SV Motors SV Motors

പുതുപ്പള്ളിയിലെ പുതുനായകൻ, ചാണ്ടി ഉമ്മന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം പുനരാരംഭിച്ചു. പുതുപ്പള്ളി ഉപതരെഞ്ഞെടുപ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സമ്മേളനമാണ് ഇനി നാലു ദിവസം കൂടി ചേരുന്നത്. ചാണ്ടി ഉമ്മന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം 10 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ.

പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ നിയമസഭയിലെ ഇരിപ്പടം. ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം നേരത്തെ എല്‍ജെഡി എംഎല്‍എ കെ പി മോഹനന് നല്‍കിയിരുന്നു.

ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കുടുംബത്തോടൊപ്പമാണ് ചാണ്ടി ഉമ്മന്‍ സഭയില്‍ എത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ മുതിർന്ന കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ എത്തിയിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ നേടിയത്.

എൽഡിഎഫിന് നിർണായകമാകുമെന്ന് കരുതിയ അകലക്കുന്നം പഞ്ചായത്തിലും 2911 വോട്ടുകൾ അധികം നേടാൻ യുഡിഎഫിനായി. അയർക്കുന്നം പഞ്ചായത്തിലെ വോട്ടെണ്ണുമ്പോൾ ആദ്യ റൗണ്ടിൽ 2816 ഉം രണ്ടാം റൗണ്ടിൽ 2617 ഉം ആയിരുന്നു യുഡിഎഫിൻറെ ലീഡ്. 2021-ൽ നേടിയ 1293 വോട്ടിൽ നിന്ന് 5433 വോട്ടാക്കി ഭൂരിപക്ഷം ഉയർത്തിയ യുഡിഎഫ് ആദ്യ റൗണ്ടിൽ തന്നെ മുന്നോട്ടുള്ള സൂചന നൽകുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയാണ് തന്റെ ചാലകശക്തിയാണെന്ന് ചാണ്ടി ഉമ്മന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ ഇല്ലാത്ത ഒരു ദിവസം ഇല്ല. അദ്ദേഹം തന്നെ സംബന്ധിച്ച് മരിക്കുന്നില്ല. ഇവിടുത്തെ വികസനം ഉറപ്പാക്കുന്നതിനുള്ള ചാലകശക്തിയാണ് അപ്പ എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.



whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top