വീടിനായി പണം കുഴിച്ചിടുന്ന മണ്ടന്‍ മലയാളി!! എന്തിനും സംവരണം ചോദിക്കുന്നവരെ ഉത്തേജിപ്പിക്കാന്‍ നോക്കിയ ഡോ. കെഎന്‍ രാജിന്റെ 101-ാം ജന്മദിനം

ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസ് (Centre for Development studies – CDS) സ്ഥാപകനുമായ കക്കാടന്‍ നന്ദനത്ത് രാജ് എന്ന ഡോ. കെഎന്‍ രാജ് ജീവിച്ചിരുന്നെങ്കിൽ ഇന്ന് 101 വയസ് തികഞ്ഞേനെ (1924 മെയ് 13 – 2010 ഫെബ്രുവരി 10). ഡല്‍ഹി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായിരുന്ന കാലത്താണ് മുഖ്യമന്ത്രി സി അച്യുതമേനോന്റെ ക്ഷണപ്രകാരം വിസി പദവി രാജിവെച്ച് 1971ല്‍ കേരളത്തിലേക്ക് വന്ന് സിഡിഎസ് ആരംഭിച്ചത്. രക്തവും വിയര്‍പ്പും നല്‍കി അദ്ദേഹം വളര്‍ത്തിയ ഈ സ്ഥാപനത്തില്‍ നിന്ന് കമ്യൂണിസ്റ്റുകാര്‍ രാജിനെ കുടിയൊഴിപ്പിച്ചു. രാഷ്ടീയക്കാരോടും ഭരണക്കാരോടും ‘സുഖിപ്പിക്കല്‍’ വര്‍ത്തമാനം പറയാന്‍ അറിയാത്തതു കൊണ്ട് എല്ലാവര്‍ക്കും അനഭിമതനായി. ഇന്നാരും രാജിനെ ഓര്‍ക്കുന്നില്ല. ഓര്‍ക്കാന്‍ താല്പര്യവുമില്ല.

രാജ് ഏറ്റവും കൂടുതല്‍ കലഹിക്കുകയും വര്‍ത്തമാനം പറയുകയും എഴുതുകയും ചെയ്തത് മലയാളിയുടെ അലസതയെക്കുറിച്ചും, വീട് നിര്‍മ്മാണത്തിലെ ധൂര്‍ത്തിനെക്കുറിച്ചും മലയാളിയെ മടിയനാക്കി മാറ്റിയ രാഷ്ട്രീയക്കാരെക്കുറിച്ചും ആയിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കലാകൗമുദി വാരികയില്‍ അദ്ദേഹം മുരളിയുമായി (വി മുരളിധരന്‍ നായര്‍) നടത്തിയ ആത്മകഥാംശമുള്ള സംഭാഷണത്തിലാണ് മലയാളിയെ ബാധിച്ചിരിക്കുന്ന ആര്‍ഭാട താൽപര്യം, വികസന മുരടിപ്പ്, അലസതകൾ തുടങ്ങിയ അര്‍ബുദങ്ങളെക്കുറിച്ച് ദീര്‍ഘമായി സംസാരിച്ചത്.

രാജ് ദീര്‍ഘദര്‍ശനം ചെയ്ത് നല്‍കിയ മുന്നറിയിപ്പുകള്‍ മാറിമാറി വന്ന ഭരണക്കാര്‍ കേട്ടതായി പോലും നടിച്ചില്ല. പ്ലാനിംഗ് എന്ന പേരില്‍ നടക്കുന്ന മണ്ടന്‍ പരിഷ്‌കാരങ്ങള്‍ മലയാളിയെ അപകര്‍ഷതാ ബോധത്തിന്റെ അടിമയും മേലനങ്ങി പണിയെടുക്കാത്ത ജനതയുമാക്കി മാറ്റി. ഈ അലസത നിമിത്തം കേരളം വടക്കേ ഇന്ത്യക്കാരുടെ ഗള്‍ഫായി മാറി. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്ലാനിംഗിന് നിര്‍ണായക പങ്ക് വഹിച്ച ആ മഹാനായ ആസൂത്രണ വിദഗ്ധന്‍, തന്റെ നാടിന് സംഭവിച്ചിരിക്കുന്ന ദുര്‍ഗതിയെക്കുറിച്ച് പ്രവചനതുല്യമായി പറഞ്ഞ രോഗാവസ്ഥകള്‍ ഇന്നതിന്റെ പാരമ്യത്തിലാണ്. അതേ, കേരളം വികസനത്തിന്റെ വെന്റിലേറ്ററിലാണ്.

