‘ആക്രി’ വിറ്റ് കേന്ദ്രസർക്കാർ നേടിയത് 800 കോടി; ചന്ദ്രയാൻ ചെലവിനേക്കാൾ കൂടുതൽ!

കഴിഞ്ഞ മാസം സർക്കാർ ഓഫീസുകളിലെ ‘ആക്രി’ സാധനങ്ങൾ വിറ്റഴിച്ചതിലൂടെ കേന്ദ്രസർക്കാർ നേടിയത് റെക്കോർഡ് തുക. ഒരു മാസത്തിനുള്ളിൽ 800 കോടി രൂപയാണ് ഇതിലൂടെ ഖജനാവിലെത്തിയത്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിന് ചെലവായ തുക ഏകദേശം 615 കോടിയാണ്. അതിനെക്കാൾ കൂടുതലാണ് പഴയ സാധനങ്ങൾ വിറ്റതിലൂടെ സർക്കാരിന് ലഭിച്ച ഈ തുക.
2021ലാണ് സർക്കാർ ഓഫീസുകളിലെ ഫയലുകൾ, പഴയ കസേരകൾ, കമ്പ്യൂട്ടറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഒഴിവാക്കി ശുചീകരണത്തിലൂടെ വരുമാനം കണ്ടെത്താനുള്ള പ്രത്യേക ക്യാമ്പയിൻ കേന്ദ്രം ആരംഭിച്ചത്. ഈ ക്യാമ്പയിൻ തുടങ്ങിയ ശേഷം ഇതുവരെ പഴയ സാധനങ്ങൾ വിറ്റതിലൂടെ സർക്കാരിന് ലഭിച്ച ആകെ വരുമാനം ഏകദേശം 4,100 കോടിയാണ്.
ഒക്ടോബർ 2 മുതൽ 31 വരെ നടന്ന ശുചീകരണ യജ്ഞത്തിൽ 800 കോടി രൂപയാണ് സർക്കാർ നേടിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഞ്ച് വിജയകരമായ ശുചീകരണ യജ്ഞങ്ങളാണ് കേന്ദ്രം നടത്തിയത്. ഇതിലൂടെ 928.84 ലക്ഷം ചതുരശ്ര അടി സ്ഥലം ഒഴിവായി, 166.95 ലക്ഷം ഫയലുകൾ ഒഴിവാക്കി, 4,097.24 കോടി രൂപ വരുമാനം നേടി.
അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ് (DAR&PG) വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് കേന്ദ്രമന്ത്രിമാരായ മൻസുഖ് മാണ്ഡവ്യ, കെ രാം മോഹൻ നായിഡു, ഡോ ജിതേന്ദ്ര സിംഗ് എന്നിവർ മേൽനോട്ടം വഹിച്ചു. സർക്കാർ ഓഫീസുകൾ കൂടുതൽ വൃത്തിയാക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ തുടർന്നാണ് ഈ ശുചീകരണ യജ്ഞങ്ങൾ നടപ്പാക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here