അവസാന മണിനാദം; സെന്റ് അന്ന പള്ളിയിൽ കണ്ണീരോടെ ഒടുവിലത്തെ കുർബാന; ജർമ്മനിയിൽ പള്ളികൾ വിനോദകേന്ദ്രങ്ങളാകുന്നു

ജർമ്മൻ-ഡച്ച് അതിർത്തിക്കടുത്തുള്ള ബാഡ് ബെൻതൈമിലെ ജില്ലയായ ഗിൽഡെഹൗസിലെ സെന്റ് അന്ന പള്ളി ഒരിക്കൽ കൂടി വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. ഗായകസംഘത്തിന്റെ പാട്ടിന് ചെറിയ ഓർഗൻ സംഗീതം അകമ്പടിയേകി… പള്ളിയെന്ന നിലയിൽ ഈ ചെറിയ കത്തോലിക്കാ പള്ളിയിൽ നടക്കുന്ന അവസാനത്തെ വിശുദ്ധ കുർബാനയാണിത്. ഇവിടുത്തെ ആരാധനയുടെ അവസാനദിനം. അതിനാലാണ് ഇന്നത്തെ ഈ ആൾക്കൂട്ടം. നാളെ മുതൽ ഈ കെട്ടിടം ഇനി ഒരു ആരാധനാലയമായി തുടരില്ല.

ഇത് അങ്ങേയറ്റം വൈകാരികമാണ്, ഹൃദയത്തെയും കണ്ണുകളെയും വല്ലാതെ സ്പർശിക്കുന്നുവെന്ന് വൈദികൻ ഹുബർട്ടസ് ഗോൾഡ്ബെക്ക് ജർമൻ മാധ്യമമായ ഡി.ഡബ്ല്യുവിനോട് (dw.com) പറഞ്ഞു. ശുശ്രൂഷയിൽ പങ്കെടുത്തവർക്കെല്ലാം ഈ വേദന അനുഭവപ്പെട്ടു. ഇടവകാംഗങ്ങൾ അൾത്താര തുറന്ന് തിരുശേഷിപ്പുകൾ പുറത്തെടുത്തു. കത്തോലിക്കാ പള്ളികളിൽ അൾത്താരയിൽ സൂക്ഷിക്കാറുള്ള വിശുദ്ധരുടെ അസ്ഥികളോ വസ്ത്രത്തിന്റെ ഭാഗങ്ങളോ ആയ ചെറിയ തിരുശേഷിപ്പുകളാണവ.

ഈ ചെറിയ ഇടവക കടന്നുപോകുന്ന അതേ അവസ്ഥയിലൂടെയാണ് ജർമ്മനിയിൽ ഉടനീളമുള്ള പല ക്രൈസ്തവ വിശ്വാസസമൂഹങ്ങളും ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വിശ്വാസികളുടെ എണ്ണം ചുരുങ്ങുമ്പോൾ സഭകൾക്ക് സ്വന്തം കെട്ടിടങ്ങളും ഇത്തരത്തിൽ ഉപേക്ഷിക്കേണ്ടി വരുന്നു. ജർമ്മനിയിലെ ക്രിസ്തീയ ദേവാലയങ്ങൾ വലിയൊരു സാമൂഹിക മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചരിത്രപ്രസിദ്ധമായ പള്ളി കെട്ടിടങ്ങൾ പൊളിച്ചുനീക്കാനും ചിലവേറെയാകും. അതിനാൽ പുതിയ കാലത്തിന് അനുയോജ്യമായി പുനരുപയോഗിക്കാനാണ് ശ്രമം. പള്ളികൾ ആർട്ട് ഗ്യാലറികളായും കമ്മ്യൂണിറ്റി സെന്ററുകളായും മാറിക്കഴിഞ്ഞു. ചില നഗരങ്ങളിൽ പള്ളിക്കുള്ളിൽ ഇൻഡോർ ക്ലൈംബിംഗ് ജിമ്മുകളും കഫേകളും ആഡംബര അപ്പാർട്ട്‌മെന്റുകളും വരെ വന്നിട്ടുണ്ട്. വിശ്വാസികൾ കുറഞ്ഞതോടെ ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്ന് സഭാ അധികൃതർ തുറന്നുതന്നെ പറയുന്നു.

