതിയ മാജിക് വരുന്നു

ഇന്ത്യയിലെ ഹൈവേ യാത്രകളിൽ വിപ്ലവകരമായ മാറ്റം വരുന്നു. 2026ഓടെ രാജ്യത്തെ ടോൾ പ്ലാസകളിലൂടെ വാഹനങ്ങൾക്ക് നിർത്താതെ 80 കിലോമീറ്റർ വേഗതയിൽ കടന്നുപോകാൻ കഴിയുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചു.
2026 മുതൽ പ്രവർത്തനം ആരംഭിക്കുന്ന ഈ പുതിയ സാറ്റലൈറ്റ് അധിഷ്ഠിത ടോൾ ഫീ സിസ്റ്റത്തിൽ നമ്പർ പ്ലേറ്റുകളുടെയും ഫാസ്റ്റ് ടാഗ് സ്റ്റിക്കറുകളുടെയും ഫോട്ടോകൾ എടുക്കുന്ന അതിവേഗ ക്യാമറകൾ ഉൾപ്പെടുന്നു. അതിനാൽ ഇനി ടോൾ ബൂത്തുകളിൽ വണ്ടി നിർത്തേണ്ടി വരില്ല. സിസ്റ്റം വാഹനവുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അക്കൗണ്ടിൽ നിന്ന് ടോൾ ഫീസ് സ്വയമേവ കുറയ്ക്കും. എഐ സംവിധാനമാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്.
ഈ പുതിയ സംവിധാനം ടോൾ പിരിക്കാൻ മാത്രമല്ല, ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാനും സഹായിക്കും. ഒരു ടോൾ പ്ലാസയിൽ നിന്ന് അടുത്ത ടോൾ പ്ലാസയിലേക്ക് എത്താൻ വേണ്ട സമയം കൃത്യമായി കണക്കാക്കും. നിശ്ചിത സമയത്തിന് മുമ്പ് വാഹനം അടുത്ത ടോളിലെത്തിയാൽ, ഡ്രൈവർ അമിതവേഗതയിലാണ് വണ്ടി ഓടിച്ചതെന്ന് വ്യക്തമാകും. ഇതിലൂടെ പിഴ തനിയെ ഈടാക്കാൻ സാധിക്കും.
ടോൾ പ്ലാസകളിൽ വണ്ടികൾ കാത്തുനിൽക്കാത്തത് വഴി ഏകദേശം 1,500 കോടി രൂപയുടെ ഇന്ധനമാണ് ലാഭിക്കാൻ സാധിക്കുക. ടോൾ പിരിവ് കൂടുതൽ കാര്യക്ഷമമാകുന്നതോടെ സർക്കാരിന് പ്രതിവർഷം 6,000 കോടി രൂപ അധികമായി ലഭിക്കും. ദേശീയപാതകളുടെ നിർമ്മാണത്തിൽ അപാകത വരുത്തുന്ന കരാറുകാർക്ക് രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ചുരുക്കത്തിൽ 2026ഓടെ ടോൾ പ്ലാസകൾ വെറും ഓർമ്മയാകും. വാഹനങ്ങൾ നിർത്താതെ തന്നെ യാത്ര തുടരാം, എന്നാൽ അമിതവേഗത കാണിച്ചാൽ പുതിയ സാങ്കേതികവിദ്യ കുടുക്കുകയും ചെയ്യും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here