മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ കേന്ദ്രഏജന്‍സിയുടെ നോട്ടീസ് ലഭിക്കാത്തത് ഭാര്യ കമലയ്ക്ക് മാത്രം; ഒരു കേസിലും നടപടി മുന്നോട്ട് പോകുന്നില്ല എന്നത് പ്രത്യേകത

കേന്ദ്ര ഏജന്‍സികളുടെ നടപടികളെ വേട്ടയാടല്‍ എന്നാണ് സിപിഎം എല്ലാകാലത്തും വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് മസലാ ബോണ്ടില്‍ ഫെമ നിയമംലംഘിച്ചതിന് ഇഡി നോട്ടീസ് ലഭിക്കുമ്പോഴും ഇതേ നിലപാട് പറഞ്ഞാണ് സിപിഎം പ്രതികരണങ്ങള്‍. കൂടാതെ തിരഞ്ഞെടുപ്പ് കാലത്ത് പ്രതീക്ഷിച്ചിരുന്ന രാഷ്ട്രീയ പ്രതികാര നടപടി എന്ന് പറഞ്ഞ് ലഘൂകരിക്കുകയും ചെയ്യുന്നു.

എന്നാല്‍ രാഷ്ട്രീയ പ്രതികാരം നടപടി എന്ന് പറയുന്ന കേന്ദ്ര ഏജന്‍സികളുടെ നോട്ടീസുകള്‍ മുഖ്യമന്ത്രിയേയും കുടുംബത്തേയും വല്ലാതെ വലയ്ക്കുന്നുണ്ട്. ക്ലിഫ് ഹൗസില്‍ കേന്ദ്രഏജന്‍സിയുടെ നോട്ടീസ് ലഭിക്കാത്തത് മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്ക്ക് മാത്രമാണ്. രണ്ട് മക്കള്‍ക്കും ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചവരാണ്. മകള്‍ വീണയാകട്ടെ ഒന്നിലധികം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണപരിധിയിലാണ്.

ALSO READ : മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്; മസാലബോണ്ടില്‍ ഫെമ നിയമം ലംഘിച്ചു എന്ന് കേന്ദ്രഏജന്‍സി

പിണറായി വിജയന് കുരുക്കായി എല്ലാകാലത്തും ഉള്ള ലാവ്‌ലിന്‍ കേസ് ഇപ്പോഴും സജീവമാണ്. പിണറായിയെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയതിന് എതിരെ സിബിഐ നല്‍കിയ അപ്പീല്‍ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പലതവണ മാറ്റിവച്ച് കേസ് ഇപ്പോഴും അനന്തമായി നീളുന്നു. ഇതുകൂടാതെ നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍ തട്ടിപ്പ്, സിഎംആര്‍എല്‍ മാസപ്പടി എന്നിങ്ങനെ കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ മുഖ്യമന്ത്രിയും ആരോപണ നിഴലിലാണ്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി ഒന്നിലധികം കേന്ദ്രഏജന്‍സികളുടെ അന്വേഷണം നേരിടുകയാണ്. വീണയുടെ കമ്പനിയായ എക്‌സാലോജിക്‌സുമായി ബന്ധപ്പെട്ടാണ് കേസുകള്‍. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന മാസപ്പടി ആരോപണത്തില്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുകയാണ്. ഈ കേസില്‍ വീണയെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ALSO READ : ലാവലിന്റെ വഴിയേ മാസപ്പടി കേസും ? കേന്ദ്ര ഏജന്‍സിയുടെ അഭിഭാഷകര്‍ ഹാജരായില്ല; പരിഗണിക്കുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റി

മുഖ്യമന്ത്രിയുടെ മകന്‍ വിവേക് വിജയന് ലാവലിന്‍ കേസില്‍ ഇഡി സമന്‍സ് ലഭിച്ചിരുന്നു. ലാവ്ലിന്‍ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നല്‍കി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്. 2023 ഫെബ്രുവരി 14-ന് രാവിലെ 10:30-ന് ഇ.ഡി.യുടെ കൊച്ചി ഓഫീസില്‍ ഹാജരാകണം എന്നായിരുന്നു ഇഡി സമന്‍സിലെ ആവശ്യം. എന്നാല്‍ വിവേക് കിരണ്‍ ഹാജരായില്ല എന്നാണ് വിവരം.

ഇങ്ങനെ നിരവധി അന്വേഷണങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും കാര്യമായ നടപടി നടന്നു എന്ന് ഒരു കേസിലും പറയാന്‍ കഴിയില്ല. നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ അറസ്റ്റിലായിട്ടും കേന്ദ്ര ഏജന്‍സികള്‍ ഒരുഘട്ടത്തില്‍ പോലും സെക്രട്ടറിയേറ്റിലേക്കോ ക്ലിഫ് ഹൗസിലേക്കോ അന്വേഷണവുമായി എത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്തെ നോട്ടീസ് അയക്കലില്‍ നടപടികള്‍ ഒതുങ്ങുകയാണ്. അതുപോലെ തന്നെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എസി മൊയ്തീന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് എതിരായ ഇഡിയുപടെ അന്വേഷണവും കാര്യമായി മുന്നോട്ടു പോയിട്ടില്ല. അതുകൊണ്ട് തന്നെയാണ് ബിജെപി – സിപിഎം അന്തര്‍ധാര എന്ന പ്രതിപക്ഷ ആരോപണം സജീവമാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top