ചാണ്ടി ഉമ്മനുമുണ്ട് പറയാൻ… പിതാവിന്റെ ഓര്‍മദിവസം പാർട്ടി മാനസിക വിഷമം ഉണ്ടാക്കി; അബിന്‍ വർക്കിക്ക് പിന്തുണ

കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി തുറന്ന് പറഞ്ഞ് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പിതാവ് ഉമ്മന്‍ചാണ്ടിയുടെ ഓര്‍മദിവസം തന്നെ മാനസിക വിഷമം ഉണ്ടാക്കിയ നടപടി പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായി. തീര്‍ത്തും അപമാനിക്കുകയായിരുന്നു എന്നും ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതാണ് ചാണ്ടി ഉമ്മന്‍ ഉന്നയിക്കുന്നത്.

“എന്റെ പിതാവിന്റെ ഓര്‍മദിവസം തന്നെ സ്ഥാനത്ത് നിന്ന് നീക്കി. എനിക്ക് വളരെയേറെ മാനസിക വിഷമം ഉണ്ടാക്കിയ കാര്യമാണത്. ഒരു ചോദ്യം പോലും എന്നോട് ചോദിച്ചിട്ടില്ല. എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രാജിവെച്ച് ഒഴിഞ്ഞേനെ. അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. പുറത്താക്കിയതിന് കാരണം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. അതിപ്പോള്‍ പറയുന്നില്ല. ഒരു ദിവസം ഞാന്‍ പറയും. തിരഞ്ഞെടുപ്പ് കഴിയട്ടെ” ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ALSO READ : കെ.എസ്.യുവും, യൂത്ത് കോണ്‍ഗ്രസും പിടിച്ചെടുത്ത് സതീശന്‍; ഐഎന്‍ടിയുസിയെ അടുപ്പിക്കും; കോണ്‍ഗ്രസ് ഭരിക്കാന്‍ പറവൂരുകാരന്‍

യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കായിരുന്നു തനിക്കും നീതികേട് ഉണ്ടായി എന്ന പ്രതികരണം ചാണ്ടി ഉമ്മന്‍ നടത്തിയിരിക്കുന്നത്.
വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള ഒരു നേതാവാണ് അബിന്‍ വര്‍ക്കി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും തഴയപ്പെട്ടത് അദ്ദേഹത്തിന് വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ നമ്മളെല്ലാവരും ബാധ്യസ്ഥരാണ്. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അത് അംഗീകരിക്കും. കൂടുതല്‍ പരിഗണിക്കപ്പെടേണ്ടയാളാണ് അബിനെന്നതില്‍ ആര്‍ക്കും സംശയമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയിലാണ് പ്രതികരണം നടത്തിയതെങ്കിലും കിട്ടയ അവസരത്തില്‍ തന്റെ അതൃപ്തി തന്നെയാണ് ചാണ്ടി ഉമ്മന്‍ ഉന്നയിച്ചിരിക്കുന്നത്. ചാണ്ടി ഉമ്മനെ മുന്നില്‍ നിര്‍ത്തി എ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശ്രമങ്ങള്‍ സജീവമാണ്. അതിന്റെ കൂടി പ്രതിഫലനമാണ് ചാണ്ടി ഉമ്മന്റെ ഈ ശക്തമായ പ്രതികരണത്തില്‍ തെളിയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top