ക്രൈസ്തവർക്ക് വീണ്ടും തിരിച്ചടി; വേള്‍ഡ് വിഷന്‍ ഇന്ത്യയുടെ FCRA ലൈസന്‍സ് റദ്ദാക്കി; 30ലക്ഷം കുഞ്ഞുങ്ങളുടെ ക്ഷേമപരിപാടികൾ അവതാളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ സന്നദ്ധ സംഘടനയായ(NGO) വേള്‍ഡ് വിഷന്‍ ഇന്ത്യക്ക് വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. വിദേശ സംഭാവന നിയന്ത്രണ നിയമ ( Foregin Contribution Regulation Act – FCRA) പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്കു മാത്രമേ വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ അനുമതിയുള്ളു. വേള്‍ഡ് വിഷന്റെ FCRA ലൈസന്‍സ് റദ്ദ് ചെയ്തതിന് പ്രത്യേക കാരണങ്ങളൊന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

വേള്‍ഡ് വിഷന്‍ ഇന്ത്യയ്ക്ക് FCRA അനുമതി നിഷേധിച്ചതോടെ ഇവര്‍ നടത്തിവന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വഴിമുട്ടി. 2022 നവംബറിലും സംഘടനയ്ക്ക് 180 ദിവസത്തേക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇരുപതിനായിരം സന്നദ്ധ സംഘടനകളുടെ FCRA ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവ സഭാ വിഭാഗങ്ങളുടെ കീഴിലുള്ള എന്‍ജിഒകളാണ്.

30 ലക്ഷത്തിലധികം കുഞ്ഞുങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വേള്‍ഡ് വിഷന്‍ ഇന്ത്യ. 22 സംസ്ഥാനങ്ങളിലായി സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംഘടന നേതൃത്വം നല്‍കുന്നുണ്ട്. ഒട്ടുമിക്ക സര്‍ക്കാരുകളുമായി ചേര്‍ന്നാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

ആഭ്യന്തര സംഭാവനകള്‍ കൊണ്ട് മാത്രം ഇത്ര ബൃഹത്തായ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാ നാവില്ലന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്ത് പ്രവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനയാണ് വേള്‍ഡ് വിഷന്‍ ഇന്ത്യ.

2022 ല്‍ 170 കോടി രൂപയാണ് വേള്‍ഡ് വിഷന്‍ ഇന്ത്യക്ക് വിദേശ സംഭാവനയായി ലഭിച്ചത്. അമേരിക്ക ആസ്ഥാനമായ വേള്‍ഡ് വിഷന്‍ എന്ന ക്രിസ്ത്യന്‍ സംഘടന 100 രാജ്യങ്ങളിലായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. 1986 മുതല്‍ FCRA ലൈസന്‍സുള്ള സംഘടനയാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top