കൊളോണിനും ആക്കനും ഇടയിലുള്ള പട്ടണമായ യൂലിക്കിൽ, പഴയ കത്തോലിക്കാ പള്ളിയായ സെന്റ് റോക്കസ് ഇപ്പോൾ സൈക്കിൾ ഷോപ്പാണ്. ടോംസ് ബൈക്ക് സെന്റർ ഇവിടേക്ക് മാറ്റിസ്ഥാപിച്ചത് പള്ളിയിൽ നിന്ന് തന്നെ താൽപര്യം അറിയിച്ചത് പ്രകാരമാണെന്ന് തോമസ് ഒല്ലേഴ്സ് ഡി.ഡബ്ല്യുവിനോട് പറഞ്ഞു. താൻ മാമോദീസ മുങ്ങിയതും ആദ്യകുർബാന സ്വീകരിച്ചതുമെല്ലാം ഇതേ പള്ളിയിലാണ്. പൈതൃകസ്മാരകമായാണ് ഇപ്പോഴും കെട്ടിടം സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുൻസ്റ്ററിന് വടക്കുള്ള വെട്രിംഗനിൽ പഴയ ആബി ഇപ്പോൾ ഫുട്ബോൾ കളിക്കുന്ന സോക്കർ പള്ളിയായി മാറിയിട്ടുണ്ട്. ക്ലീവിൽ പഴയ പ്രൊട്ടസ്റ്റന്റ് ചർച്ച് ഓഫ് ദ റിസറക്ഷൻ ബോക്സിംഗ് അരീനയായി. മറ്റ് പല പള്ളികളും പബ്ബുകളായും ലൈബ്രറികളായും രൂപം മാറി. ചില സന്യാസ മഠങ്ങൾ ഹോട്ടൽ സമുച്ചയങ്ങളാക്കി . ഡസൽഡോർഫിലെ ഒരു ഹോട്ടൽ, പണ്ട് കന്യാസ്ത്രീ മഠമായിരുന്ന കാലത്തെ ഓർമ്മ നിലനിർത്താൻ, മുട്ടർഹൗസ് അഥവാ മദർ ഹൗസ് എന്ന പേരിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.

വിശ്വാസികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വൻ കുറവ് കാരണം രാജ്യത്തെ ആയിരക്കണക്കിന് പള്ളികൾ അടച്ചുപൂട്ടുകയോ മറ്റ് പല ആവശ്യങ്ങൾക്കായി പരിവർത്തനം ചെയ്യുകയോ ആണ്. കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങളിൽ നിന്ന് ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് പടിയിറങ്ങുന്നത്. ഇതോടെ പള്ളികളുടെ ദൈനംദിന പരിപാലനം ഈ സഭകൾക്കെല്ലാം വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. അതാണ് ഈയവസ്ഥയിലേക്ക് എത്തിക്കുന്നത്.

പള്ളി നികുതിയിൽ നിന്നുള്ള വരുമാനം കുറയുന്നതും യുവതലമുറ മതചടങ്ങുകളിൽ നിന്ന് അകലുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. 2060ഓടെ ജർമ്മനിയിലെ പള്ളികളുടെ എണ്ണം പകുതിയോളം കുറയുമെന്നാണ് കണക്ക്. കെട്ടിടങ്ങളുടെ ചരിത്രപ്രാധാന്യം നിലനിർത്തി സംരക്ഷിക്കുക എന്ന വെല്ലുവിളിയാണ് ഭരണകൂടവും സഭകളും ഏറ്റെടുക്കുന്നത്. വിശ്വാസമില്ലാത്ത ഒരു സമൂഹത്തിൽ പള്ളികൾ ആത്മീയ പദവി വെടിഞ്ഞ് പുതിയ രൂപങ്ങൾ സ്വീകരിക്കുകയാണെന്നും കണക്കാക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top