‘മാസപ്പടി’യിൽ മാധ്യമങ്ങൾക്ക് അപ്രതീക്ഷിത പ്രതിസന്ധി!! ഷോൺ പുറത്തുവിട്ട 12 പേരുകൾ മുക്കി; ആരും റിപ്പോർട്ട് ചെയ്യാത്ത ആ വിവരങ്ങൾ ഇതാ…

മുഖ്യന്ത്രിയുടെ മകൾ ടി വീണ പ്രതിയായ മാസപ്പടി കേസിനെ പൊതുജനമധ്യത്തിൽ ചർച്ചയാക്കിയത് മലയാളത്തിലെ മാധ്യമങ്ങളാണ്. കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളോ രാഷ്ട്രീയ എതിരാളികളായ ബിജെപിയോ പോലും കാണിക്കാത്ത വീറോടെ എല്ലാം പുറത്തെടുക്കാൻ ഉത്സാഹിച്ചത് മലയാള മനോരമ പത്രവും ഏഷ്യാനെറ്റും അടക്കം സ്ഥാപനങ്ങളാണ്. പലതും മൂടിവയ്ക്കാൻ കേന്ദ്രസർക്കാരും ബിജെപിയും, സിപിഎമ്മിനായി ഒത്തുകളിക്കുന്നു എന്നും പലപ്പോഴും മാധ്യമങ്ങൾ ആക്ഷേപം ഉയർത്തി.

ഇങ്ങനെയെല്ലാം വിഷയം സജീവമാക്കി നിർത്തിയ മാധ്യമങ്ങൾക്ക് പക്ഷെ കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് ഷോൺ ജോർജ് ഇക്കഴിഞ്ഞ ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനം വേണ്ടവിധം കൈകാര്യം ചെയ്യാൻ കഴിയാതെ പോയി. എസ്എഫ്ഐഒ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടണം എന്ന് ഷോൺ പറഞ്ഞു തുടങ്ങിയതോടെ ലൈവ് കൊടുക്കാൻ തുടങ്ങിയ ചാനലുകൾ പക്ഷെ, ഏതാനും മിനിറ്റുകൾ കൊണ്ട് അത് മതിയാക്കി അതിവേഗം മറ്റ് വാർത്തകളിലേക്ക് പോയി.

സിഎംആർഎൽ കമ്പനിക്ക് പുറമെ വീണയുടെ എക്സാലോജിക്കിന് പണം നൽകിയ മറ്റ് 12 കമ്പനികളുടെ കൂടി പേരുകൾ ഷോൺ ജോർജ് വാർത്താ സമ്മേളനത്തിൽ പറയാൻ ഒരുങ്ങിയതാണ് ചാനലുകളെ അപ്രതീക്ഷിത പ്രതിസന്ധിയിൽ എത്തിച്ചത്. ഈ കമ്പനികളിൽ പലരും കേരളത്തിലെ മാധ്യമങ്ങൾക്ക് പതിവായി പരസ്യം നൽകുന്നവരിൽ പ്രമുഖരാണ്. വീണയുടെ കേസുമായി ബന്ധപ്പെടുത്തി പോലും ഈ കമ്പനികളുടെ പേരുകൾ വാർത്തയിൽ പരാമർശിക്കാൻ ഇവർക്കെല്ലാം വിലക്കുണ്ട്.

എക്സാലോജിക്കിന് പണം നൽകിയിട്ടുള്ള മറ്റ് സ്ഥാപനങ്ങൾ ഇവയാണ്. സാൻ്റാ മോണിക്ക (62,50,000 രൂപ), ഇസ്ലാം ഓർഫനേജ് ട്രസ്റ്റ് (16,90,000 രൂപ), ശ്രീകൃഷ്ണ ഐടെക് ആൻ്ഡ് മാനേജ്മെൻ്റ് സൊല്യൂഷൻസ് ലിമിറ്റഡ് (24,00,000 രൂപ), കെഎംസിടി കോളജ് (10,80,000 രൂപ), കടമ്പൂർ ഇംഗ്ലീഷ് സ്കൂൾ, ഐഡിയൽ എഡ്യൂക്കേഷൻ സൊസൈറ്റി, നിംസ് മെഡിസിറ്റി, സരസ്വതി വിദ്യാലയ, ഇസ്ലാം ഇഖ്റ ഇംഗ്ലീഷ് സ്കൂൾ, ഇസ്ലാം ന്യൂ ഹോപ് സ്കൂൾ, സിഎസ്ഐ ഇൻസ്റ്റിറ്റ്യൂഷൻസ്.

മലയാളത്തിൽ ഇതാദ്യമായി മാധ്യമ സിൻഡിക്കറ്റ് ആണ് ഈ പേരുകൾ പുറത്തുവിടുന്നത്. ചില പേരുകളിൽ വ്യക്തതക്കുറവുണ്ട് എങ്കിലും രേഖകളിലുള്ളത് അതുപടി റിപ്പോർട്ട് ചെയ്യുകയാണ് ഉചിതം എന്നതിനാൽ മറ്റ് വഴികളിൽ അന്വേഷിച്ച് വ്യക്തതയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. വലിയ തുകകൾ നൽകിയിട്ടുള്ളവയാണ് പേരിനൊപ്പം ബ്രാക്കറ്റിൽ കൊടുത്തിട്ടുള്ളത്. ചെറിയ തുക നൽകിയിട്ടുള്ള സ്കൂളുകൾക്ക് എക്സാലോജിക്കിൻ്റെ എഡ്യൂക്കേഷണൽ സോഫ്റ്റ് വെയർ നൽകിയിട്ടുണ്ട് എന്ന സൂചന എസ്എഫ്ഐഒ റിപ്പോർട്ടിലുണ്ട്.

