പാതിരിമാരുടെ വിരട്ടല്‍ വേണ്ടെന്ന് മന്ത്രി; അധ്യാപക നിയമനത്തില്‍ കൊമ്പുകോര്‍ത്ത് സിപിഎമ്മും കത്തോലിക്ക സഭയും

ഭിന്നശേഷി അധ്യാപക നിയമന വിവാദത്തില്‍ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്ക് എതിരെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മതവും ജാതിയും പറഞ്ഞ് വിരട്ടാന്‍ നോക്കേണ്ടെന്നും അനാവശ്യ വെല്ലുവിളികള്‍ക്ക് വഴങ്ങില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഇതോടെ പതിവില്ലാത്ത വിധം പിണറായി സര്‍ക്കാര്‍ കത്തോലിക്ക സഭയുമായി ഏറ്റുമുട്ടലിന് ഒരുങ്ങുകയാണെന്ന പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്.

ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി നിയമാനുസൃതമായ ഒഴിവുകള്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിച്ചിട്ട ശേഷം ബാക്കി നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന എന്‍എസ്എസ് കേസിലെ സുപ്രീം കോടതി വിധി തങ്ങള്‍ക്കും ബാധകമാക്കണമെന്ന കത്തോലിക്ക മാനേജ്‌മെന്റിന്റെ നിലപാടിനെ ചൊല്ലിയാണ് സര്‍ക്കാരുമായി ഏറ്റുമുട്ടല്‍. സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഈ ഉത്തരവ് നടപ്പാക്കാമെന്നും സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഇതിന് അനുകൂല വിധിയും ഹൈക്കോടതിയില്‍ നിന്ന് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ നേടിയിരുന്നു. എന്നിട്ടും സര്‍ക്കാര്‍ ഒളിച്ചുകളിക്കയാണെന്നാണ് സഭകളുടെ നിലപാട്.

ഇത്തരത്തില്‍ 16000 അധ്യാപകര്‍ക്കാണ് നിയമനം ലഭിക്കേണ്ടത്. ഇക്കഴിഞ്ഞ ദിവസം കത്തോലിക്ക സഭ മുഖപത്രമായ ദീപികയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് എഡിറ്റോറിയലും രണ്ട് പേജ് വിശകലനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് വിദ്യാഭ്യാസ മന്ത്രിയെ പ്രകോപിപ്പിച്ചത്. സര്‍ക്കാര്‍ രാഷ്ടീയ മുതലപ്പെടുപ്പ് നടത്തുകയാണെന്നും മന്ത്രി നുണ പറയുകയാണെന്നും ദീപിക ആരോപിച്ചിരുന്നു.

എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഭിന്നശേഷി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്. അയ്യായിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്നാണ് മന്ത്രി ശിവന്‍കുട്ടിയുടെ നിലപാട്. 1957- 59കാലത്തെ ഇഎംഎസ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ ക്രിസ്ത്യന്‍ മാനേജുമെന്റുകളുടെ പ്രതിഷേധം വിമോചന സമരത്തിലും ഒടുക്കം സര്‍ക്കാരിന്റെ പിരിച്ചുവിടലിലും കലാശിച്ചു. ആ അവസ്ഥ സൃഷ്ടിക്കാനാണ് ക്രൈസ്തവ മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നതെന്നാണ് സിപിഎം ആരോപണം. തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് സഭകള്‍ ശ്രമിക്കുന്നത് എന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top