ചങ്കിലെ ചൈന എന്നൊക്കെ പാടിനടക്കുന്ന മലയാളികള്‍ ചൈനാക്കാരന്റെ അധ്വാനശീലത്തെ മാതൃകയാക്കിയില്ലെന്ന് രാജ് തുറന്നു പറഞ്ഞു. കാടുകയറി കിടക്കുന്ന പറമ്പുകളും തരിശായി കിടക്കുന്ന പാടങ്ങളുമാണ് കേരളത്തിലുള്ളത്. എന്നിട്ട് അരിക്കായി അന്യ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്… കന്യാകുമാരി ജില്ലയില്‍ പൂ കൃഷിയുണ്ട്. കച്ചവടമുണ്ട്. എന്തേ മലയാളത്തില്‍ പൂ വിരിയില്ലേ, നമുക്കുമായിക്കൂടേ പൂക്കച്ചവടം?” അത്തപ്പൂവിടാന്‍ തമിഴന്റെ പൂക്കൂട കാത്തിരിക്കുന്ന മലയാളിയോടാണ് രാജ് ചോദിക്കുന്നത്. 40 കൊല്ലം മുമ്പ് അദ്ദേഹം ചോദിച്ച ചോദ്യം ഇന്നും ഇവിടെ മുഴങ്ങുന്നുണ്ട്. ആരും അന്നുമിന്നും അനങ്ങില്ല.

“റിസര്‍വേഷന്‍ ഒരു മനോരോഗമായി മാറിയിരിക്കുന്നു. കേരളത്തില്‍, എന്തിനും സൗജന്യങ്ങള്‍, എന്തിനും സംവരണം. അരി സംവരണം മുതല്‍ ജോലി സംവരണം വരെയുള്ള ബാക്ക്‌വേര്‍ഡ് ക്ലാസ് മെന്റാലിറ്റി നമ്മുടെ സ്ഥാപിത താല്‍പര്യങ്ങളുടെ പ്രതീകമാണ്. കേന്ദ്രം കേരളത്തെ ഒരു സംവരണ സംസ്ഥാനമായി പ്രഖ്യാപിക്കണം എന്നാണ് നമ്മുടെ ആവശ്യം. എല്ലാത്തിനും നമുക്ക് അവശതയാണ്. ഒരിക്കലും തീരാത്ത അവശത. സൗജന്യങ്ങള്‍ ചോദിക്കല്‍ മാത്രമാണ് നമ്മുടെ ജോലി. കേരളം ഒരു ലോ ഇന്‍കം സ്റ്റേറ്റ് ആണെന്നാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ നമ്മോട് പറയുന്നത്.

