ജയിലിലെ ഡാൻസ് പാർട്ടിയിൽ ഉദ്യോഗസ്ഥർക്ക് കുരുക്ക്; ചുമതല ഐപിഎസ് ഉദ്യോഗസ്ഥന്; നടപടിയെടുത്ത് മന്ത്രി

ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച ഞെട്ടിക്കുന്ന വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ കർണാടക ജയിൽ വകുപ്പിൽ വൻ അഴിച്ചുപണി. തടവുകാർക്ക് വിഐപി പരിഗണനയും ജയിലിനുള്ളിൽ മദ്യസൽക്കാരവും മൊബൈൽ ഫോൺ ഉപയോഗവും അനുവദിച്ചതിന്റെ വീഡിയോകളാണ് വിവാദമായത്. സംഭവത്തെ തുടർന്ന് കർണാടക ആഭ്യന്തര മന്ത്രി ഗംഗാധരയ്യ പരമേശ്വര രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു.

ജയിൽ സുപ്രണ്ട് മൈഗേരി, അസിസ്റ്റന്റ് സുപ്രണ്ട് അശോക് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ചീഫ് സൂപ്രണ്ട് കെ സുരേഷിനെ സ്ഥലം മാറ്റി. സംസ്ഥാനത്തെ എല്ലാ ജയിലുകളുടെയും പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി. ഈ സമിതി ഒരു മാസത്തിനകം വിശദമായ റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. ജയിലിൽ അഞ്ച് വർഷത്തിലധികം സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, സെൻട്രൽ ജയിലിന്റെ ചുമതല ഒരു ഐപിഎസ് ഉദ്യോഗസ്ഥനു കൈമാറി.

ജയിലിലെ സുരക്ഷാ വീഴ്ച വ്യക്തമാക്കുന്ന അഞ്ചോളം വീഡിയോകലാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. തടവുകാർ മദ്യപിക്കുകയും നൃത്തം ചെയ്യുകയും മൊബൈൽ ഫോൺ ഉപയോഗിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. ഗ്ലാസുകളിൽ മദ്യം, അരിഞ്ഞ പഴങ്ങൾ, വറുത്ത കപ്പലണ്ടി എന്നിവയുൾപ്പെടെയുള്ള പാർട്ടി സൗകര്യങ്ങളാണ് ജയിലിനുള്ളിൽ ഒരുക്കിയിരുന്നത്.

ഭീകര സംഘടനയായ ഐഎസിന്റെ റിക്രൂട്ടറായ സുഹൈബ് ഹമീദ് ഷക്കീൽ മന്ന ഫോൺ ഉപയോഗിച്ച് ചാറ്റ് ചെയ്യുന്നതും ചായ കുടിക്കുന്നതും വീഡിയോയിൽ കാണാം. 18ഓളം ബലാത്സംഗ കൊലപാതക കേസുകളിൽ പ്രതിയായ ഉമേഷ് റെഡ്ഡി രണ്ട് ആൻഡ്രോയിഡ് ഫോണുകളും ഒരു കീപാഡ് മൊബൈലും ഉപയോഗിക്കുന്നതും ടെലിവിഷൻ കാണുന്നതും വീഡിയോയിലുണ്ട്. സിസിടിവി ദൃശ്യങ്ങൾ 15 ദിവസത്തിലൊരിക്കൽ ഓഡിറ്റ് ചെയ്യാനും, മുതിർന്ന ഉദ്യോഗസ്ഥർ നിർബന്ധമായും ജയിലുകൾ സന്ദർശിച്ച് റിപ്പോർട്ട് നൽകാനും ആഭ്യന്തര മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top