ശ്വേതക്കെതിരെ ഗൂഢാലോചന ‘അമ്മ’യിൽ നിന്നോ? മാധ്യമ സിൻഡിക്കറ്റ് അഭിമുഖത്തിലെ പരാമർശവും ആയുധമാക്കി പൊലീസ് കേസ്

ശ്വേത മേനോൻ എന്ന പതിനേഴുകാരി സിനിമയിലെത്തിയത് 1991ൽ അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ്. തൊണ്ണൂറുകളിൽ തന്നെ കാമസൂത്ര കമ്പനിയുടെ കോണ്ടം പരസ്യത്തിലും അഭിനയിച്ച് വിവാദ താരമായി. അക്കാലത്ത് തന്നെ ഐശ്വര്യ റായിക്കും സുസ്മിത സെന്നിനും ഒപ്പം സൌന്ദര്യ മത്സരത്തിൽ അഭിനയിച്ച് റണ്ണർ അപ്പായി. പിന്നീടിങ്ങോട്ട് ബോൾഡായി ശ്വേത അഭിനയിച്ച പല കഥാപാത്രങ്ങളും ചർച്ചയായി. ചിലതെല്ലാം വൻ വിവാദങ്ങളുമായി. അന്നൊന്നും ഉണ്ടാകാത്ത പരാതിയാണ് ഇന്നിപ്പോൾ ശ്വേതക്കെതിരെ ഉണ്ടായിരിക്കുന്നത്.
അവർ അഭിനയിച്ച സിനിമകളിലെയും പരസ്യങ്ങളിലെയും രംഗങ്ങൾ ഇൻ്റർനെറ്റിലെ അശ്ലീല സൈറ്റുകളിൽ ലഭ്യമാണെന്നും അത് ചെറുപ്പക്കാരെ വഴിതെറ്റിക്കുമെന്നും ആണ് മാർട്ടിൻ മേനാച്ചേരി എന്നയാൾ പരാതിയുമായി എത്തിയിരിക്കുന്നത്. ഇതെല്ലാം സെന്‍സര്‍ ചെയ്ത് നാട്ടുകാരെല്ലാം കണ്ടതും ഇതുവരെയും പരാതിയൊന്നും ഉണ്ടാകാത്തതും ആണ്. മലയാളികളായ സ്ത്രീകൾ പണം വാങ്ങി നഗ്നത ആവശ്യക്കാർക്ക് കാണിച്ചുകൊടുക്കുന്ന സംവിധാനങ്ങൾ ഈ കേരളത്തിരുന്ന് പ്രവർത്തിപ്പിക്കുന്നുണ്ട്. അതിനെതിരെ പോലും ഇതുവരെ ഒരു പരാതിയും ആർക്കും ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിലാണ് കേസിന് പിന്നിൽ അമ്മ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായ ഗൂഡാലോചന ആണെന്ന് ചർച്ചകൾ ഉയരുന്നത്. ഇതാദ്യമായി അമ്മ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വനിതയായ ശ്വേതക്കെതിരെ നടൻ ദേവനാണ് നോമിനേഷൻ കൊടുത്തിട്ടുള്ളത്. വിവാദങ്ങളെ തുടർന്ന് രാജി വച്ചൊഴിയേണ്ടി വന്ന കഴിഞ്ഞ ഭരണസമിതിയിൽ ഉണ്ടായിരുന്ന സിദ്ദിഖ് അടക്കമുള്ളവർ ദേവനൊപ്പം ആണെന്നാണ് സൂചന. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഒരു ചുക്കും നടക്കില്ലെന്ന് ശ്വേത പറഞ്ഞെന്ന നടി ഉഷയുടെ ആരോപണവും സൂചനയായി കാണുന്നവരുണ്ട്.
രണ്ടുവർഷം മുൻപ് മാധ്യമ സിൻഡിക്കറ്റ് ഓൺലൈനിനോട് സംസാരിച്ചപ്പോൾ ശ്വേത പറഞ്ഞ ചില കാര്യങ്ങൾ കൂടി പരാതിക്ക് ബലമായി ചേർത്തിട്ടുമുണ്ട്. “കാമസൂത്ര ലോകത്തേറെ അറിയപ്പെടുന്ന ബ്രാൻഡാണെന്നും അതിൽ അഭിനയിക്കുക എന്നാൽ ഏറ്റവും സുന്ദരിമാരിൽ ഒരാളായാണ് കണക്കാക്കുന്നത്. സേഫ് സെക്സ് ചെയ്യാനുള്ള സന്ദേശമാണ് അതിലൂടെ നൽകിയത്. തന്റെ കുടുംബവും അതിനെ പിന്തുണച്ചു. ഇപ്പോൾ പലർക്കും ആഗ്രഹമുണ്ടെങ്കിലും ഇത്തരം പരസ്യങ്ങൾ കിട്ടാത്തതാണ്” – എന്നിങ്ങനെയെല്ലാം ആണ് 2023ലെ ഓണക്കാലത്ത് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിട്ട ‘താരാപഥം ചേതോഹരം’ എന്ന പരിപാടിയിൽ ശ്വേത പറഞ്ഞത്. അതുകൂടി ആയുധമാക്കുന്ന പരിതാപകരമായ ചിത്രമാണ് ഇപ്പോൾ തെളിയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here