വിജയ്ക്ക് വീണ്ടും സിബിഐയുടെ സമൻസ്; രണ്ടാം ഘട്ട ചോദ്യം ചെയ്യൽ നാളെ

കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്ക് വീണ്ടും സിബിഐയുടെ സമൻസ്. നാളെ രാവിലെ ഡൽഹിയിലെ സിബിഐ ഓഫീസിൽ ചോദ്യം ചെയ്യാൻ ഹാജരാകാനാണ് നിർദ്ദേശം. ഇതിനായി വിജയ് ഇന്ന് വൈകുന്നേരം ഡൽഹിയിലേക്ക് തിരിക്കും.

2025 സെപ്റ്റംബർ 27ന് കരൂരിൽ നടന്ന ടിവികെ രാഷ്ട്രീയ പ്രചാരണ പരിപാടിക്കിടെയുണ്ടായ വൻ തിരക്കിൽപ്പെട്ട് 41 പേർ മരിച്ചിരുന്നു. ഈ സംഭവത്തിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് സിബിഐ അന്വേഷണം നടക്കുന്നത്.

ഈ മാസം 12ന് വിജയ് സിബിഐക്ക് മുന്നിൽ ഹാജരായിരുന്നു. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിൽ വിജയ് എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി. പരിപാടിയുടെ സംഘാടകർ ആര്?, ക്രമീകരണങ്ങളെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നോ?, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എന്ത് നടപടികൾ സ്വീകരിച്ചു? തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും സിബിഐ ചോദിച്ചത്.

പാർട്ടി ജനറൽ സെക്രട്ടറി ബസി ആനന്ദ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ സിബിഐ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. പൊങ്കൽ അവധിക്ക് ശേഷമാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായാണ് വിജയിനെ വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ ആരുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്ന് വ്യക്തമാക്കാനാണ് സിബിഐ ശ്രമിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top