അനിൽ അംബാനിയുടെ മകനെതിരെ സിബിഐ കേസ്; 228 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്

അനിൽ അംബാനിയുടെ മകൻ ജയ് അൻമോൽ അനിൽ അംബാനിക്കും റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിനും (RHFL) എതിരെ സിബിഐ കേസെടുത്തു. 228 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിലാണ് സിബിഐയുടെ നടപടി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്ക് നഷ്ടം വരുത്തിയെന്ന പരാതിയിലാണ് നടപടി.
RHFL കമ്പനി ഡയറക്ടർമാരായ ജയ് അൻമോൽ അനിൽ അംബാനി, രവീന്ദ്ര ശരദ് സുധാകർ എന്നിവർക്കെതിരെയാണ് പരാതി. കമ്പനി ബിസിനസ് ആവശ്യങ്ങൾക്കായി ബാങ്കിന്റെ മുംബൈ ശാഖയിൽ നിന്ന് ഏകദേശം 450 കോടിയുടെ ക്രെഡിറ്റ് പരിധി കമ്പനി നേടിയിരുന്നു. എന്നാൽ, കൃത്യസമയത്ത് തിരിച്ചടവ് നടത്തുക, പലിശ നൽകുക, ആവശ്യമായ രേഖകൾ സമർപ്പിക്കുക തുടങ്ങിയ ബാങ്കിന്റെ നിബന്ധനകൾ കമ്പനി പാലിച്ചില്ല. ഇതോടെ 2019 സെപ്റ്റംബർ 30ന് ഈ അക്കൗണ്ട് നിഷ്ക്രിയ ആസ്തിയായി (NPA) പ്രഖ്യാപിച്ചു.
2016 ഏപ്രിൽ മുതൽ 2019 ജൂൺ വരെയുള്ള കാലയളവിൽ അക്കൗണ്ടുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ വായ്പയെടുത്ത ഫണ്ടുകൾ മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റി ഉപയോഗിച്ചതായി കണ്ടെത്തി. കടം വാങ്ങിയ കമ്പനിയുടെ പ്രൊമോട്ടർമാരും ഡയറക്ടർമാരും എന്ന നിലയിൽ പ്രതികൾ അക്കൗണ്ടുകളിൽ കൃത്രിമം കാണിച്ച് പണം വഞ്ചനാപരമായി ദുരുപയോഗം ചെയ്തു. വായ്പ നൽകിയ ആവശ്യത്തിന് അല്ലാതെ മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റുകയും ചെയ്തതായാണ് ബാങ്ക് ആരോപിക്കുന്നത്. ഇതിനെത്തുടർന്നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here