കോണ്‍ഗ്രസിനെ കൊന്ന് കുഴിച്ചുമൂടി ദീപിക; കത്തോലിക്ക സഭയെ ചാരി അടികൂടേണ്ടെന്ന് സഭാ മുഖപത്രം

അടുത്ത തവണ അധികാരം കിട്ടിയേക്കുമെന്ന തോന്നല്‍ വന്നതോടെ കോണ്‍ഗ്രസുകാരുടെ സ്ഥിരം ശൈലിയിലുള്ള തമ്മിലടിക്കും , മതം പറഞ്ഞുള്ള വീതം വെപ്പിനുമെതിരെ ദീപിക പത്രത്തിന്റെ അതി രൂക്ഷവിമര്‍ശനം. അടുത്ത കെപിസിസി പ്രസിഡന്റ് കത്തോലിക്കനാകണമെന്ന മാധ്യമ വാര്‍ത്തകളെ പാടെ തള്ളിക്കളയുകയാണ് സഭാ മുഖപത്രം. ‘ഏതായാലും, ഞങ്ങള്‍ക്കിത്ര മന്ത്രി വേണം, കെപിസിസി പ്രസിഡന്റ് വേണം എന്നൊന്നും പറയാന്‍ കത്തോലിക്കാസഭ ഉദ്ദേശിക്കുന്നില്ല’ എന്നാണ് ദീപികയുടെ എഡിറ്റോറിയല്‍

സ്ഥാനമാനങ്ങളുടെ വീതംവയ്പിനേക്കാള്‍, വിവേചനം കൂടാതെ നീതി വിതരണം ചെയ്യുന്നതിലാണ് കാര്യം. അതൊന്ന് ഉറപ്പാക്കിയാല്‍ മതി. അധ്യക്ഷന്റെ മതമല്ല, പാര്‍ട്ടിയുടെ മതേതരത്വമാണ് പ്രധാനം. മുഖ്യമന്ത്രിയുടെ പാര്‍ട്ടിമേധാവിത്വമല്ല, ഭരണഘടനാവിധേയത്വമാണ് പ്രധാനമെന്ന് ‘ അധ്യക്ഷന്റെ മതമല്ല, മതേതരത്വമാണ് മുഖ്യം’ എന്ന തലക്കെട്ടിലെഴുതിയ മുഖക്കുറിപ്പ് വ്യക്തമാക്കുന്നു.

സ്റ്റേജിലൊരു ഇരിപ്പിടത്തിനുപോലും കോണ്‍ഗ്രസിലുണ്ടാകുന്ന തിക്കിത്തിരക്ക് എക്കാലവും പാര്‍ട്ടിയുടെ വില കെടുത്തിയിട്ടുള്ളതാണ്. അതില്‍ പാര്‍ട്ടിക്ക് ഏറ്റവും ക്ഷീണമുണ്ടാക്കുന്നത് മുതിര്‍ന്ന നേതാക്കളാണെന്നതും കൗതുകകരമാണ്. കെപിസിസി നേതൃമാറ്റത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയപ്പോഴാണ് ഇപ്പോഴത്തെ കടിപിടിയെന്നും ദീപിക പരിഹസിക്കുന്നുണ്ട്. കണ്ടാലും കൊണ്ടാലും പാഠം പഠിക്കാത്തവരാണെന്നും പത്രം കുറ്റപ്പെടുത്തുന്നുണ്ട്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നു കരുതുന്ന പാര്‍ട്ടി അണികളെ പാര്‍ട്ടി നേതാക്കള്‍തന്നെ പരാജയപ്പെടുത്തരുത്. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഒരു പാര്‍ട്ടിയും അധികാരത്തിലെത്തുന്നത് അവരുടെ കഴിവുകൊണ്ടു മാത്രമല്ല, എതിരാളിയുടെ കഴിവുകേടുകൊണ്ടുമാണ്. ബിജെപി രാജ്യമൊട്ടാകെ ആ സാധ്യത ഉപയോഗിച്ചു. കേരളത്തില്‍ അടുത്ത തവണയും തങ്ങള്‍ക്ക് അത് ഉപയോഗിക്കാനാകുമെന്ന് സിപിഎം ചിന്തിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ ചിന്തയാകട്ടെ പാര്‍ട്ടിയെന്ന നിലയിലല്ല, നേതാക്കളെന്ന നിലയിലാണെന്നും ദീപിക എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top