കത്തോലിക്ക വൈദികരുടെ ലൈംഗികപീഡനങ്ങള്‍ പെരുകുന്നു; നഷ്ടപരിഹാരം നല്‍കി കുത്തുപാളയെടുത്ത് ന്യൂയോര്‍ക്ക് അതിരൂപത

പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ പീഡിപ്പിച്ച കത്തോലിക്കാ വൈദികർക്കെതിരായ ലൈംഗിക പീഡന പരാതികളില്‍ ഭീമമായ നഷ്ടപരിഹാരങ്ങള്‍ നല്‍കി കടംകയറിയ അവസ്ഥയിൽ ന്യൂയോര്‍ക്ക് അതിരൂപത. 1300 ഇരകള്‍ക്ക് മാത്രം 300 മില്യണ്‍ ഡോളറാണ് (26,974, 151, 400 രൂപ) പിഴയായി ഇനി നല്‍കേണ്ടത്. ഈ തുക കണ്ടെത്താനാവാതെ നട്ടം തിരിയുകയാണ് അതിരൂപത. സഭയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ വിറ്റും ദൈനംദിന ചെലവുകള്‍ വെട്ടിക്കുറച്ചും പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അതിരൂപതാധികാരികളെന്ന് ഇംഗ്ലണ്ടില്‍ നിന്നുള്ള ‘ദ ഗാര്‍ഡിയന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനോടകം മാന്‍ഹാട്ടന്‍ ഫസ്റ്റ് അവന്യൂവിലുള്ള സഭയുടെ കെട്ടിടം 100 മില്യണ്‍ ഡോളറിന് വിറ്റ് കഴിഞ്ഞു.
കത്തോലിക്ക വൈദികര്‍ കുട്ടികളേയും സ്ത്രീകളേയും പീഡിപ്പിച്ചതിന്റെ പേരില്‍ കോടികളാണ് ലോകവ്യാപകമായി നഷ്ടപരിഹാരമായി നല്‍കേണ്ടി വരുന്നത്. 1950 മുതലാണ് ഇത്തരം ലൈംഗികപീഡന പരാതികളും വഴിപിഴച്ച ജീവിതശൈലികളും പുറത്തു വന്നുതുടങ്ങിയത്. ക്രിസ്തുവിന്റെ 10 കല്പനകളില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് വ്യഭിചാരം പാടില്ല എന്നതാണ്. വിശ്വാസികളെ ഇക്കാര്യം ഉദ്‌ബോധിപ്പിക്കാന്‍ ബാധ്യസ്ഥരായ വൈദികരും മെത്രാന്‍മാരും നിര്‍ബാധം പീഡന കേസുകളില്‍ പ്രതികളാകുന്നത് സഭയുടെ അസ്ഥിവാരം തോണ്ടുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. അമേരിക്കയിലെ 51 സംസ്ഥാനങ്ങളിലുള്ള കത്തോലിക്ക സഭയുടെ രൂപതകള്‍ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണ്. കുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളില്‍ അത്രമാത്രം നഷ്ടപരിഹാരം നല്‍കി രൂപതകളുടെ നടുവൊടിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

1952 മുതല്‍ 2020 വരെ പീഡനത്തിന് ഇരയായവരുടെ കേസുകളിലാണ് തീര്‍പ്പുണ്ടാക്കുന്നത്. നഷ്ടപരിഹാരത്തുക വിതരണം ചെയ്യാനും ഇരകളുമായി സംസാരിച്ച് ധാരണയിലെത്താനും ഡാനിയേല്‍ ജെ മാക്ലി എന്ന വിരമിച്ച ജഡ്ജിയെ മധ്യസ്ഥനായി അതിരൂപത നിയമിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ലോസ് ഏഞ്ചൽസ് അതിരൂപതയില്‍ 880 മില്യണ്‍ ഡോളര്‍ 1000 ഇരകള്‍ക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്തപ്പോഴും മധ്യസ്ഥനായത് ഇദ്ദേഹമായിരുന്നു. സഭയുടെ വിശ്വാസം ലംഘിച്ച് ജനങ്ങളോട് പാപം ചെയ്തവരോട് പൊറുക്കണമെന്ന് ന്യൂയോര്‍ക്ക് അതിരൂപത കര്‍ദ്ദിനാള്‍ തിമോത്തി ഡോലന്‍ (Timothy Dolan ) ആവശ്യപ്പെട്ടു. കത്തോലിക്ക സഭയുടെ അമേരിക്കയിലെ രണ്ടാമത്തെ വലിയ അതിരൂപതയായ ന്യൂ ഓര്‍ലിയന്‍സിലും സമാനമായ സ്ഥിതിയാണുള്ളത്. 600 കുട്ടികളെ പീഡിപ്പിച്ചതിന് 300 മില്യണ്‍ ഡോളറാണ് പിഴയായി ഒടുക്കേണ്ടി വരുന്നത്.
വൈദികരുടെ പീഡനപരാതികള്‍ വര്‍ദ്ധിച്ചപ്പോൾ ഇവർക്ക് വിവാഹത്തിന് അനുമതി നൽകുന്ന കാര്യം അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ സജീവമായി ആലോചിച്ചിരുന്നു. സഭയുടെ ഇടവകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വൈദികര്‍ പീഡിപ്പിച്ചെന്ന പരാതികൾ ലോകവ്യാപകമായി ഉയർന്നപ്പോൾ പോപ്പ് ഫ്രാൻസിസ് വലിയ ആശങ്കയിലായെന്ന് 2017ല്‍ വത്തിക്കാനില്‍ നിന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാര്‍പ്പാപ്പയായി ചുമതലയേറ്റ് ഏതാനും നാളുകള്‍ കഴിഞ്ഞ വേളയില്‍ തെളിവുകളോടെ എത്തിയ 2000-ത്തോളം പീഡന സംഭവങ്ങള്‍ വത്തിക്കാനില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇവ പരിശോധിച്ച് നടപടിയെടുക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്തു. ഏറെ മുൻകരുതലുകള്‍ എടുത്തിട്ടും വൈദികരുടെ അതിക്രമങ്ങൾക്ക് ഒരു കുറവുമില്ല.
കേരളത്തിലും നിരവധി വൈദികര്‍ ലൈംഗികപീഡന പരാതികളില്‍ പ്രതിസ്ഥാനത്തുണ്ട്. സിറോ മലബാര്‍ സഭയിലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസുണ്ടായതും പോപ്പ് ഫ്രാന്‍സിസിന്റെ കാലത്താണ്. പിന്നീട് അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി എങ്കിലും വിവാദം സഭക്കുണ്ടാക്കിയ പരിക്ക് ചെറുതല്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here