കേരളത്തിലെ സാധാരണ തൊഴിലാളിയുടെ ജീവിതശൈലി നിങ്ങള്‍ക്കറിയാമല്ലോ. അയാള്‍ ദരിദ്രനാണോ? 15 രൂപ ദിവസക്കൂലി വാങ്ങുന്ന തമിഴനും അടിമപ്പണി ചെയ്യുന്ന ബീഹാറിയുമുള്ള ഇന്ത്യയിലാണ് നാല്പത് രൂപ ദിവസക്കൂലി വാങ്ങുന്ന മലയാളിയുള്ളത്.” -രാജ് ഏതാണ്ട് നാല് പതിറ്റാണ്ട് മുമ്പ് പറഞ്ഞ ഈ അവസ്ഥയ്ക്ക് വല്ല മാറ്റവുമുണ്ടോ? കൂടുതല്‍ ദുരന്തത്തിലേക്കാണ് കേരളവും മലയാളിയും പൊയ്‌ക്കൊണ്ടിരിക്കുന്നത്. വീടിനു വേണ്ടി പണം കുഴിച്ചിടുന്ന മലയാളിയെപ്പോലെ പമ്പര വിഢികളെക്കുറിച്ച് ഓര്‍ത്ത് അദ്ദേഹം അന്നേ വ്യാകുലപ്പെടുന്നുണ്ട്.

“കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും കോടികള്‍ വീടുകള്‍ക്കായി കുഴിച്ചിടുന്ന മലയാളി ദരിദ്രനാണെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക. എന്ത് ധൂര്‍ത്താണിത്. കേരളത്തിന്റെ ശാലീനതയെ പോലും നശിപ്പിക്കുന്ന ധൂര്‍ത്ത്. മലയാളി വീടുകള്‍ക്കായി മുടക്കുന്ന ഈ തുകയുണ്ടല്ലോ, അത് എവിടേക്കാണ് പോവുക. കേരളത്തിന് പുറത്തേക്ക്. സിമന്റിനും കമ്പിക്കും സാനിട്ടറി, ഇലക്ട്രിക്ക് സാധനങ്ങള്‍ക്കുമായി ഈ പണം തമിഴനോ, തെലുങ്കനോ പഞ്ചാബിയോ കൊണ്ടു പോകുന്നു. അതാണ് മലയാളിയുടെ വിഢിത്തം. കൈയ്യിലുള്ള പണം വലിച്ചെറിഞ്ഞ് ഇവിടെ തൊഴിലില്ലായ്മ എന്ന് പറഞ്ഞ് ബഹളം കൂട്ടുന്നു.

“മലയാളി മടിയനായി മാറി. കേരളത്തിലെ രാഷ്ട്രീയക്കാര്‍ മലയാളിയെ മടിയനാക്കി. പണിയെടുക്കാതെ ഇരിക്കലാണ് നല്ല തൊഴിലാളിയുടെ ലക്ഷണമെന്ന് അവനെ പഠിപ്പിച്ചു. ഞാന്‍ ഓര്‍ക്കുകയാണ്, പണ്ട് ഡഹിയിലെ ഒരു സെമിനാറില്‍ ഇഎംഎസുമായുണ്ടായി തര്‍ക്കം . ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. പ്രൊഡക്റ്റിവിറ്റി (ഉല്പാദന ക്ഷമത) എന്ന വാക്കായിരുന്നു തര്‍ക്കകാരണം. പ്രൊഡക്റ്റിവിറ്റി എന്നത് വൃത്തികെട്ട വാക്കാണെന്ന് ഇഎംഎസ് പറഞ്ഞു. തൊഴിലാളിയെ ചൂഷണം ചെയ്യാനുള്ള വിദ്യ. ഞാന്‍ പറഞ്ഞു, അത് നിങ്ങളുടെ സ്ട്രാറ്റജി. ക്യാപ്പിറ്റലിസ്റ്റ് സംവിധാനം പൊളിക്കാന്‍ നിങ്ങള്‍ക്ക് തൊഴിലാളികളെ അങ്ങനെ പഠിപ്പിക്കേണ്ടി വരും. ഉല്പാദനം തകര്‍ത്തു കൊണ്ട് ക്യാപ്പിറ്റലിസത്തെ തകര്‍ക്കുക എന്ന സ്ട്രാറ്റജി വഴി ഇന്ത്യയിലെ ക്യാപ്പിറ്റലിസത്തെ പൊളിക്കാന്‍ എളുപ്പമാണ്. പക്ഷഎ നിങ്ങള്‍ സോഷ്യലിസ്റ്റ് സംവിധാനം ഉണ്ടാക്കുമ്പോഴും തൊഴിലാളി ഈ സംവിധാനം പിന്തുടരും. ഒരിക്കല്‍ ഒന്ന് പഠിപ്പിച്ചാല്‍ പിന്നെ മാറ്റിയെടുക്കുക പ്രയാസം”.

