മകന്റെ മരണത്തിൽ അച്ഛനും അമ്മയും പ്രതിപ്പട്ടികയിൽ; മുൻ മന്ത്രിയും ഡിജിപിയും സിബിഐ വലയിൽ

പഞ്ചാബിലെ മുൻ ഡിജിപി മുഹമ്മദ് മുസ്തഫ, അദ്ദേഹത്തിന്റെ ഭാര്യയും മുൻ മന്ത്രിയുമായ റസിയ സുൽത്താന എന്നിവർക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഹരിയാനയിലെ പഞ്ച്കുളയിൽ ഒക്ടോബർ 16നാണ് ഇവരുടെ മകനായ 35 വയസുള്ള അഖിൽ അഖ്തറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്.
അഖിലിന്റെ അച്ഛൻ അമ്മ ഭാര്യ സഹോദരി എന്നിവർക്കെതിരെയാണ് കേസ്.
കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സിബിഐ കേസെടുത്തിരിക്കുന്നത്. മരിച്ച അഖിലും കുടുംബാംഗങ്ങളും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി എഫ്ഐആറിൽ പറയുന്നു. താൻ കൊല്ലപ്പെടുമെന്നോ കള്ളക്കേസിൽ കുടുക്കപ്പെടുമെന്നോ ആരോപിച്ച് അഖിൽ ഓഗസ്റ്റ് 27ന് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
അഖിലിന്റെ ഭാര്യയും അച്ഛനും തമ്മിലുള്ള അവിഹിത ബന്ധം താൻ കണ്ടെത്തിയെന്നും, അമ്മയും സഹോദരിയും ഉൾപ്പെടെയുള്ള കുടുംബം തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തുകയാണെന്നും അഖിൽ വീഡിയോയിൽ പറഞ്ഞിരുന്നു. പഞ്ച്കുള പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഹരിയാന സർക്കാർ സിബിഐക്ക് കൈമാറുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here