വീണയുടെ കമ്പനിയായ എക്സാലോജിക്കിന് സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസംതോറും നിശ്ചിത തുക നൽകുന്നു എന്ന വിവരം പുറത്തുവിട്ട മലയാള മനോരമയാണ് ‘മാസപ്പടി’ എന്ന് ഈ കേസിനെ ആദ്യമായി വിളിച്ചത്. സിഎംആർഎൽ നടത്തിയ ക്രമക്കേടുകൾ തീർപ്പാക്കിയ ആദായനികുതി ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ റിപ്പോർട്ട് ആയിരുന്നു ആ വാർത്തക്ക് അടിസ്ഥാനം. ഏറ്റവും ഒടുവിൽ എസ്എഫ്ഐഒ കോടതിയിൽ നൽകിയ കുറ്റപത്രം അടക്കം രേഖകൾ പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു.

Also Read: ഷൈൻ ടോമിനെ അറസ്റ്റ് ചെയ്തിട്ടില്ല !! വ്യാജവാർത്ത സൃഷ്ടിച്ചത് ഒരു ചാനൽ, പത്രങ്ങളടക്കം ഏറ്റുപിടിച്ചു; ഇനിയും തിരുത്തില്ല

ഈ വിഷയത്തിൽ ഷോൺ ജോർജ് നേരത്തെ നടത്തിയ പ്രസ് മീറ്റെല്ലാം ഉടനീളം ലൈവ് കൊടുത്തിട്ടുള്ള ഒരു ചാനലും ശനിയാഴ്ചത്തെ വാർത്താ സമ്മേളനം അതുപോലെ കവർ ചെയ്തില്ല. കോഴിക്കോട് മെഡിക്കൽ കോളജിലെ തീപ്പിടുത്തത്തിൽ ആരോഗ്യമന്ത്രി വാർത്താസമ്മേളനം നടത്തിയ അതേ സമയത്ത് തന്നെയായിരുന്നു ഷോണും നടത്തിയത്. മന്ത്രിയുടെ ലൈവ് കട്ടുചെയ്ത് പലരും ഇതിലേക്ക് വന്നെങ്കിലും വിഷയത്തിൻ്റെ ‘ഗൗരവം’ മനസിലാക്കി ഉടൻ പിൻവലിഞ്ഞു. പത്രങ്ങളും സമാന പ്രതിസന്ധിയിൽ തന്നെയായിരുന്നു.

സമയത്ത് ലൈവ് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രധാന പ്രസ് മീറ്റെല്ലാം പിന്നീട് യൂട്യൂബിൽ അപ് ലോഡ് ചെയ്യുന്ന പതിവുണ്ടെങ്കിലും അതും ഷോണിൻ്റെ കാര്യത്തിൽ പല ചാനലുകളും ചെയ്തിട്ടില്ല. മൂന്നോ നാലോ മിനിറ്റുള്ള ക്ലിപ്പുകൾ അപ് ലോഡ് ചെയ്ത ചുരുക്കം ചിലർ പോലും അതിൽ വീണയുടെ സഹകാരികളായ കമ്പനികളുടെ പേരുള്ള ഭാഗം കൃത്യമായി ഒഴിവാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. വീണയുടെയും എക്സാലോജിക്കിൻ്റെയും സഹകാരികൾ എല്ലാവരുടെയും സഹകാരികളാണെന്ന് ചുരുക്കം.

Also Read: ‘മാസപ്പടി’ നിഴലിലുള്ള സ്ഥാപനത്തിന് സിൻഡിക്കറ്റ് പ്രാതിനിധ്യം; ഡോ.റെനി സെബാസ്റ്റ്യന്‍റെ നിയമനം പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് പരാതി

സിഎംആർഎൽ കഴിഞ്ഞാൽ എക്സാലോജിക്കിന് ഏറ്റവുമധികം തുക നൽകിയിട്ടുള്ള സാൻ്റാ മോണിക്കയുടെ ഡയറക്ടറായ ഡോ റിനി സെബാസ്റ്റ്യനെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സിൻഡിക്കറ്റിലേക്ക് 2024 ജനുവരിയിൽ നോമനേറ്റ് ചെയ്തിരുന്നു. വിദ്യാർത്ഥികളെ വിദേശ പഠനത്തിനായി റിക്രൂട്ട് ചെയ്യുന്ന സ്ഥാപനത്തിൻ്റെ പ്രതിനിധിക്ക് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പദവി അനുവദിക്കുന്നതിന് എതിരെ പരാതിയുണ്ടായി എങ്കിലും അന്നും മുൻനിര മാധ്യമങ്ങളൊന്നും അറിഞ്ഞതായി പോലും നടിച്ചില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top