“ഇഎംഎസ് അന്ന് യോജിച്ചില്ല. ഇന്ന് എന്താ റഷ്യയിലും ചൈനയിലും നടക്കുന്നത്. ഞാന്‍ പോളണ്ടില്‍ പോയി. ഒരു ദിവസം വഴിയോരത്ത് നിന്ന് അരകിലോ പഴം വാങ്ങി. അത് അരകിലോ ഉണ്ടോ എന്ന് എനിക്ക് സംശയം തോന്നി. ഞാനത് വേറൊരിടത്ത് വെച്ച് വീണ്ടും തൂക്കി നോക്കി. കാല്‍ കിലോയേയുള്ളു. എന്താ ഇങ്ങനെ? എന്നോടൊപ്പം ഉണ്ടായിരുന്ന പോളിഷ് ഇക്കണോമിസ്റ്റുകളോട് ഞാന്‍ ചോദിച്ചു. അവര്‍ പറയുകയാണ്, ഹിറ്റ്‌ലറെ തകര്‍ക്കാന്‍ വേണ്ടി ഞങ്ങള്‍ തൊഴിലാളികളെ പഠിപ്പിച്ചു, ഉല്പാദനം വര്‍ദ്ധിപ്പിക്കുത്, കള്ളത്തരങ്ങള്‍ കാണിക്കണം, കഴിയുന്നതും പണി ചെയ്യരുത്. ഹിറ്റ്‌ലര്‍ പോയി. ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നു. പക്ഷേ, തൊഴിലാളികള്‍ പഠിച്ചത് മറക്കാന്‍ തയ്യാറായില്ല. ഹിറ്റ്‌ലര്‍ക്കെതിരെ ഉപയോഗിച്ച കമ്യൂണിസ്റ്റ് രീതി കമ്യൂണിസത്തിലും അവർ പിന്തുടര്‍ന്നു” -രാജ് പറയുന്നു.

കമ്യൂണിസ്റ്റുകാരുടെ കാപട്യങ്ങള്‍ക്ക് നേരെ നിരന്തരം രാജ് കലഹിച്ചു. ഒരിക്കല്‍ ഒരു ബന്ദ് ദിനത്തില്‍ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വച്ച് യാത്രാസൗകര്യം തടസപ്പെടുത്തിയ സിപിഎമ്മുകാരുമായി രാജ് കലഹിച്ചത് വലിയ വാര്‍ത്തയായിരുന്നു. രാജിന്റെ പ്രസക്തി തിരിച്ചറിയാന്‍ നാം വളരെ വൈകിപ്പോയി. അദ്ദേഹം പറഞ്ഞ അപ്രിയ സത്യങ്ങള്‍ കേള്‍ക്കാന്‍ മലയാളിക്ക് മനസുണ്ടായില്ല. അദ്ദേഹം മുന്‍കൂട്ടി പറഞ്ഞ വിപത്തുകള്‍ തിരിച്ചറിയാന്‍ ഏറെ വൈകിപ്പോയി. ഇന്ത്യയുടെ വികസന കുതിപ്പിന് രൂപരേഖ തയ്യാറാക്കുന്നതിന് നിര്‍ണായ പങ്ക് വഹിച്ച രാജിനെ മലയാളി സൗകര്യപൂര്‍വം ഈ ജന്മദിനത്തിലും മറന്നു പോയി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top